Sunday, August 01, 2010   5:15 AM IST
Supplements
Home>> News>> Kerala News
Kerala News
ഭൂകവചത്തിന് എന്തു പറ്റി
Tuesday, March 16, 2010
|
|
|
ഡോ. കെ. സോമന്‍

മീനമാസത്തിലെ ചൂട് മലയാളിയുടെ മനസില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒരനുഭവമാണ്. എന്നാല്‍ ഈ വര്‍ഷം മീനച്ചൂട് കുംഭമാസത്തില്‍ത്തന്നെ എല്ലാ സീമകളും ലംഘിച്ചു 41 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ (പാലക്കാട്) എത്തിയപ്പോള്‍ 50ലധികം പേര്‍ ആഘാതമേറ്റു കിടപ്പായി. അതു പാലക്കാടന്‍ ചുരത്തില്‍ മാത്രമായി ഒതുങ്ങിയില്ല. അതുകൊണ്ടു തന്നെ ജിയോഗ്രഫിയുടെ പ്രത്യേകതയായി ഈ ചൂടിനെ അവതരിപ്പിക്കാന്‍ കഴിയില്ല. സാധാരണമായി പാലക്കാടും പുനലൂരും ചുരങ്ങളും തമിഴ്നാട്ടില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്‍റെ പ്രസരണ പാതകളും ആയതിനാല്‍ അവിടങ്ങളില്‍ കേരളത്തിലെ ഇതര പ്രദേശങ്ങളിലെക്കാള്‍ കൂടുതല്‍ ചൂട് സാധാരണ അനുഭവപ്പെടാറുണ്ട്.

വര്‍ധിത അന്തരീക്ഷോഷ്മാവ് (ചൂട്) ഒന്നുകില്‍ സൗരപ്രക്രിയകളുമായി (സോളാര്‍ ഫ്ളെയര്‍)ബന്ധപ്പെട്ടാകണം. അല്ലെങ്കില്‍ ആഗോള താപനവും അതിന്‍റെ കാരണങ്ങളുമായി ബന്ധപ്പെട്ടുള്ളതാകണം . സോളാര്‍ ഫ്ളെയര്‍ ഉണ്ടായതിന്‍റെ യാതൊരു ലക്ഷണവും ദൂരമാപിനികളില്‍ നിന്നു ലഭ്യമല്ല. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയില്‍ 0.913 ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടിയതായി അടുത്തിടെ ഇന്ത്യന്‍ മെറ്റിരീയളൊജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് സമ്മതിച്ചിരുന്നു. അതായത് ആഗോളതാപനം ഇന്ത്യയിലും എത്തിയെന്ന് ന മ്മുടെ ഔദ്യോഗിക ഏജന്‍സി സമ്മതിച്ചു . കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണ്‍ മഴകളിലെ വ്യത്യാസം സമുദ്രോപരിതലത്തിലെ താപവര്‍ധന മൂലമാണെന്ന് മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഇതുവരെ സമ്മതിച്ചിട്ടില്ലെങ്കിലും ആ രംഗത്തെ ഏതാനും പ്രവര്‍ത്തകര്‍ വാര്‍ത്താമാധ്യമങ്ങള്‍ വഴി അനൗദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 21നു സൂര്യകിരണങ്ങള്‍ ഭൂമധ്യരേഖയുടെ നേര്‍ക്ക് ഉച്ചസമയത്തു പതിക്കുന്നതു ഭൂമിയുടെ പ്രയാണപഥത്തില്‍ പ്രത്യേകതയാണ്. അതിനുശേഷം സൂര്യന്‍ ഉത്തരായന പ്രദക്ഷിണത്തിലും ആയതിനാല്‍ മീനം മുതല്‍ മഴ തുടങ്ങുന്നതുവരെ ഭൂമധ്യരേഖയ്ക്കു വടക്കുള്ള കേരളത്തില്‍ ചൂടു കൂടുക സ്വാഭാവികമാണ്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് ആദ്യം മുതലേ അനുഭവപ്പെടുന്ന വര്‍ധിത ചൂടിന്‍റെ കാരണങ്ങളാണിവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സൂര്യനില്‍ നിന്നുള്ള തുടര്‍ച്ചയായ ഊര്‍ജ പ്രവാഹമാണു ഭൂമിയിലെ കാലാവസ്ഥ നിര്‍ണയിക്കുന്നത്. അന്തരീക്ഷത്തിലൂടെയെത്തുന്ന സൗരോര്‍ജം ഭൂതലത്തെ ചൂടുപിടിപ്പിക്കുന്നു. ചൂടേറുമ്പോള്‍ ഭൂതലത്തില്‍ നിന്നു ചൂട് അന്തരീക്ഷത്തിലേക്കു പ്രതിപതിപ്പിക്കുന്നു. ഇങ്ങനെ പ്രതിപതിക്കുന്ന ഊര്‍ജം കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ്, ഓസോണ്‍, ജലബാഷ്പങ്ങള്‍ മുതലായവയാല്‍ ആഗിരണം ചെയ്യപ്പെട്ടു ഭൂമിക്കു മുകളില്‍ ഒരു കവചം പോലെ നില്‍ക്കുന്നതുകൊണ്ടാണു ഭൂതലത്തിലെ ഊഷ്മാവ് വളരെ താണ് ജീവജാലങ്ങള്‍ക്കു ഭീഷണി ആവാതിരിക്കുന്നത്. ചൂട് ആഗിരണം ചെയ്യുന്ന വാതകങ്ങളില്‍/ബാഷ്പങ്ങളില്‍ ഏറ്റവും പ്രധാനം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്.

