Sunday, August 01, 2010   5:17 AM IST
Supplements
Home>> News>> Kerala News
Kerala News
സൂര്യാഘാതം കുറയ്ക്കാന്‍ മാജിക്...
Tuesday, March 16, 2010
|
|
|
വി.ശിവന്‍കുട്ടി എപ്പോഴും ഇങ്ങനെയാണ്. എസ്എഫ്ഐയിലായിരുന്നപ്പോഴും മേയറായിരുന്നപ്പോ ഴും എല്ലാം എന്തിനും പ്രതികരിക്കും. ആരെന്നെന്നും ഒരു നോട്ടവുമില്ല. ഇപ്പോഴും ആ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല. പ്രതികരിക്കപ്പെടേണ്ടത് മന്ത്രിയുടെ പ്രവര്‍ത്തനമാണെങ്കിലും ശിവന്‍കുട്ടിക്കൊന്നുമില്ല. മണ്ഡലത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വല്ലപ്പോഴുമാണ് ഒരു സബ്മിഷന്‍ കൊടുക്കുന്നത് . അതില്‍ സംസാരിക്കുന്നതിനു മുന്‍പ് മന്ത്രി മറുപടി പറഞ്ഞാല്‍ പിന്നെ എങ്ങനെ പ്രസംഗിക്കും. അപ്പോള്‍ പിന്നെ മന്ത്രിയോടു രണ്ടു പറഞ്ഞില്ലെങ്കില്‍ പഴയ യുവതുര്‍ക്കിക്ക് സമാധാനം കിട്ടുമോ. കോര്‍പ്പറേഷനില്‍ മേയറായിരുന്നപ്പോള്‍ വാഹിദുമായി ഒരുപാട് കോര്‍ത്തതു കൊണ്ട് ശബ്ദത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. കോര്‍പ്പറേഷനില്‍ നിന്നും സഭയിലെത്തിയപ്പോള്‍ അവിടെയുമുണ്ട് വാഹിദ്. അതുകൊണ്ട് ശബ്ദത്തിന് എല്ലാ ദിവസും വ്യായാമവും കിട്ടുന്നുണ്ട്. ഒരു സബ്മിഷനാണ് എല്ലാ പ്രശ്നത്തിനും കാരണം. ശിവന്‍കുട്ടിയുടെ മണ്ഡലത്തെ ബാധിക്കുന്ന സബ്മിഷന്‍ പാലാമെംബര്‍ മാണി സാര്‍ അവതരിപ്പിക്കുക. അതിനു മന്ത്രി മറുപടി പറയുമ്പോള്‍ തിരുവനന്തപുരത്തെ എല്ലാ പ്രശ്നവും ചേര്‍ത്തു മറുപടി പറയുക. ഇങ്ങനെയായാല്‍ തിരുവനന്തപുരത്തിനെന്തിനു മെംബര്‍. ശിവന്‍കുട്ടിയുടെ ചിന്തകള്‍ ഈ വഴിക്കു പോയി.

രണ്ടു പേരും ഒരേ സബ്മിഷന്‍ നല്‍കി. കെ.എം. മാണിയുടെ സബ്മിഷന്‍റെ വിഷയം പാലായിലെ കുടിവെള്ള പ്രശ്നമാണെന്നാണ് അച്ചടിച്ചു നല്‍കിയ കടലാസിലുണ്ടായിരുന്നത്. എന്നാല്‍ മാണി സാര്‍ അവതരിപ്പിച്ചത് തലസ്ഥാനത്തെ പ്രശ്നം. അതും ശിവന്‍കുട്ടിയുടെ മണ്ഡലത്തിലെ ഒത്ത നടുക്ക് സംഭവിക്കുന്ന കാര്യം. മാണി സാറിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ചൂടു കൂടിയതോടെ പാലായില്‍ വെള്ളമില്ലാതെയായി. അവിടെ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച് തലസ്ഥാനത്തെത്തി കുളിക്കാമെന്നു കരുതി എംഎല്‍എ ഹോസ്റ്റലില്‍ കയറിയപ്പോള്‍ വെള്ളമില്ല. അപ്പോള്‍ പിന്നെ സബ്മിഷന്‍ അവതരിപ്പിക്കാതിരിക്കാന്‍ പറ്റുമോ. സബ്മിഷനു നീളം കൂട്ടാന്‍ വേണ്ടി കഴിഞ്ഞ കുറെക്കാലം തിരുവനന്തപുരത്തുണ്ടാകുന്ന കുടിവെള്ള പ്രശ്നമങ്ങു പറഞ്ഞുപോയി. ശിവന്‍കുട്ടിക്ക് അതില്‍ പ്രശ്നമില്ല. സീനിയര്‍ മെംബറാണു മാണി സാര്‍. എന്നാല്‍ താനും എഴുതിക്കൊടുത്ത സബ്മിഷന് മന്ത്രി മാണിസാറിന്‍റെ സബ്മിഷനില്‍ മറുപടി പറയാമോ.

