ആദ്യ ജയത്തിന് കിങ്സും റോയല്‍സും
ബംഗളൂരു
ആദ്യ മത്സരങ്ങളിലെ തോല്‍വികളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് സീസണിലെ ആദ്യ ജയം നേടുക എന്ന ലക്ഷ്യവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവന്‍ പഞ്ചാബും ഇന്നു നേര്‍ക്കു നേര്‍. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആദ്യ മത്സരത്തില്‍ റോയല്‍സ് മുട്ടുകുത്തിയപ്പോള്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സാണു കിങ്സിനെ തകര്‍ത്തത്.
ഗെയിമിന്‍റെ എല്ലാ മേഖലകളിലും പരാജയപ്പെട്ടതാണ് കോല്‍ക്കത്തയ്ക്കെതിരായ തോല്‍വിക്കു കാരണമെന്നു റോയല്‍സ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ സമ്മതിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് വെറും 135 റണ്‍സിനു പുറത്തായി. കൂടാതെ റൈഡേഴ്സ് ഓപ്പണര്‍മാരായ മനോജ് തിവാരിക്കും ബ്രാഡ് ഹോജിനും കടിഞ്ഞാണിടാന്‍ ബൗളര്‍മാര്‍ക്കു സാധിച്ചതുമില്ല. നിരവധി റണ്ണൗട്ട് അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയപ്പോള്‍ വിക്കറ്റുകള്‍ക്കു പിന്നില്‍ ശ്രീവത്സ് ഗോസ്വാമിയുടെ പ്രകടനവും മോശമായിരുന്നു.
ഗോസ്വാമിയും വിരാട് കോഹ്ലിയും മനീഷ് പാണ്ഡെയുമടക്കമുള്ള യുവതാരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍, ഓപ്പണര്‍ ജാക്വസ് കാലിസ് മാത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. യുവതാരങ്ങള്‍ക്കൊപ്പം ഇംഗ്ലിഷ് താരം ഓയിന്‍ മോര്‍ഗനും ഫോമിലേക്കുയര്‍ന്നാല്‍ ബാറ്റിങ്ങിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ബൗളിങ്ങില്‍ കാലിസും ഡെയ്ല്‍ സ്റ്റെയ്നുമടങ്ങുന്ന ബൗളിങ് നിര തല്ലുകൊണ്ട് വശം കെട്ടു. ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍. വിനയ് കുമാറിനെ ഇന്നു ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത.
ഡല്‍ഹിയോട് പരാജയപ്പെട്ട് എത്തുന്ന കിങ്സ് ഇലവനും പ്രശ്നങ്ങള്‍ നിരവധി. ബാറ്റിങ്ങില്‍ രവി ബൊപ്പാരയ്ക്കു മാത്രമേ തിളങ്ങാനായുള്ളു, ബൗളിങ്ങില്‍ മലയാളി താരം എസ്. ശ്രീശാന്തും ഇര്‍ഫാന്‍ പഠാനും ന്യൂബോളുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പഴയ പന്തില്‍ താളം കണ്ടെത്താനായില്ല. ബാറ്റിങ്ങില്‍ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയും യുവരാജ് സിങ്ങും കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടത് അത്യാവശ്യം.
Close...
Maximum Character Allowed -
4000