Sunday, February 05, 2012   5:40 AM IST
Supplements
Home>> Cinema>> Latest News
Headlines
ഉദകപ്പോള സിനിമയാകുന്നു
Sunday, April 04, 2010
|
|
|
വി. റെജികുമാര്‍

"ഇന്നോര്‍ക്കുമ്പോള്‍ ഞാനും കരുണാകരമേനോനും തമ്മില്‍ പെട്ടെന്നുണ്ടായ ആ പരസ്പര ധാരണയുടെ പിന്നിലുണ്ടായിരുന്നത് ഒരു രഹസ്യവും അതിന്‍റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ബന്ധമായിരുന്നു എന്നു തോന്നുന്നു. ആ മനുഷ്യനെ സംബന്ധിക്കുന്ന ഒന്നും പുറത്തുപറയാന്‍ എനിക്ക് അവകാശമില്ല എന്നൊരു തോന്നല്‍ എങ്ങനെയോ, ജോലിയില്‍ നിയമിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ രൂഢമൂലമായി. കിഴവന്‍ അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടില്ല.

ആരോടും അവിടെക്കണ്ടതിനെക്കുറിച്ചും കേട്ടതിനെക്കുറിച്ചും പറയാതിരിക്കാനായി ഞാനൊരു എളുപ്പപ്പണി കണ്ടെത്തി. പുതിയ ജോലിയെക്കുറിച്ച് ആരോടും പറഞ്ഞില്ല. അതൊരു സ്വകാര്യ വീഴ്ചയായോ നേട്ടമായോ ഞാന്‍ കണക്കാക്കി. ഒരുപക്ഷേ, അന്നു ക്ലാര സ്ഥലത്തുണ്ടായിരുന്നെങ്കില്‍ അവളെ കണ്ടുപിടിച്ച് ജോലി കിട്ടിയ കാര്യം ഞാന്‍ പറഞ്ഞേനെ. പക്ഷേ, ആ ദിവസങ്ങളിലൊന്നും അവള്‍ ടൗണിലെങ്ങുമുണ്ടായിരുന്നില്ല. ഏതോ നഗരത്തില്‍, ഏതോ മേല്‍വിലാസത്തില്‍, ഏതോ മുറിയില്‍ പതുങ്ങിക്കൂടിയിരിക്കുന്ന അവളെ തേടിപ്പിടിച്ച് അത് അറിയിക്കാന്‍ എനിക്കൊട്ടു ഭ്രാന്തുമുണ്ടായിരുന്നില്ല.

ഒരിക്കല്‍ മാത്രം ജയകൃഷ്ണനോട് ഇതേപ്പറ്റി പറയാന്‍ തുടങ്ങിയതാണ്. എനിക്കു താല്‍പ്പര്യമില്ലാത്ത എന്തോ ഒന്നാണ് പറഞ്ഞു തുടങ്ങുന്നതെന്നു കണ്ടപ്പോള്‍ അയാള്‍ തന്നെ എന്നെ തടഞ്ഞു...''

എഴുപതുകളുടെ അവസാനം മുതല്‍ എത്രയോ തവണ ഒരഭിനിവേശം പോലെ വായിച്ച ഒരു നോവലിന്‍റെ മൂന്നാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ ക്ലാരയെയും ജയകൃഷ്ണനെയും നമുക്കു പരിചയമുണ്ട്. ഈ നോവല്‍, മലയാളത്തിന്‍റെ പ്രിയപ്പെട്ട പത്മരാജന്‍റെ ഗന്ധര്‍വ വിരലുകള്‍ കുറിച്ചിട്ട ഉദകപ്പോള. ജയകൃഷ്ണനെ മണ്ണാറത്തൊടിയുടെ ഭൂമിയില്‍ പ്രതിഷ്ഠിച്ച് പത്മരാജന്‍ തൂവാനത്തുമ്പികളില്‍ അവതരിപ്പിച്ചു. മഴത്തുള്ളികള്‍ക്കിടയിലൂടെ എല്ലായ്പ്പോഴും ജയകൃഷ്ണനെത്തേടിവന്നു, ക്ലാര. അതോടെ ജയകൃഷ്ണന്‍റെ കാര്‍, ജയകൃഷ്ണന്‍റെ സുഹൃത്തുക്കള്‍, ജയകൃഷ്ണന്‍റെ യാത്രകള്‍, ജയകൃഷ്ണന്‍റെ പെണ്ണുങ്ങള്‍... എല്ലാം നമ്മളോരോരുത്തരുടെയും സ്വന്തമായി. അപ്പോഴും ഞാനും കരുണാകരമേനോനും തമ്മിലുള്ള ബന്ധം ഒരു രഹസ്യവും അതിന്‍റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ബന്ധമായി അണിയറയില്‍ നിന്നു.

