തൂക്കം കുറച്ചു, ഇപ്പോഴിതാ വിലയും കൂട്ടി
കോഴിക്കോട്
വിനോദ് താമരശേരി
500 ഗ്രാം ബിസ്ക്കറ്റ്, 150 ഗ്രാം സോപ്പ്, 100, 50 ഗ്രാം ടൂത്ത് പേസ്റ്റുകള്‍ എന്നിവ വിപണിയില്‍ നിന്നും അപ്രത്യക്ഷമായി. പകരം ലഭിയ്ക്കുന്നതു 408 ഗ്രാം ബിസ്കറ്റ്, 135 ഗ്രാം സോപ്പ്, 90, 40 ഗ്രാം ടൂത്ത് പേസ്റ്റുകള്‍ തുടങ്ങിയവ. നമ്മുടെ മനസില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന ഉത്പന്നങ്ങളുടെ തുക്കങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. ഇതിലൂടെ വ്യക്തമാകുന്നതു ഉപഭോക്തൃ വഞ്ചനയുടെ പുതിയ മുഖം.
ഉത്പന്നങ്ങളുടെ രൂപത്തിലും വിലയിലും മാറ്റം വരുത്താതെ തുക്കത്തില്‍ കുറവു വരുത്തിയുളള പറ്റിക്കല്‍. ഇതുവഴി കമ്പനികള്‍ വര്‍ഷാവര്‍ഷം തട്ടിയെടുക്കുന്നതു ലക്ഷങ്ങള്‍. മൂന്നുവര്‍ഷത്തിലേറെയായി സംസ്ഥാനത്തെ വിപണിയിലെത്തുന്ന മിക്ക പായ്ക്കറ്റ് ഉത്പന്നങ്ങളുടെയും സ്ഥിതിയിതാണ്. ബഹുരാഷ്ട്രകുത്തകള്‍ വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളിലാണു കൂടുതലായി ഇത്തരത്തിലുളള ഉപഭോക്തൃ വഞ്ചന നടക്കുന്നത്.
ആദ്യകാലങ്ങളില്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ അളവു മാത്രം കുറച്ചിരുന്ന നിര്‍മാതാക്കള്‍ ഇപ്പോള്‍ വിലയുംകൂടി വര്‍ധിപ്പിച്ചാണു തട്ടിപ്പു നടത്തുന്നത്. സംസ്ഥാനത്തു മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയ കാലം മുതലാണു തൂക്കം കുറച്ചുളള പരീക്ഷണത്തിനു നിര്‍മാതാക്കള്‍ തുടക്കം കുറിച്ചത്. ഉത്പന്ന വിലയില്‍ മാത്രം ജാഗരൂകനാകുന്ന ഉപഭോക്താവിന്‍റെ കണ്ണു വെട്ടിച്ചാണു തുക്കം കുറച്ചുളള പരീക്ഷണത്തിനു കമ്പനികള്‍ മുതിര്‍ന്നത്.
വില്‍പ്പന വിലയില്‍ (എംആര്‍പി) നികുതി ഉള്‍പ്പെടുത്തണമെന്ന നിയമം വന്നതിലൂടെ ഉത്പന്ന നിര്‍മാതാവിനും മൊത്തവിതരണക്കാരനും നികുതി നല്‍കുന്നതിലൂടെ ഉണ്ടാകുന്ന തുച്ഛമായ നഷ്ടം ഉല്‍പ്പന്നങ്ങളുടെ തൂക്കക്കുറവിലൂടെ നികത്തുകയായിരുന്നു ലക്ഷ്യം. നാമമാത്രമായ നികുതി വര്‍ധനയുടെ പേരില്‍ തൂക്കത്തില്‍ 20 ശതമാനത്തിലേറെയാണു നിര്‍മാതാക്കള്‍ വരുത്തിയ കുറവ്. നഷ്ടം പേറുന്നത് ഉപയോക്താവിനു മാത്രം. മുന്‍പ് 500 ഗ്രാം പായ്ക്കറ്റില്‍ ലഭിച്ചിരുന്ന ടൈഗര്‍ ബിസ്ക്കറ്റ് 408 ഗ്രാമായും 400 ഗ്രാം ബ്രിട്ടാനിയ ബിസ്ക്കറ്റ് 370 ഗ്രാമായും കുറഞ്ഞിട്ടുണ്ട്. 150 ഗ്രാം ലക്സ് സോപ്പ്, 135 ഗ്രാമായും 100 ഗ്രാം ലൈഫ് ബോയ് ആക്റ്റിവ 81 ഗ്രാമായും 150 ഗ്രാം സണ്‍ ലൈറ്റ് സോപ്പ് പൊടി 128 ഗ്രാമായും മാറി. ടൂത്ത്പേസ്റ്റിലെ ഉയര്‍ന്ന ബ്രാന്‍ഡുകള്‍ക്കെല്ലാം തൂക്കത്തില്‍ കുറവു വന്നിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളും തൂക്കത്തിലും അളവിലും കുറവു വരുത്തി വിപണിയിലെത്തിച്ചു കഴിഞ്ഞു.
Close...
Maximum Character Allowed -
4000