IPL ഭൂമിയില്‍; ആകാശത്തു ട്രാഫിക് ജാം
മുംബൈ
ഐപിഎല്‍ ക്രിക്കറ്റിന്‍റെ ആവേശം ഭൂമിയില്‍ മാത്രമല്ല, ആകാശത്തേക്കും. ചാര്‍ട്ടേഡ് ഹെലികോപ്റ്ററുകളെക്കൊണ്ട് രാജ്യത്തിന്‍റെ ആകാശപാതകള്‍ പൊറുതിമുട്ടുകയാണത്രെ.
ഐപിഎല്‍ മൂന്നാം സീസണിലെ ആദ്യ മത്സരം നടന്ന ദിവസം ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്ക് മഹാലക്ഷ്മി റെയ്സ്കോഴ്സ്, ജൂഹു എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍നിന്നു രണ്ടു മണിക്കൂറിനുള്ളില്‍ പറന്നത് നൂറ്റമ്പതിലേറെ കോപ്റ്ററുകള്‍.
കൊമേഴ്സ്യല്‍ വിമാനങ്ങളുടെ ആധിക്യമുള്ള മുംബൈയുടെ ആകാശത്ത് ഹെലികോപ്റ്റര്‍ യാത്ര അത്ര എളുപ്പമല്ല. വ്യോമപാതകള്‍ മുറിച്ചുകടക്കാനുണ്ടെങ്കില്‍ ചോപ്പറുകള്‍ പുറപ്പെടാന്‍ കാത്തിരുന്നേ മതിയാകൂ. എന്നാല്‍, ജൂഹുവിലെയും മുംബൈയിലെയും വിമാനത്താവള അധികൃതരുടെ സഹകരണമുണ്ടായിരുന്നതിനാല്‍, ഐപിഎല്‍ ഉദ്ഘാടന ദിവസം ഒറ്റ ചോപ്പര്‍ പോലും വൈകിയില്ല.
ഇതുവരെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയേറെ സര്‍വീസുകള്‍ നടത്തേണ്ടിവന്നിട്ടില്ലെന്ന് എക്സിക്യൂട്ടിവ് എയര്‍വേയ്സിന്‍റെ പ്രദീപ് തമ്പി പറയുന്നു. അഞ്ചോ ആറോ യാത്രക്കാരെ വീതം കയറ്റി എക്സിക്യൂട്ടിവിന്‍റെ ആറു ഹെലികോപ്റ്ററുകള്‍ സര്‍വീസ് നടത്തിയിരുന്നു.
ജൂഹുവില്‍നിന്നു പറന്നുയരുന്ന കോപ്റ്ററുകള്‍ എട്ടു മുതല്‍ 16 വരെ കിലോമീറ്റര്‍ വടക്കോട്ടു പറന്ന് വെസ്റ്റേണ്‍ റെയ്ല്‍വേ ട്രാക്കിനു മുകളിലെത്തും. മുംബൈ വിമാനത്താവളത്തിന്‍റെ റഡാര്‍ കണ്‍ട്രോളര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അവിടെനിന്നു സ്റ്റേഡിയത്തിലേക്കു പോകുന്നത്.
ഐപിഎല്ലിനു പിന്നാലെ, കോമണ്‍വെല്‍ത്ത് ഗെയിംസും നടക്കാനിരിക്കെ വ്യോമയാനമേഖല പ്രതീക്ഷയിലാണ്. ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുകളില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. ഓരോ യാത്രയ്ക്കും 85,500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണു ചെലവ്. ഒന്നിലധികം പേര്‍ കോപ്റ്ററിലുണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ചെലവു വഹിച്ചാല്‍ മതിയാകും.
ഐപിഎല്‍ ഉദ്ഘാടന ദിവസത്തെ വന്‍ എയര്‍ ട്രാഫിക്ക് ഒരു ട്രെന്‍ഡ് സെറ്ററാകുമെന്നാണ് റോട്ടറി വിങ് സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്‍റ് ക്യാപ്റ്റന്‍ ഉദയ് ഗെല്ലിയുടെ അഭിപ്രായം. കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സമയത്ത് ഡല്‍ഹിയും സമാനമായ ആകാശത്തിരക്കിനു സാക്ഷ്യം വഹിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
മുംബൈയില്‍ ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും പറത്താന്‍ മാത്രമായി പ്രത്യേക ആകാശ ഇടനാഴികള്‍ തന്നെ നിശ്ചയിച്ചു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതോടെ കോപ്റ്റര്‍ സര്‍വീസ് കൂടുതല്‍ അനായാസമാകുമെന്നാണു കരുതുന്നത്.
Close...
Maximum Character Allowed -
4000