വ്യാവസായിക വിപ്ലവാനന്തര കാലഘട്ടത്തില്‍ മനുഷ്യന്‍റെ പ്രവൃത്തികള്‍ ഒരു ഭൗമശക്തിയെന്ന നിലയിലേക്കുയര്‍ന്നപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെയും ഇതര ഹരിത വാതകങ്ങളുടെയും അളവു ഗണ്യമായി ഉയരുകയായിരുന്നു. ഇന്നു നാം ചര്‍ച്ച ചെയ്യുന്ന ആഗോള താപന പ്രതിഭാസം വ്യാവസായിക വിപ്ലവാനത്തര കാലഘട്ടത്തിലെ വ്യവസായ വളര്‍ച്ചയുടെയും കാര്‍ഷിക വളര്‍ച്ചയുടെയും ഭാഗമാണെന്നര്‍ഥം. കൂട്ടത്തില്‍ ഭൗമ പ്രക്രിയകളും (പ്രത്യേകിച്ച് അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍) ഇതിനെ കുറച്ചു സഹായിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ കാലദൈര്‍ഘ്യം 100 കൊല്ലത്തിനടുത്താണെന്നത്, നാം ഇപ്പോള്‍ത്തന്നെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ നിര്‍ഗമനം തടഞ്ഞാലും അന്തരീക്ഷോഷ്മാവ് കൂടിക്കൊണ്ടേ ഇരിക്കും എന്നതിലേക്കു വിരല്‍ ചൂണ്ടുന്നു.

ഫോട്ടൊസിന്‍തസിസ് സാധ്യമാക്കിയിരുന്ന വനവിസ്തൃതി കുറഞ്ഞുപോയതും കാര്‍ഷിക മേഖലയില്‍ നിന്നുള്ള നൈട്രസ് ഓക്സൈഡിന്‍റെ അളവു കൂടിയതും മാലിന്യങ്ങളില്‍ നിന്നുള്ള മീഥെയ്ന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയുടെ അളവുകള്‍ കൂടിയതുമൊക്കെ അന്തരീക്ഷത്തിലെ താപനില കൂട്ടാന്‍ കാരണമായി. ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ മീന-മേട ചൂട് കൂടി മലയാളിക്കു സ്വസ്ഥമായി കഴിയാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല.

ഭൂതാപനം ആഗോള പ്രതിഭാസമാണെന്നു പറയുമ്പോഴും പ്രാദേശിക ഇടപെടലുകളും തടയിടലും സാധ്യമാണെന്നു മനസിലാക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ ചൂടു കൂടിയതിന്‍റെ കാരണങ്ങള്‍ പരിശോധിക്കുന്നതു നന്നായിരിക്കും.

(തുടരും)



(ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍നിന്നു സീനിയര്‍ സയന്‍റിസ്റ്റായി വിരമിച്ച ലേഖകന്‍ ഇപ്പോള്‍ വക്കം മൗലവി ഫൗണ്ടേഷന്‍ ഡയറക്റ്ററാണ്.)

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code