ചെന്നൈ
ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നു മുക്തരായ പ്രകടനത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ഡെക്കാന്‍ ചാര്‍ജേഴ്സിന് 31 റണ്‍സ് ജയം. സ്കോര്‍: ഡെക്കാന്‍- 190/4, കിങ്സ്- 159/9 .29 പന്തില്‍ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈ ടോപ് സ്കോറര്‍. ചാര്‍ജേഴ്സിനായി ചാമിന്ദ വാസ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റിന്‍റെ വെടിക്കെട്ടോടെയാണ് ഡെക്കാന്‍ ഇന്നിങ്സ് ആരംഭിച്ചത്. നൈറ്റ് റൈഡേഴ്സിനെതിരേ ആദ്യ മത്സരത്തില്‍ നിര്‍ത്തിയിടത്തു തുടങ്ങുകയായിരുന്നു ഗില്ലി. കിങ്സ് ഓപ്പണിങ് ബൗളര്‍മാര്‍ ആല്‍ബി മോര്‍ക്കലും സുദീപ് ത്യാഗിയും പ്രഹരം ഏറ്റുവാങ്ങുന്നതില്‍ മത്സരിച്ചു. ത്യാഗിയുടെ ആദ്യ ഓവറില്‍ പിറന്നത് 19 റണ്‍സ്. രണ്ടാം ഓവറില്‍ മോര്‍ക്കല്‍ രണ്ട് ഫോറിനും ഒരു സിക്സിനും പറന്നു. മത്സരത്തില്‍ മൂന്ന് ഓവറുകള്‍ കഴിയുമ്പോള്‍ ഡെക്കാന്‍ സ്കോര്‍ 41. പേസര്‍മാര്‍ നിലവിട്ട് പറക്കുന്നത് കണ്ട മഹേന്ദ്ര സിങ് ധോണി രണ്ടറ്റത്തും സ്പിന്നര്‍മാരെ എത്തിച്ചു. മുത്തയ്യ മുരളീധരനും ആര്‍. അശ്വിനും ലൈനിലും ലെങ്തിലും കടുകിടെ തെറ്റാതെ പന്തെറിഞ്ഞതോടെ ഡെക്കാന്‍ ആകാശത്തുനിന്നു ഭൂമിയിലേക്കിറങ്ങി.
ഗില്ലി (38) അശ്വിന്‍റെ പന്തില്‍ ഇറങ്ങിയടിക്കാന്‍ ശ്രമിച്ച് ബൗള്‍ഡ് ആയി പുറത്ത്. തൊട്ടടുത്ത പന്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ (12) സുരേഷ് റെയ്നയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ട്. വി.വി.എസ്. ലക്ഷ്മണൊത്ത് ഗില്ലി 55 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ചെന്നൈ ഇതോടെ മത്സരത്തിലേക്കു തിരിച്ചു വന്നു. എന്നാല്‍, അവിടെ ഒന്നു ചേര്‍ന്ന ഹെര്‍ഷലെ ഗിബ്സും ആന്‍ഡ്രൂ സൈമണ്ട്സും ഡെക്കാന്‍ ഇന്നിങ്സ് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും മുന്നോട്ടു കൊണ്ടു പോയി.
സ്കോര്‍ 100 കടന്നതോടെ ഇരുവരും ആക്രമിച്ചു തുടങ്ങി. സ്കോര്‍ 150 ലെത്തുമ്പോള്‍ ഗിബ്സ് (45) മോര്‍ക്കലിന്‍റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ട്. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ സൈമണ്ട്സും പുറത്ത്. മൂന്ന് ഫോറും മൂന്ന് സിക്സും നേടിയാണ് സൈമണ്ട്സ് ഹാഫ് സെഞ്ചുറി നേടിയത്. പിന്നീടെത്തിയ രോഹിത് ശര്‍മയും (19) ടി. സുമനും (10) ഡെക്കാന്‍ ഇന്നിങ്സ് 190 വരെയെത്തിച്ചു.
Close...
Maximum Character Allowed -
4000