Thursday, February 09, 2012   5:32 AM IST
Supplements
Home>> Cinema>> Reviews
Reviews
മോഹനം
Monday, March 15, 2010
|
|
|
അറിയുന്തോറും ആഴം കൂടുകയും ആ ആഴത്തില്‍ വിസ്മയങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്ന സംഗീത സാഗരമാണ് ദേവരാജന്‍ മാസ്റ്റര്‍. പാട്ട് ഏതുമാവട്ടെ, ആ ഭാവത്തിനനുസരിച്ചുള്ള രാഗങ്ങല്‍, വാക്കുകള്‍ക്കു നല്‍കുന്ന പ്രാധാന്യം...അങ്ങനെ സവിശേഷതകള്‍ ഏറെയുണ്ട് മാസ്റ്ററുടെ സംഗീതലോകത്തു നിന്നു പഠിക്കാന്‍.

ശാസ്ത്രീയ-അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങള്‍ അനവധിയുണ്ട് മാസ്റ്ററുടേതായി. സത്യ ശിവ സൗന്ദര്യ (കുമാരസംഭവം- കല്യാണി), നാദബ്രഹ്മത്തിന്‍ ( കാട്ടുകുരങ്ങ്-രാഗമാലിക), കല്യാണിരാഗത്തിന്‍റെ ഏറ്റവും മനോഹരമായ പ്രയോഗം : പ്രളയപയോധി (മഴക്കാറ്) പോലുള്ള ഗാനങ്ങളില്‍ കാണാം. ലാസ്യം കൈകാര്യം ചെയ്യുമ്പോള്‍ എന്തൊരു ഉന്മേഷമാണ് ഈ സംഗീതകാരന്. നീലാംബുജാക്ഷിമാരെ, സുന്ദരിമാര്‍, കല്യാണി കളവാണി, അമ്പലക്കുളങ്ങരെ-ലാസ്യത്തിന്‍റെ നിറവ് ഈ ഗാനങ്ങളില്‍ കാണാനാവും.

മാസ്റ്റര്‍ ഒരുക്കിയ വിപ്ലവഗാനങ്ങളോ? ആരോഹണ സ്വരങ്ങളില്‍ പാലിക്കേണ്ട ചില സങ്കേതങ്ങളാണ് വിപ്ലവഗാനത്തിന്‍റെ മൂഡ് ഉണ്ടാക്കുന്നത്. മരിക്കാന്‍ ഞങ്ങള്‍ക്കു (നീലക്കണ്ണുകള്‍) സര്‍വ്വരാജ്യത്തൊഴിലാളികളേ, ഓരോ തുള്ളി... ഉയര്‍ന്ന സ്ഥായിയില്‍ പാടിയാലേ ഒരു ആഹ്വാനത്തിന്‍റെ ഊര്‍ജം ഇത്തരം ഗാനങ്ങളില്‍ ഉണ്ടാവുകയുള്ളൂ. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടുമ്പോള്‍ അതില്‍ ആജ്ഞാശക്തിയുണ്ടായാലേ അര്‍ത്ഥം സംവേദിക്കപ്പെടുകയുള്ളൂ. ബലികുടീരങ്ങളേ...പോലൊരു വിപ്ലവഗാനം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.

പരമ്പരാഗതമായതും അല്ലാത്തതുമായ ക്രിസ്തീയ-കോറസ് ഗാനങ്ങള്‍ മാസ്റ്ററുടേതായുണ്ട്. വിശുദ്ധനായ ( പേള്‍വ്യൂ), ദയാപരനായ (ഭാര്യ), നിത്യവിശുദ്ധയാം (നദി) ഇവയെല്ലാം ക്വയറുകളാണ്. ഇതല്ലാതെ ഉള്ളുപിടഞ്ഞു നടത്തുന്ന ഈശ്വരപ്രാര്‍ത്ഥനകള്‍ കലര്‍ന്ന ഗാനങ്ങള്‍ വേറെയുണ്ട് ഏറെ, ഈശോമറിയം, മുള്‍ക്കിരീടമെന്തിന്, ഓമനക്കയ്യില്‍.. ഭക്തിഗാനങ്ങളിലെ പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍ ഏതൊക്കെയാണോ അതിലേയ്ക്കാണ് മാസ്റ്റര്‍ എപ്പോഴും ഫോക്കസ് ചെയ്യുക. ഗുരുവായൂരമ്പലനടയില്‍.. (ഒതേനന്‍റെ മകന്‍) ശരണമയ്യപ്പ... ( ചെമ്പരത്തി) കണികാണും നേരം... ( ഓമനക്കുട്ടന്‍). ഒരു ജനതയുടെ ഭക്തിയെ ഏറെക്കാലം നിയന്ത്രിച്ച പാട്ടാണ് കണികാണും നേരം കുപ്പിവളക്കൈകളില്‍, കസ്തൂരിത്തൈലമിട്ട്, തുടങ്ങിയ പാട്ടുകളില്‍ എത്ര മനോഹരമായാണ് മാപ്പിളപ്പാട്ടിന്‍റെ താളം ഉപയോഗിച്ചിരിക്കുന്നത്. റംസാനിലെ ചന്ദ്രിക എന്ന പാട്ടിന് ഒരു അറബിഗാനത്തിന്‍റെ പരിചരണമാണ് മാസ്റ്റര്‍ കൊടുത്തിട്ടുള്ളത്.

