തിരുവനന്തപുരം
സ്വന്തം ലേഖകന്‍
സംസ്ഥാനത്തു മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതിനെക്കാള്‍ ചൂടു കുറഞ്ഞു. എങ്കിലും മുന്‍ വര്‍ഷത്തെക്കാള്‍ കനത്ത ചൂടാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ കുറഞ്ഞ ചൂടു വീണ്ടും കൂടാനിടയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബംഗാള്‍ തീരത്തു നിന്നു ശീതക്കാറ്റ് വീശിയാല്‍ മാത്രമേ ഇനി ചൂടുകുറയാന്‍ സാധ്യതയുള്ളൂ. ലക്ഷദ്വീപിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കനത്ത ചൂട് അനുഭവപ്പെടുന്നു.
പുനലൂരിലും പാലക്കാട്ടും ചൂട് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. പുനലൂരില്‍ ശനിയാഴ്ച 38.4 ഡിഗ്രിയായിരുന്നു. ഇന്നലെ 37.06 ഡിഗ്രിയായി. പാലക്കാട്ടും ശനിയാഴ്ച 42.5 ഡിഗ്രിയായിരുന്നചൂട് ഞായറാഴ്ചയും ഇന്നലെയും 41 ഡിഗ്രിയായി. കൊച്ചിയിലാകട്ടെ ചൂടു കൂടുകയാണുണ്ടായത്. 34.8 ഡിഗ്രിയില്‍ നിന്നു 37.01 ഡിഗ്രിയിലേക്കാണു കയറ്റം. കോഴിക്കോട് 34.7 ല്‍ നിന്നും 35.05 ലെത്തി. തിരുവനന്തപുരത്തും കണ്ണൂരും ശനിയാഴ്ച മുതല്‍ ഇന്നലെ വരെ ഒരേ നിലയിലാണു ചൂട് അനുഭവപ്പെടുന്നത്.
തിരുവനന്തപുരത്ത് 35 ഡിഗ്രിയിലും കണ്ണൂരില്‍ 36.02 ഡിഗ്രിയിലും ചൂട് കുറയുകയോ കൂടുകയോ ചെയ്തിട്ടില്ല. ആലപ്പുഴയില്‍ 37 ഡിഗ്രിയില്‍ നിന്നു 36ലെത്തി. കരിപ്പൂരില്‍ നേരിയ കുറവ് അനുഭവപ്പെട്ടു. 35 ല്‍ നിന്നും 34.07 ലേക്കാണ് കുറഞ്ഞത്. ലക്ഷദ്വീപില്‍ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നതു കവരത്തിയിലും അമനിയിലുമാണ്. ഇവിടെ യഥാക്രമം 34.04 ഡിഗ്രി സെല്‍ഷ്യസും 34.05 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ അനുഭവപ്പെട്ട ഉയര്‍ന്ന ചൂട്. അഗത്തിയില്‍ 32.03 ഡിഗ്രിയും. മിനിക്കോയ് ദ്വീപില്‍ 33.02 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ഡിഗ്രി മുതല്‍ ഒന്നര ഡിഗ്രിവരെ ഇവിടെ ചൂടു കൂടുതലായിട്ടുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Close...
Maximum Character Allowed -
4000