മരണപ്പോരിന് മാഞ്ചെസ്റ്റര്‍
Wednesday,
April 07,
2010
മ്യൂണിച്ച്
ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ എവേ പോരാട്ടത്തിലേറ്റ തോല്‍വിയോടെ പുറത്താകല്‍ ഭീഷണി നേരിടുന്ന മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് ഇന്ന് മരണപ്പോരിന്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിനെതിരേ സ്വന്തം തട്ടകത്തിലെ പോരാട്ടത്തില്‍ വിജയം മാത്രമേ മാഞ്ചെസ്റ്റര്‍ മുന്നേറ്റത്തിനുതകൂ. ആദ്യ പാദത്തില്‍ 2-1 നായിരുന്നു മ്യൂണിച്ചിന്‍റെ ജയം.
ഈ മത്സരത്തിനിടെ വെയ്ന്‍ റൂണിക്കു പരുക്കേറ്റത് മാഞ്ചെസ്റ്ററിനു കടുത്ത തിരിച്ചടിയായിരുന്നു. റൂണിയുടെ അഭാവത്തില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരേ കളിച്ച മാഞ്ചെസ്റ്റര്‍ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍ക്കുകയും ചെയ്തു. എന്നാല്‍ മാഞ്ചെസ്റ്റര്‍ ഹോം ഗ്രൗണ്ട് ഏത് വമ്പനും ഭീഷണിയാണെന്നും സ്വന്തം തട്ടകത്തില്‍ ക്ലബിനുള്ള മികച്ച റെക്കോഡ് തുടരാമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ ഗ്യാരി നെവില്‍.
ബുണ്ടസ് ലിഗയില്‍ ടൈറ്റില്‍ പോരാട്ടത്തില്‍ കടുത്ത എതിരാളികളായ ഷാല്‍ക്കയെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍ എത്തുന്നത്. സമനില നേടാനായാലും സെമി ഉറപ്പെന്ന അവസ്ഥയും ജര്‍മന്‍ ക്ലബ്ബിന് അനുകൂലം. ചാംപ്യന്‍സ് ലീഗിലെ ഈ സീസണില്‍ ബോര്‍ഡോ, യുവന്‍റസ്, ഫിയൊറെന്‍റിന എന്നീ ക്ലബ്ബുകള്‍ക്കെതിരേ എവേ പോരാട്ടങ്ങളില്‍ വിജയിക്കാനായത് മ്യൂണിച്ചിന് ഏറെ ആത്മവിശ്വാസം നല്‍കുന്നു. മാഞ്ചെസ്റ്ററിനെതിരേ ഇതിനു മുന്‍പ് ഇറങ്ങിയിട്ടുള്ള എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ തോല്‍വി വഴങ്ങിയിട്ടുള്ളു എന്നതും ബയേണിന് മേല്‍ക്കൈ ഏകുന്നു.
വെയ്ന്‍ റൂണി, മൈക്കിള്‍ ഓവന്‍, ജോണ്‍ ഓഷാ, ആന്‍ഡേഴ്സണ്‍ എന്നിവരുടെ പരുക്ക് മാഞ്ചെസ്റ്ററിനെ വലയ്ക്കുന്നു. റൂണി ചിലപ്പോള്‍ ടീമിലെത്തിയേക്കുമെന്ന് തുടക്കത്തില്‍ സൂചനയുണ്ടായിരുന്നെങ്കിലും സാധ്യതയില്ലെന്ന് മാനെജ്മെന്‍റ്. റൂണിയുടെ അഭാവത്തില്‍ ദിമിതര്‍ ബെര്‍ബറ്റോവിലാകും മാഞ്ചെസ്റ്റര്‍ പ്രതീക്ഷ.
ആദ്യ പാദത്തില്‍ പരുക്ക് മൂലം ഇറങ്ങാനാകാതിരുന്ന ബയേണ്‍ താരം ആര്യന്‍ റോബന്‍ ടീമിനൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. ബാസ്റ്റിന്‍ ഷ്വെന്‍സ്റ്റെയ്ഗര്‍ ഫസ്റ്റ് ഇലവനിലെത്തുമെന്ന് ഉറപ്പ്. മാര്‍ക് വാന്‍ ബൊമ്മലിലൂടെ മിഡ്ഫീല്‍ഡില്‍ മാഞ്ചെസ്റ്റര്‍ ആക്രമണങ്ങള്‍ തടഞ്ഞിടാമെന്നാണ് ബയേണ്‍ പ്രതീക്ഷ.
ഇന്ന് മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബുകള്‍ ബോര്‍ഡോയും ലിയോണും രണ്ടാം പാദത്തില്‍ ഏറ്റുമുട്ടും. ആദ്യ പാദ മത്സരത്തില്‍ ലിയോണ്‍ 3-1 ന് വിജയിച്ചിരുന്നു.
Close...
Maximum Character Allowed -
4000