ഉടന്‍ വെള്ളം കൊടുക്കുമെന്നുറപ്പും നല്‍കിയ മന്ത്രി ,ശിവന്‍കുട്ടി എഴുന്നേറ്റപ്പോഴാണു ശരിക്കും വെള്ളം കുടിച്ചത്. പ്രേമചന്ദ്രനെ പോലെ ഒരു മന്ത്രി ഇതു ചെയ്യാന്‍ പാടുണ്ടോ. മന്ത്രിയുടെ നടപടി ഒട്ടും ശിരയായില്ലെന്നു ശിവന്‍കുട്ടി ആഞ്ഞടിച്ചു. തന്‍റെ മണ്ഡലത്തിന്‍റെ ഒത്ത നടുക്കാണ് രണ്ടു ദിവസമായി കുഴിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും മാണി സാറിന്‍റെ മറുപടിയില്‍ അതുപറഞ്ഞത് അംഗീകരിക്കാനാകില്ല. പാലായും തിരുവനന്തപുരവും തമ്മിലുള്ള അകലവും വ്യത്യാസവും മന്ത്രിക്കു മനസിലായില്ലെന്നാണു ശിവന്‍കുട്ടിക്ക് തോന്നിയത്. മന്ത്രിയുടെ നടപടിക്ക് മന്ത്രിയെമാത്രം വിമര്‍ശിച്ചിട്ടും ശിവന്‍കുട്ടിയുടെ കലിയടങ്ങിയില്ല. ഉദ്യോഗസ്ഥരെല്ലാം ഒന്നും ചെയ്യാത്തവരാണെന്നും പഠിക്കാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും വരെ പറഞ്ഞിട്ടേ ഇരിക്കാനായുള്ളൂ. ശിവന്‍കുട്ടി ശത്രുവായി പ്രഖ്യാപിച്ചെന്നു കരുതിയ മന്ത്രി തടിയൂരാനും ശ്രമിച്ചു. ചെയറിനോട് ആവശ്യപ്പെട്ടതാണ് രണ്ടു സബ്മിഷനും ഒരുമിച്ചു മറുപടി നല്‍കാമെന്ന് പക്ഷേ, ചെയര്‍ അതു ശ്രദ്ധിച്ചില്ല. അതു തന്‍റെ കുഴപ്പമല്ലെന്നു വരുത്തി ത്തീര്‍ത്തപ്പോള്‍ മന്ത്രിക്കും സമാധാനം.

ഒരു കാലത്ത് മന്ത്രി എം. വിജയകുമാര്‍ നിയമസഭയില്‍ എന്തു പറഞ്ഞാലും വിവാദമാകുമായിരുന്നു. എന്തെങ്കിലും വിവാദങ്ങളുണ്ടാക്കിയിട്ടേ മന്ത്രി പ്രസംഗം അവസാനിപ്പിക്കൂ. എന്നാല്‍ അതൊന്നുമില്ലാത്ത ഒരു മറുപടി പറയാന്‍ അവസരം കിട്ടിയാല്‍ ശരിക്കും ഉപയോഗിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ദേഷ്യം വരാതിരിക്കുമോ. രണ്ടു വര്‍ഷം മുന്‍പ് ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയപ്പോള്‍ ശ്രീശാന്തിനും ഉത്തപ്പയ്ക്കും പണം നല്‍കി അനുമോദിക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ നടന്നില്ല. അതു മന്ത്രിയുടെ കുഴപ്പം കൊണ്ടല്ല. അവര്‍ക്കു സമയമില്ലാഞ്ഞിട്ടാണ്. പ്രതിപക്ഷത്തു നിന്നും ഇത് സബ്മിഷനായി വന്നപ്പോള്‍ ഇതു പറഞ്ഞു കസറാമെന്നു വിചാരിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം അനുവദിക്കണ്ടേ. അവര്‍ മറുപടി പറയാന്‍ സമ്മതിക്കാതെ ബഹളം വയ്ക്കുന്നു. ഇതിനുവദിക്കാമോ. ഒന്നുമല്ലെങ്കിലും അഞ്ചു വര്‍ഷം സ്പീക്കറായിരുന്ന ആളല്ലേ . ആ പരിഗണനയെങ്കിലും കിട്ടണ്ടേ. ശ്രീശാന്തിനും ഉത്തപ്പയ്ക്കും സമയം കിട്ടുകയും പരിപാടിയുടെ തീയതി നിശ്ചയിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം അതു നെഞ്ചു വിരിച്ചു പറയാന്‍ അനുവദിക്കാതിരുന്നാല്‍ എന്തു ചെയ്യും. സബ്മിഷന്‍ അവതരിപ്പിച്ചാല്‍ പോര അതിനു മറുപടി കേള്‍ക്കാനുള്ള സഹിഷ്ണത കൂടി വേണം. അതിനു തയ്യാറുണ്ടോ എന്നു വെല്ലുവിളിക്കേണ്ടി വന്നു മന്ത്രിക്ക്.

