Thursday, February 09, 2012   7:55 AM IST
Supplements
Home>> News>> Kerala News
Kerala News
ചര്‍ച്ചയാകുന്ന നാടകങ്ങള്‍
Monday, March 15, 2010
|
|
|
ആര്‍. റിന്‍സ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനത്തെ നാടക പ്രേമികള്‍ ഇന്ത്യയെ അടുത്തറിയുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ദേശീയ നാടകോത്സവമാണു വേദി. അനന്തപുരിയില്‍ ചര്‍ച്ചയാകുകയാണ് ഈ നാടകങ്ങളും അതിന്‍റെ ഇതിവൃത്തവും ഒക്കെ. കേരളത്തിനകത്തും പുറത്തുമുള്ള ജീവിതപരിസരങ്ങളെക്കുറിച്ചു മലയാളി കൂടുതല്‍ അറിയുന്നു. സമൂഹവും കുടുംബവും രാഷ്ട്രീയവും പ്രണയവുമെല്ലാം അവിടെ വിഷയങ്ങളാകുന്നു. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ ആറാമതു ദേശീയ നാടകോത്സവം സ്വീകരിച്ച വിഷയങ്ങളുടെ തീവ്രത കൊണ്ടു ശ്രദ്ധേയമാകുന്നു. ഇതിനകം ഒന്‍പതു നാടകങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇനി നാലെണ്ണം കൂടി. മലയാളി എല്ലാ കാലവും നെഞ്ചോടു ചേര്‍ത്ത നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അവനവന്‍ കടമ്പ എന്നിവയൊക്കെ വരും ദിനങ്ങളില്‍ ടാഗോര്‍ തീയറ്ററിലെ വേദിയിലെത്തും.

മലയാളത്തിനു പുറമേ മറാത്തി, പഞ്ചാബി, മണിപ്പൂരി, ഹിന്ദുസ്ഥാനി ഭാഷകളിലെ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. വിശ്വപ്രസിദ്ധ നാടകകൃത്ത് ഹെന്‍ട്രിക് ഇബ്സന്‍റെ ലേഡി ഫ്രം ദ് സീ എന്ന നാടകത്തെ ആസ്പദമാക്കി എം.ജി ജ്യോതിഷ് സംവിധാനം ചെയ്ത സാഗരകന്യക എന്ന നാടത്തോടെയാണു നാടകോത്സവത്തിനു തുടക്കമായത്. കുടുംബത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍, അതിന്‍റെ ഉത്തരവാദിത്വങ്ങളില്‍പ്പെട്ടുഴലുന്ന സ്ത്രീയുടെ ധര്‍മസങ്കടങ്ങളിലൂന്നിയാണു സാഗരകന്യകയുടെ പ്രയാണം. പലരും പലരീതിയിലും ഉപയോഗപ്പെടുത്തുന്ന സ്ത്രീയുടെ ശരീരത്തിനപ്പുറം മനസിന്‍റെ ഉള്ളറകളിലേക്കുള്ള സഞ്ചാരമായിരുന്നു ഈ നാടകം.

രണ്ടാം ദിനം രംഗ്മാലാ നാടക് മണ്ഡലി അവതരിപ്പിച്ച ദല്‍പത്സിങ് യതി ഗാവ എന്ന മറാത്തി നാടകം അഴിമതിക്കെതിരായ പോരാട്ടമാണ് തുറന്നുകാട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതിനു കാരണമായ അരുണ റോയിയുടെ സമരത്തെ ആധാരമാക്കിയാണ് ഈ നാടകം രചിച്ചിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ദല്‍പത് സിങ് റാവത്ത് മഹരാഷ്ട്രയിലെ തീരെച്ചെറിയ ഒരു ഗ്രാമത്തിലേക്കു വരുമ്പോള്‍ കാണുന്നത് അവിടത്തെ ഗ്രാമമുഖ്യന്‍റെ അഴിമതികൊണ്ടു പൊറുതിമുട്ടിയ സാധാരണക്കാരായ ഗ്രാമീണരെയാണ്. അവരുടെ വേദനകള്‍ കണ്ടപ്പോള്‍ തന്‍റെ സ്വന്തം ഗ്രാമമാണു ദല്‍പത് സിങിന്‍റെ മനസിലേക്ക് ഓടിയെത്തിയത്. ഗ്രാമീണരെ ഒരുമിപ്പിക്കാന്‍ അയാള്‍ ഒരുങ്ങുന്നു. സ്വന്തം ഗ്രാമത്തിലെ ജന്മിമാര്‍ക്കെതിരേ നടന്ന സമരങ്ങളുടെ കഥ അവരോട് അദ്ദേഹം വിവരിക്കുന്നു. അതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ജനത ഗ്രാമമുഖ്യനെതിരേ പോരാട്ടം ആരംഭിക്കുന്നതും കെട്ടിപ്പൂട്ടിവെച്ച ഔദ്യോഗിക രഹസ്യനിയമങ്ങളോരോന്നും ജനങ്ങളുടെ സമീപത്തേക്കെത്തുന്നതുമാണ് ദല്‍പത് സിങ് ഗ്രാമത്തിലേക്കു വരുന്നു എന്ന നാടകം പ്രേക്ഷകനുമായി സംവേദിച്ചത്.

