അടുത്തവര്‍ഷം ഊര്‍ജ പ്രതിസന്ധി ഉണ്ടാകില്ല: എ.കെ ബാലന്‍
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
പുതിയ പദ്ധതികള്‍ കമ്മിഷന്‍ ചെയ്യുന്നതിലൂടെയും ഊര്‍ജസംരക്ഷണ ക്യാംപെയ്നിലൂടെയും അടുത്തവര്‍ഷം ഊര്‍ജപ്രതിസന്ധി ഇല്ലാത്ത സംസ്ഥാനമായി കേരളത്തിനു മാറാന്‍ കഴിയുമെന്നു വൈദ്യുതിമന്ത്രി എ.കെ ബാലന്‍. ഊര്‍ജക്ഷാമം പരിഹരിക്കുന്നതിനു ഒന്നരക്കോടി സിഎഫ്എല്‍ ലാമ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ ഇടപെടലാണു സര്‍ക്കാര്‍ നടത്തിയത്. പ്രസരണ നഷ്ടം 25ശതമാനത്തില്‍ നിന്നും 18 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് പതിനഞ്ച് ആയി കുറയക്കാമെന്നാണു പ്രതീക്ഷ. 266 മെഗാവാട്ടിന്‍റെ കൂടംകുളം പദ്ധതി ഈ വര്‍ഷം യാഥാര്‍ഥ്യമാകുകയാണ്. 100 മെഗാവാട്ടിന്‍റെ കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി അടുത്തമാസം പൂര്‍ത്തിയാകും. സിഎഫ്എല്‍ ഉപയോഗത്തിലൂടെ 250 മെഗാവാട്ടും ലാഭിക്കാന്‍ കഴിഞ്ഞാല്‍ അടുത്തവര്‍ഷം ഊര്‍ജപ്രതിസന്ധിയുണ്ടാകില്ല- മന്ത്രി പറഞ്ഞു.
ഊര്‍ജം ഫലപ്രദമായി ഉപയോഗിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്തു ചൂടു വര്‍ധിക്കുകയാണ്.
ജനങ്ങള്‍ക്കു സൂര്യാതപത്തില്‍ പൊള്ളലേല്‍ക്കുന്നു. നിയമസഭാ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവിനു രണ്ടു സിഎഫ്എല്‍ ബള്‍ബുകള്‍ നല്‍കി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.
60 വാട്ടിന്‍റെ രണ്ടു സാധാരണ ബള്‍ബുകളും സിഎഫ്എല്ലിന്‍റെ വിലയായ 30 രൂപയും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കൈമാറി. ചടങ്ങില്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000