പ്രതിപക്ഷ അംഗങ്ങള്‍ പ്രസംഗിക്കുമ്പോള്‍ കേള്‍ക്കാന്‍ ഭരണപക്ഷം മാത്രം മതിയോ. സംശയം പി.വിശ്വനാണ്. എം.എ. വാഹിദ് കത്തിക്കയറി സംസാരിക്കുമ്പോള്‍ പ്രതിപക്ഷ ബഞ്ചില്‍ സി.റ്റി. അഹമ്മദലി മാത്രം. വാഹിദിന്‍റെ പാര്‍ട്ടിക്കാര്‍ പോലും അംസബ്ലിയില്‍ ഇല്ല. ഇതുകണ്ടാണ് പി.വിശ്വന്‍ ക്രമപ്രശ്നം ഉന്നയിച്ചത്. ഉന്നയിക്കുക മാത്രമല്ല നിയമം നിര്‍മിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വിശ്വന്‍റെ ക്രമപ്രശ്നം കേട്ടപ്പോള്‍ സഭയില്‍ ഇരുന്നതാണെന്നു അബദ്ധമെന്നു കരുതി സി.റ്റിയും സഭ വിട്ടു. ഒടുവില്‍ സ്വന്തം മുന്നണിക്കാരോ പാര്‍ട്ടിക്കാരോ കേള്‍ക്കാനില്ലായിരുന്നിട്ടു കൂടി എം.എ.വാഹിദ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വാഹിദിനെതിരെ ഭരണപക്ഷത്തു നിന്നും ആക്രമണങ്ങളുണ്ടാകാത്തത് ഒറ്റയാള്‍ പോരാളിയോടുള്ള ബഹുമാനം കൊണ്ടായിരുന്നിരിക്കണം. ധനമന്ത്രിയുടെ അറിവും മികവുമൊന്നുമല്ല മനോഹരമായ ബജറ്റിന് കാരണമെന്നാണ് പിറ്റിഎ റഹിമിന്‍റെ കാഴ്ചപ്പാട്. ഇത്രയും മനോഹരമായി കാര്യങ്ങള്‍ ചെയ്യുന്ന മന്ത്രി തൊട്ടതെല്ലാം പൊന്നാക്കുന്ന മാജിക്കുകാരനാണെന്നാണ് റഹിം വിശ്വസിക്കുന്നത്. മന്ത്രിയെയും ബജറ്റിനെയും ഭരണത്തെയും കുറിച്ച് ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം സൂര്യതാപം കുറയ്ക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മന്ത്രീ എന്തെങ്കിലും ജാലവിദ്യ കാണിച്ച് ഈ താപമൊന്നു കുറയ്ക്കൂ എന്നു മാത്രമാണ് പിറ്റിഎ റഹിമിന് അഭ്യര്‍ഥിക്കാനുള്ളത്. ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കാമെന്നു കരുതുന്ന, കേന്ദ്രത്തിന്‍റെ വരിഞ്ഞു മുറുക്കലിനിടയിലും രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പെടാപ്പാടുപെടുന്ന മന്ത്രി തോമസ് ഐസകും റഹിമിന്‍റെ പ്രസംഗം കേട്ടൊന്നാശിച്ചു പോയി. മാജിക് വശമുണ്ടായി രുന്നെങ്കിലെന്ന്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code