Thursday, February 09, 2012   1:06 PM IST
Supplements
Home>> Headlines
Latest News
വൈദ്യുതി, കൃഷി, കുടിവെള്ളം പ്രതിസന്ധിയില്‍
Tuesday, March 16, 2010
|
|
|
തിരുവനന്തപുരം

അരവിന്ദ്

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. കഴിഞ്ഞ ആഴ്ച അവസാനം ഇടുക്കിയിലെ ജല നിരപ്പ് 3.12 അടിയും കല്ലടയില്‍ 4.49 അടിയും ഇടമലയാറില്‍ 5.38 അടിയും കുറഞ്ഞിട്ടുണ്ട്. മലമ്പുഴ, നെയ്യാര്‍, അരുവിക്കര, പൊന്‍മുടി അണക്കെട്ടുകളില്‍ രണ്ടര അടി മുതല്‍ നാലര അടിവരെ കുറഞ്ഞു. ഞായറാഴ്ച മൂലമറ്റം വൈദ്യുത ഉത്പാദന കേന്ദ്രത്തില്‍ അമിതമായി വൈദ്യുതി ഉത്പാദിപ്പിച്ചതു വന്‍തോതില്‍ ജലനിരപ്പ് കുറയാനിടയാക്കിയിട്ടുണ്ട്. ശരാശരി മൂന്നു ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രം ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഞായറാഴ്ച 8.68 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആയതോടെ 2345.78 അടിയായി ജലനിരപ്പ് താഴ്ന്നു. മൊത്തം സംഭരണ ശേഷിയുടെ 42.31% മാത്രമാണിത്.

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ജലത്തിന്‍റെ 40 മുതല്‍ 60 ശതമാനം വരെ ജലം ഒഴുകിയെത്താറുണ്ടായിരുന്നു. എന്നാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുണ്ടായ നീരൊഴുക്കില്‍ ഡാമിലെത്തിയ ജലം 0.317 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നു. എന്നിട്ടും തിങ്കളാഴ്ചയും ഉത്പാദനത്തില്‍ കാര്യമായ കുറവു വരുത്തിയില്ല. നീരൊഴുക്കും കാര്യമായുണ്ടായില്ല. ചെറുകിട വൈദ്യുത ഉത്പാദക കേന്ദ്രങ്ങളിലെ ഉത്പാദനം ഈ ആഴ്ചയോടെ മിക്കവാറും അവസാനിപ്പിക്കേണ്ടി വരും. ഇതു മുന്നില്‍ക്കണ്ടു മിക്കപദ്ധതികളിലും ഉത്പാദനം 25% ത്തില്‍ താഴെയാക്കി കുറച്ചു. ഈ കുറവു നികത്തുന്നതിനു മൂലമറ്റത്തെ ഉത്പാദനം മൂന്നിരട്ടിയോളം വര്‍ധിപ്പിക്കുകയായിരുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ മേയ് അവസാനമാകുമ്പോള്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം നിര്‍ത്തേണ്ടതായി വരും. ഇതു വൈദ്യുത രംഗത്ത് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

വെള്ളമില്ലാത്തതിനാല്‍ നെല്ല്, പച്ചക്കറി, വാഴ കൃഷികളും പ്രതിസന്ധിയിലാണ്. നെയ്യാറിലും പേപ്പാറയിലും കല്ലടയിലും ജലനിരപ്പ് കുറഞ്ഞതോടെ കനാലുകള്‍ വഴി വെള്ളം തുറന്നുവിടുന്നതു കുറച്ചിരിക്കുകയാണ്. നെയ്യാറില്‍ നിന്നും കൃഷിയാവശ്യത്തിനു ജലം തുറന്നുവിട്ടിട്ട് ആഴ്ചകളായി. ഓണക്കാലത്തെ വിളവെടുപ്പു ലക്ഷ്യം വച്ചു കൃഷി ചെയ്ത വാഴക്കര്‍ഷകരാണ് ഏറ്റവും അധികം പ്രതിസന്ധിയിലായത്.

പൊന്‍മുടി, ലോവര്‍ പെരിയാര്‍, പേപ്പാറ, അരുവിക്കര തുടങ്ങിയ പ്രധാന ഡാമുകളിലെ ജലനിരപ്പു കുറഞ്ഞത് കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുണ്ട്.

അരുവിക്കര ഡാമില്‍ നിന്നുള്ള വെള്ളമാണു തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളില്‍ പതിവു നീരൊഴുക്കിന്‍റെ നാലിലൊന്നു നീരൊഴുക്കു പോലുമില്ലായിരുന്നു. വരും ദിവസങ്ങളില്‍ പമ്പിങ് പകുതിക്കു താഴെയായി കുറയ്ക്കേണ്ടി വരുമെന്നാണു വിലയിരുത്തുന്നത്. ഇതു കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കും.

പൊന്‍മുടി, ലോവര്‍ പെരിയാര്‍ ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നത് ആദിവാസികളാണ്. വനങ്ങളിലെ ചോലകള്‍ വറ്റിയതോടെ ഈ ഡാമുകളിലെ കനാലുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കനാലുകള്‍ വഴി വെള്ളമെത്താത്തത് ഇവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code