കേരള സര്‍വകലാശാലയ്ക്ക് 13 പുതിയ കോഴ്സ്
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
പുതിയ കോഴ്സുകള്‍ക്കും വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന 2010-11ലെ ബജറ്റ് കേരള സര്‍വകലാശാലാ സിന്‍ഡിക്കെറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എ.എ. റഷീദ് അവതരിപ്പിച്ചു.
പദ്ധതിയേതര ഇനത്തില്‍ 146.02 കോടി രൂപയുടെ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടേതു കമ്മി ബജറ്റായിരുന്നു.
13 പുതിയ കോഴ്സുകളും നാലു പുതിയ പഠനകേന്ദ്രങ്ങളുമാണു സര്‍വകലാശാല ഈ വര്‍ഷം ആരംഭിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനെജ്മെന്‍റ് ഇന്‍ കേരളയില്‍ ടൂറിസം, ഡിസാസ്റ്റര്‍ മാനെജ്മെന്‍റില്‍ എംബിഎ, ലിംഗ്വിസ്റ്റിക്സ് വകുപ്പില്‍ കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സില്‍ എംഎ, ആരോഗ്യ ശാസ്ത്രപഠന കേന്ദ്രത്തിനു കീഴില്‍ മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഡോക്യുമെന്‍റേഷന്‍, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, മൈക്രോബയോളജി എന്നിവയില്‍ എംഎസ്സി എന്നിവയാണു പിജി കോഴ്സുകള്‍.
ഇതിനു പുറമെ ഡെമോഗ്രഫി വകുപ്പില്‍ ആക്ചൂറിയല്‍ സയന്‍സിലും ബിസിനസ് ഡെമോഗ്രഫിയിലും, വനിതാപഠന കേന്ദ്രത്തില്‍ വിമന്‍സ് സ്റ്റഡീസിലും എംഫില്‍ കോഴ്സ് തുടങ്ങും.
സര്‍വകലാശാലാ ലൈബ്രറി ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് വകുപ്പില്‍ മെഡിക്കല്‍ ഇന്‍ഫൊര്‍മാറ്റിക്സിലും ഹിന്ദി വകുപ്പിലെ വിവര്‍ത്തന പഠനകേന്ദ്രത്തില്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസിലും ഡിപ്ലോമ കോഴ്സ് തുടങ്ങും.
കൂടാതെ യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കീഴില്‍ ഫയര്‍ ടെക്നോളജി ആന്‍ഡ് റിസോഴ്സ് മാനെജ്മെന്‍റ് ഡിഗ്രി കോഴ്സും ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചു ഭാഷയും സംസ്കാരവും കലകളുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ടേം കോഴ്സുകളും ആരംഭിക്കും.
ദൃശ്യമാധ്യമ പഠനത്തിനും ഗവേഷണത്തിനുമായി ജേര്‍ണലിസം വകുപ്പിനു കീഴില്‍ സെന്‍റര്‍ ഫൊര്‍ വിഷ്വല്‍ ക മ്മ്യൂണിക്കേഷന്‍സും, ഭാരതീയ ക്ലാസിക്കല്‍ ഡാന്‍സിനെക്കുറിച്ചു പഠിക്കുന്നതിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സെന്‍റര്‍ ഫൊര്‍ ഇന്ത്യ ക്ലാസിക്കല്‍ സയന്‍സും തുടങ്ങും.
കേരള സംസ്കാരത്തെയും പൈതൃകത്തെയും പഠനവിധേയമാക്കുന്നതിനു വേണ്ടി സെന്‍റര്‍ ഫൊര്‍ ഫോക്ലോര്‍ സ്റ്റഡീസ് രൂപീകരിക്കും. കേരള സര്‍വകലാശാലയിലേക്കു വിദേശ വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും അവരുടെ പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിനുമായി സെന്‍റര്‍ ഫൊര്‍ ഇന്‍റര്‍നാഷണല്‍ അക്കാഡമിക്സ് സ്ഥാപിക്കും.
സര്‍വകലാശാലയില്‍ നിന്നു വിദേശ സര്‍വകലാശാലകളിലേക്കും തിരിച്ചുമുള്ള അധ്യാപക/വിദ്യാര്‍ഥി വിനിമയ പരിപാടികള്‍, വിദേശ സര്‍വകലാശാലകളുമായുള്ള ലിങ്കേജ് പ്രോഗ്രാമുകള്‍, സംയുക്ത ഗവേഷണം, കണ്‍സള്‍ട്ടന്‍സി എന്നിവയുടെ മേല്‍നോട്ടം ഈ കേന്ദ്രത്തിനായിരിക്കും.
Close...
Maximum Character Allowed -
4000