മറാത്തി നാടോടി സംഗീതം ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു എന്നതും നാടകത്തിന്‍റെ പ്രത്യേകത. മറാത്തി നാടകപ്രസ്ഥാനത്തിലെ മുന്‍നിരക്കാരനായ മകരന്ദ് സാഥെയുടെ തിരക്കഥ നാടകരൂപത്തിലാക്കിയത് അതുല്‍ പഥേ, മകരന്ദ് സാഥെ, രാജ്കുമാര്‍ താംഗ്ഡേ എന്നിവര്‍ ചേര്‍ന്ന്. അതുല്‍ പഥേയാണ് നാടകം സംവിധാനം ചെയ്തത്. പൊന്നാനി നാടകവേദിക്കുവേണ്ടി നരിപ്പറ്റ രാജു സംവിധാനം ചെയ്ത കൂട്ടുകൃഷി എന്ന നാടകവും പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. ഇന്ത്യാ വിഭജനത്തിനുശേഷം മലബാറില്‍ നിലവിലുണ്ടായിരുന്ന സാമൂഹ്യ ചുറ്റുപാടുകളും അതിനോടു കെട്ടുപിണഞ്ഞുകിടക്കുന്ന കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതസാഹചര്യങ്ങളുമായിരുന്നു ഇടശേരിയുടെ സുപ്രസിദ്ധമായ കൂട്ടുകൃഷിയുടെ ഇതിവൃത്തം.

ഗ്രീക്ക് മിഥോളജിയിലെ കസന്‍റയുടെ കഥയുടെ പുനരാവിഷ്കാരമായ പ്രവാചക മൂന്നാം ദിനത്തിന്‍റെ സവിശേഷ ശ്രദ്ധനേടി. തിരുവനന്തപുരത്തെ നിരീക്ഷ എന്ന പെണ്ണരങ്ങായിരുന്നു പ്രവാചക വേദിയില്‍ അവതരിപ്പിച്ചത്. പുരുഷാധിപത്യ സമൂഹത്തിനെതിരേയുള്ള ചെറുത്തുനില്‍പ്പായിരുന്നു കസാന്‍റയുടെ ജീവിതം. രാജ്യത്തു വരാനിരിക്കുന്ന വന്‍ ദുരന്തത്തെക്കുറിച്ചു കസാന്‍റ നല്‍കുന്ന മുന്നറിയിപ്പുകള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല. പ്രവചനത്തെ എഴുതിത്തള്ളുന്ന പുരുഷാധിപത്യ സമൂഹം കസാന്‍റയ്ക്കെതിരേ തിരിയുന്നതും അവള്‍ വധിക്കപ്പെടുന്നും തുടര്‍ന്ന് അവളുടെ പ്രവചനം ആ രാജ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണു പ്രവാചക ചര്‍ച്ച ചെയ്യുന്നത്. പ്രൊഫ. രാജരാജേശ്വരിയുടെ രചനയില്‍ പ്രൊഫ. സി.വി സുധിയാണു നാടകം സംവിധാനം ചെയ്തത്.

സമാന്തര സിനിമാ, നാടക പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പനായ ഗിരീഷ് കര്‍ണാടിന്‍റെ പ്രതിഭാസ്പര്‍ശം നിറഞ്ഞുനിന്ന ബിക്കരെ ബിംബ് നാടകകലയുടെ വേറിട്ട ദൃശ്യഭംഗിയാണു സമ്മാനിച്ചത്.

നാടക പ്രേമികള്‍ക്കൊപ്പം തിയേറ്റര്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയില്‍ നാടകപ്രസ്ഥാനത്തിന്‍റെ വളര്‍ച്ച വിളിച്ചോതുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ സ്കൂള്‍ ഒഫ് ഡ്രാമയാണു നാടകത്തിന്‍റെ വളര്‍ച്ച -പരിണാമങ്ങളെക്കുറിച്ചു വിശദമാക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. നാടകത്തെ ഗൗരവമായി കാണുന്നവര്‍ക്കു കൗതുകവും ചിന്തയും സമ്മാനിക്കുന്നതാണ് ഈ പ്രദര്‍ശനം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code