Tuesday, February 07, 2012   12:06 PM IST
Supplements
Home>> Headlines
Latest News
സ്ഫോടന പദ്ധതികള്‍ക്കു പിന്നില്‍ ദാവൂദ്
Tuesday, March 16, 2010
|
|
|
മുംബൈ

അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്‍റെ സഹായത്തോടെ ഇന്ത്യയില്‍ നിരവധി സ്ഫോടന പദ്ധതികള്‍ ആസൂത്രണം ചെയ്തു എന്നു സൂചന. കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായ രണ്ടു ഭീകരരില്‍നിന്നാണു ഭീകരവിരുദ്ധ സ്ക്വാഡിനു വിവരം കിട്ടിയത്.

2002ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരമെന്ന നിലയിലാണു ദാവൂദ് ഇബ്രാഹിം 2003ല്‍ ഭീകര പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നാണ്, അറസ്റ്റിലായ അബ്ദുള്‍ ലത്തീഫും റിയാസ് അലിയും പറയുന്നത്. 2005നു ശേഷം ആകെ 517 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട 10 സ്ഫോടനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായിരുന്നു എന്നും സൂചന.

പാക്കിസ്ഥാനിലെ തുറമുഖ നഗരവും, കുറ്റകൃത്യങ്ങളുടെ തലസ്ഥാനവും, ദാവൂദിനെയും ടൈഗര്‍ മേമനെയും പോലുള്ള കുപ്രസിദ്ധ കുറ്റവാളികളുടെ ആസ്ഥാനവുമായ കറാച്ചിയുടെ പേരാണു പദ്ധതിക്കു നല്‍കിയിരിക്കുന്നത്- പ്രൊജക്റ്റ് കറാച്ചി. ഇതിന്‍റെ നടത്തിപ്പിനു തെരഞ്ഞെടുക്കപ്പെട്ട ഏഴംഗ സംഘത്തില്‍പ്പെട്ടവരാണു പിടിയിലായ രണ്ടു പേര്‍. മറ്റ് അഞ്ചു പേര്‍ക്കായി അന്വേഷണം തുടരുന്നു.

പാക് ചാരസംഘടന ഐഎസ്ഐയുടെ മേല്‍നോട്ടത്തില്‍ തയാറായ പദ്ധതിക്കു ലഷ്കര്‍ ഇ തൊയ്ബ, ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി തുടങ്ങിയ പാക് ഭീകര സംഘടനകളുടെ സഹായമുണ്ടായിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ ഇന്ത്യന്‍ ഭീകരരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയുടെ സൈനികവും സാമ്പത്തികവുമായ മുന്‍തൂക്കത്തെ മറികടക്കാന്‍ തീവ്രവാദത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ദാവൂദിന്‍റെ പദ്ധതികളുടെ ന്യൂക്ലിയസ്.

സ്ഫോടകവസ്തുക്കള്‍ ഇന്ത്യയിലേക്കു കടത്താനും സൂക്ഷിക്കാനും ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഥാപിക്കാനും ദാവൂദിന്‍റെ അനുയായികള്‍ക്ക് ഐഎസ്ഐ നേരിട്ടു പരിശീലനം നല്‍കി. മംഗല്‍ദാസ് മാര്‍ക്കറ്റും രണ്ടു ഷോപ്പിങ് മാളുകളും ബൊറിവ്ലിയിലെ ഒരു വലിയ ഹൗസിങ് കോംപ്ലക്സും തകര്‍ക്കുകയായിരുന്നു പദ്ധതിയിലെ അടുത്ത ഘട്ടം.

1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഒളിവില്‍ പോയ ആളാണ് ഇ-മെയില്‍ മുഖേന ഇവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ചാച്ച എന്നാണിയാള്‍ അറിയപ്പെടുന്നത്. ഭീകരര്‍ക്കു കറാച്ചിയില്‍ നിന്നു സ്ഥിരമായി ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.

ഇതിനിടെ, അന്വേഷണ വിവരങ്ങള്‍ എടിഎസ് മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതൃപ്തി അറിയിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ, ചാച്ച നിശബ്ദനായതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ബാന്ദ്രയിലുള്ള ഒഎന്‍ജിസിയുടെ അഡ്മിനിസ്ട്രേറ്റിവ് ബില്‍ഡിങ് വസുന്ധരയും ഭീകരരുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്.

ഇന്‍റലിജന്‍സ് ബ്യൂറോയില്‍നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച്, രണ്ടു ഭീകരരെയും കുടുക്കാന്‍ എടിഎസ് മേധാവി കെ.പി. രഘുവംശി നേരിട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം, ബഷീര്‍ ബാബ എന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഗുജറാത്ത് എടിഎസിന്‍റെ പിടിയിലായതും പൊലീസിന്‍റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

ഹിസ്ബുള്‍ നേതാവ് ബിലാല്‍ ഷേരയുടെ അടുത്ത അനുയായിയാണു ബഷീര്‍. ഇയാള്‍ രണ്ടു തവണ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2008ല്‍ ഇയാളെ ശ്രീനഗര്‍ പൊലീസ് സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്തിരുന്നു. ഭീകര സംഘത്തിലേക്കുള്ള റിക്രൂട്ട്മെന്‍റായിരുന്നു ബഷീറിന്‍റെ പ്രധാന ചുമതല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code