സ്വപ്നസൗധം നിര്‍മിച്ചവര്‍ക്കു കരുണാനിധിയുടെ വിരുന്ന്
ചെന്നൈ
തമിഴ്നാടിന്‍റെ അഭിമാനമായ പുതിയ നിയമസഭാ മന്ദിരം തുറന്നതിന്‍റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ വിരുന്ന്. മന്ദിര നിര്‍മാണം സമയത്തിനു മുന്‍പു തീര്‍ക്കുന്നതിനു പ്രയത്നിച്ച കോണ്‍ട്രാക്റ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണു മുഖ്യമന്ത്രി ഇന്നലെ പുതിയ നിയമസഭാ മന്ദിര വളപ്പില്‍ വിരുന്നൊരുക്കിയത്.
വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കിയ വിരുന്നില്‍ മുഖ്യമന്ത്രി നേരിട്ട് എല്ലാവര്‍ക്കും ഭക്ഷണപ്പൊതി നല്‍കി. ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു തൊഴിലാളികള്‍. പ്രാദേശികവാദം ശക്തമാകുന്ന ഇക്കാലത്ത് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് തമിഴ് വാദം മുറുകെപിടിക്കുന്ന ഒരു കക്ഷിയുടെ നേതാവു തന്നെ സദ്യയൊരുക്കിയത് വ്യത്യസ്തതയായി.
ചടങ്ങില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ പ്രവര്‍ത്തന മികവിനെ പ്രകീര്‍ത്തിക്കാന്‍ കരുണാനിധി മറന്നില്ല. തമിഴ് പാട്ടുകള്‍ ആസ്വദിച്ച് തമിഴര്‍ക്കൊപ്പം ജീവിച്ച തൊഴിലാളികള്‍ മാതൃകയാണെന്നു കരുണാനിധി പറഞ്ഞു. താന്‍ ഒരു ഭാഷയ്ക്കും എതിരല്ലെന്നും ഭാഷകളുടെ അധീശത്വത്തെയാണ് എതിര്‍ക്കുന്നതെന്നും കരുണാനിധി.
കനിമൊഴിയുടെ നേതൃത്വത്തിലുള്ള “ചെന്നൈ സംഗമം’ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ചടങ്ങിനു കൊഴുപ്പേകി. 10,000ത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വപ്ന പദ്ധതിക്കു വേണ്ടി പ്രയത്നിച്ച പിഡബ്ല്യുഡി സെക്രട്ടറി രാമസുന്ദരം, അദ്ദേഹത്തിന്‍റെ മുന്‍ഗാമി ആദിശേഷയ്യ, ഇസിസിഐ എംഡി മുസ്തഫ, പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ കരുണാകരന്‍, ജിഎംപി ആര്‍ക്കിടെക്റ്റിലെ ക്രിസ്ത്യന്‍ എന്നിവര്‍ക്കു മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.
തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ആര്‍. ആവുഡിയപ്പന്‍, ഉപ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മന്ത്രിമാരായ ആര്‍ക്കോട്ട് വീരസ്വാമി, ദുരൈ മുരുകന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആണ് നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്.
Close...
Maximum Character Allowed -
4000