നാടന്‍ ഈണം കൂടുതല്‍ മാസ്റ്റര്‍ ഉപയോഗപ്പെടുത്തിയത് നാടകഗാനങ്ങളിലാണ്. മേലേ മാനത്തെ, കന്നിവരമ്പത്ത്, പുത്തൂരം വീട്ടില്‍, അങ്ങനെ പോകുന്നു സിനിമാഗാനങ്ങള്‍. പുത്തൂരം വീട്ടിന്‍റെ ബേസ് ആരഭിരാഗമാണ്, ആരഭി രാഗത്തിന്‍റെ ദേശിവഴക്കം ഇത്രയും സൗന്ദര്യാത്മകമായി മറ്റാരും ഉപയോഗിച്ചിട്ടില്ല.

പി.സുശീല മലയാളത്തില്‍ ഏറ്റവുമധികം പാടിയത് ദേവരാജന്‍ മാസ്റ്റര്‍ക്കു വേണ്ടിയാണ്. ആ കോമ്പിനേഷനില്‍ എത്രയെത്ര അനശ്വരഗാനങ്ങള്‍.. കിനാവിന്‍റെ കുഴിമാടം (ഡോക്ടര്‍) ഏഴരവെളുപ്പിന് ( തിലോത്തമ) ഓമനക്കയ്യില്‍ (ഭാര്യ) മലയാളത്തിലെ ഏറ്റവും മികച്ച ദു:ഖഗാനങ്ങള്‍. മല്ലികേ (ശിക്ഷ) അഷ്ടമിരോഹിണി (ഓമനക്കുട്ടന്‍) മുഴുതിങ്കള്‍ ( അച്ചാണി) മാനത്തെ വെണ്ണിലാവ് ( കളിത്തോഴന്‍) തുറന്നിട്ട ജാലകം ( ദത്തുപുത്രന്‍) പ്രേമകവിതകളേ (അവള്‍) കാറ്റില്‍ ഇളം (ഓടയില്‍ നിന്ന്) ഏറ്റവും മുന്തിയ പ്രണയഗാനങ്ങള്‍.

മാസ്റ്ററുടെ പ്രിയരാഗം മോഹനമാണ്. മോഹനത്തില്‍ ഇത്രയും വൈവിധ്യം കാട്ടിയ മറ്റൊരു സംഗീതകാരനില്ല. ശൈലനന്ദിനി (ആദ്യഭാഗം) ദേവദാരൂ പൂത്ത, മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ഗുരുവായൂരമ്പല, ഏഴുസുന്ദര, യാഹിമാധവ, നീലാംബുജങ്ങള്‍, ഇങ്ങനെ മാസ്റ്ററുടെ കോമ്പോസിഷനുകളില്‍ നല്ലൊരു ഭാഗം മോഹനമുണ്ട്.

ഉത്തരേന്ത്യന്‍ രാഗങ്ങളോട് മാസ്റ്റര്‍ക്ക് വല്ലാത്ത മമതയുണ്ട്. ചക്രവര്‍ത്തിനീ, എന്തിനീ ചിലങ്ക (കേദാര്‍) ഇന്നെനിക്ക് (മിയാമല്‍ഹാര്‍) ആയിരം പാദസരം (ദര്‍ബാരി) ലളിതലവംഗ (ബിഹാക്) ഓമനക്കയ്യില്‍ (ബിംബിലാസ്) ഇന്ദുകലാമൗലി (വൃന്ദാവന്‍ സാരംഗ്) വസന്തം നിന്നോട് (മാണ്ഡ്).

അപൂര്‍വരാഗങ്ങളില്‍ ഒട്ടനവധി പാട്ടുകള്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്വൈതം ജനിച്ച (സാരംഗി) ശ്രീകോവില്‍ ചുമരുകള്‍ (പുരിയധനശ്രീ) നളചരിതത്തിലെ (നര്‍ത്തകി) ഇങ്ങനെ ഒരിക്കലും ഒളിമങ്ങാത്ത രചനകളാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. നമ്മുടെ തോണിപ്പാട്ടുകള്‍ എത്ര വ്യത്യസ്തതയോടെയാണ് മാസ്റ്റര്‍, തന്‍റെ ഗാനങ്ങളില്‍ പ്രയോഗിച്ചിട്ടുളളത്, മേലേമാനം പൂമാനം (സന്തോഷം) കാറ്റടിച്ചു (ദു:ഖം) ആകാശപ്പൊയ്കയില്‍, കൈതപ്പുഴക്കായല്‍ (സന്തോഷം)

നാടകഗാനങ്ങളെക്കുറിച്ച് അധികം പരാമര്‍ശിക്കുന്നില്ല. കാരണം നാടകഗാനങ്ങളെ മറ്റൊരു രീതിയില്‍ സമീപിക്കേണ്ടതാണ്. പൊന്നരിവാള്, വെള്ളാരംകുന്നിലെ, മാരിവില്ലിന്‍, എന്തമ്മേ കൊച്ചുതുമ്പി, മാമ്പൂക്കള്‍ പൊട്ടിവിരിഞ്ഞു, വെണ്ണിലാവേ, ശര്‍ക്കരപ്പന്തലില്‍, ഏഴാം കടലിനക്കരേ.. ഒരു കാലത്തു കേരളീയ മനസിനെ കുളിരണിയിച്ച പാട്ടുകളാണിവ. മാസ്റ്ററുടെ രചനകള്‍, ഉള്ളിലേക്കു തുഴഞ്ഞുകയറുംതോറും ഏറെ അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ഒരു കടലാണ്. സംഗീതത്തിന്‍റെ അനന്തസാദ്ധ്യതകളെ തന്‍റെ ഗാനങ്ങളിലേയ്ക്കാവഹിച്ച്, മലയാളിയുടെ സംഗീതസംസ്ക്കാരത്തെ എത്രയോ സമ്പന്നമാക്കി ദേവരാജന്‍ മാസ്റ്റര്‍.

(അവസാനിച്ചു).
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code