പത്തനംതിട്ടയില്‍ പോസ്റ്റല്‍ തര്‍ക്കം, നെയ്യാറ്റിന്‍കരയില്‍ വൈകിത്തുടക്കം
തിരുവനന്തപുരം
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പതിമൂന്നര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഇന്നലെ പരീക്ഷ എഴുതിയത്. എസ്എസ്എല്‍സി മലയാളം ഒന്നാം പേപ്പറും, ഹയര്‍ സെക്കന്‍ഡറിയുടെ ഇംഗ്ലീഷ് ഒന്നാം പേപ്പറുമായിരുന്നു ഇന്നലെ നടന്ന പരീക്ഷകള്‍.
പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്നു വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ മന്ത്രി എംഎ ബേബി തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിജയാശംസ നേരാനും മന്ത്രി മറന്നില്ല. പ്ലസ് ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളുമായും മന്ത്രി സംസാരിച്ചു.
പട്ടം സെന്‍റ് മേരീസ് സ്കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത്. 1344 പേര്‍. ഏറ്റവും കുറച്ചു കുട്ടികള്‍ പരീക്ഷ എഴുതിയത് കണ്ണൂര്‍ ബക്കളം ജേബീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. ഇവിടെ മൂന്നു കുട്ടികള്‍ക്കു തളിപ്പറമ്പിലാണു സെന്‍റര്‍ നല്‍കിയത്. ഉത്തരക്കടലാസുകള്‍ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലുണ്ടായ ആശയക്കുഴപ്പവും നെയ്യാറ്റിന്‍കര നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷ വൈകി തുടങ്ങിയതും ഒഴിച്ചാല്‍ കാര്യമായ പരാതികളൊന്നുമില്ലാതെയാണ് ആദ്യ ദിനം കടന്നു പോയത്.
പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റോഫീസ് അധികൃതര്‍ സ്വീകരിക്കാത്തതാണു ചില സ്കൂളുകളെ പ്രതിസന്ധിയിലാക്കിയത്. നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1.30നു നടക്കേണ്ട എസ്എസ്എല്‍സി പരീക്ഷ രണ്ടു മണിക്കാണ് തുടങ്ങാന്‍ കഴിഞ്ഞത്. അരമണിക്കൂര്‍ വൈകിയാണു വിദ്യാര്‍ഥികള്‍ക്കു ചോദ്യപേപ്പര്‍ നല്‍കിയത്. പരീക്ഷ 3.30നു തന്നെ അവസാനിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നായിരുന്നു പരാതി.
കനത്ത വേനല്‍ച്ചൂടില്‍ പരീക്ഷച്ചൂടുമായെത്തിയ വിദ്യാര്‍ഥികള്‍ക്കു പല സ്കൂളുകളിലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ ലേബല്‍ ഒട്ടിക്കാത്ത കുപ്പികളില്‍ വെള്ളം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.
27നു പരീക്ഷ അവസാനിക്കും. മെയ് ആദ്യ വാരം എസ്എസ്എല്‍സിയുടെയും രണ്ടാം വാരം പ്ലസ് ടുവിന്‍റെയും ഫലപ്രഖ്യാപനമുണ്ടാകും.
Close...
Maximum Character Allowed -
4000