ഇതാ ഞാനും കരുണാകരമേനോനും കഥാപാത്രങ്ങളായി വരുന്നു. തൂവാനത്തുമ്പികളില്‍ മഴയായി വന്ന ക്ലാരയും ജയകൃഷ്ണനും ഇവര്‍ക്കിടയില്‍ ഒരു കാറ്റായി വീശും. ഉദകപ്പോള സിനിമയാകുന്നു. ജയകൃഷ്ണന്‍റെയും ക്ലാരയുടെയുമിടയില്‍ പത്മരാജന്‍ പറയാതെ ബാക്കിവച്ചത് അദ്ദേഹത്തിന്‍റെ മകന്‍ അനന്തപത്മനാഭന്‍ എഴുതിച്ചേര്‍ക്കുന്നു. മലയാളത്തില്‍ തകര മുതലിങ്ങോട്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ ഉദകപ്പോള സംവിധാനം ചെയ്യുന്നു. കരുണാകര മേനോനായി ഇവരുടെ മനസില്‍ കമല്‍ഹാസന്‍.

ഉദകപ്പോള

സംവിധാനം:

പ്രതാപ് പോത്തന്‍

കഥ: പി. പത്മരാജന്‍

തിരക്കഥ, സംഭാഷണം:

അനന്തപത്മനാഭന്‍



സ്ക്രീനില്‍ ഇങ്ങനെയൊരു ടൈറ്റില്‍ കാര്‍ഡ് തെളിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. എഴുത്തിന്‍റെയും ദൃശ്യങ്ങളുടെയും മൂന്നാം യാമമെത്തും മുന്‍പു ഗന്ധര്‍വന്‍ കടന്നുപോയിട്ട് പത്തൊന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട നോവലുകളിലൊന്നായ ഉദകപ്പോള സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. തൂവാനത്തുമ്പികള്‍ എന്ന അതിപ്രശസ്തമായ സിനിമ പത്മരാജന്‍ അണിയിച്ചൊരുക്കിയത് ഉദകപ്പോളയിലെ ഏതാനും ഭാഗങ്ങളെടുത്താണ്. ജയകൃഷ്ണനും ക്ലാരയുമൊക്കെ അപ്പോള്‍ സ്വതന്ത്രവ്യക്തിത്വങ്ങളും നായികാനായകന്മാരുമായി. എന്നാല്‍ ഉദകപ്പോളയില്‍ കരുണാകര മേനോനാണു നായകന്‍. പാശ്ചാത്യ ജീവിതശൈലികളുള്ള ഐഎഎസുകാരന്‍.

പത്മരാജന്‍റെ തകര, ഭരതന്‍ മൂന്നരപ്പതിറ്റാണ്ടു മുന്‍പു സിനിമയാക്കിയപ്പോള്‍ പ്രതാപ് പോത്തനായിരുന്നു നായകന്‍. ഉദകപ്പോള തുടര്‍നോവലായി മലയാളനാട് എന്ന പ്രസിദ്ധീകരണത്തില്‍ വരുന്നകാലം. അതിന്‍റെ രേഖാചിത്രങ്ങള്‍ വരച്ചത് ഭരതന്‍. അതിനിടയിലായിരുന്നു തകരയുടെ ഷൂട്ടിങ്. വരയ്ക്കാനിരിക്കെ ഭരതനും പത്മരാജനും തമ്മിലുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് പ്രതാപ് പോത്തന്‍ സാക്ഷിയായിരുന്നു. അന്നേ മനസില്‍ കയറിയ ഉദകപ്പോളയാണ് ഇപ്പോള്‍ അഭ്രപാളിയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്. യാദൃച്ഛികമാകാം, അനന്തപത്മനാഭന്‍ അച്ഛന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത്. തകര മുതല്‍ ഭരതന്‍ - പത്മരാജന്‍ കൂട്ടുകെട്ടിനൊപ്പമുണ്ടായിരുന്ന സംവിധായകന്‍ ജോര്‍ജ് കിത്തു ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.

ഉദകപ്പോളയുടെ ക്ലൈമാക്സ് ഒരു അനുബന്ധമാണ് :



""രണ്ടാം ദിവസം ആ ചരമക്കാര്‍ഡുമെത്തി. ഞാനും കരുണാകരമേനോനും ആ കറുത്ത അക്ഷരങ്ങളും നോക്കി ഏറെ നേരം പകച്ചിരുന്നു. നോക്കുന്തോറും ഞങ്ങള്‍ക്ക് ആ കാര്‍ഡ് കൂടുതല്‍ക്കൂടുതല്‍ പരിചിതമായിക്കൊണ്ടിരുന്നു. പലയാവര്‍ത്തി നോക്കി കിഴവന്‍ കാര്‍ഡ് മേശപ്പുറത്തേയ്ക്കിട്ടു. നോക്കിക്കോളൂ, അയാള്‍ കാര്‍ഡിനെ ഉദ്ദേശിച്ച് എന്നോടു പറഞ്ഞു. മനസിലായി, അതു പറയുമ്പോള്‍ എന്‍റെ സ്വരം കണക്കുകൂട്ടലുകള്‍ക്കപ്പുറത്തു തേഞ്ഞുപോയി. ഞങ്ങള്‍ക്ക് പുതുതായി ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. ഒരു കണക്കില്‍ അതു വലിയൊരാശ്വാസമായിരുന്നു താനും. ജനാലയ്ക്കപ്പുറത്ത് തേക്കിലകളില്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു.''
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code