ശാരിക ശങ്കര്‍
പെരിയാറിനു മീതെ മഴയുടെ വെള്ളിനൂലുകള്‍ പെയ്തിറങ്ങുന്നു. പുഴയരികില്‍ ശ്രീപീഠം എന്ന വീടിന്‍റെ ഉമ്മറത്ത് മഴത്തുള്ളികള്‍ക്കൊപ്പം ഓര്‍മകള്‍ പെയ്തിറക്കുകയാണ് അമ്മ. തോരാമഴയുടെ തണുപ്പു പോലെ സ്നേഹം വിതറി, പൂനിലാ വു പോലെ പുഞ്ചിരിച്ച്, വാത്സല്യം പകര്‍ന്ന അമ്മ വലിയ സന്തോഷത്തിലാണ്. മലയാള സിനിമയില്‍ അന്‍പതു വര്‍ഷം നിറദീപമായി തെളിഞ്ഞു നിന്നതിന്‍റെ പ്രഭയുണ്ട് ആ മുഖത്ത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതം ധന്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മകളില്‍ സന്തോഷത്തിന്‍റെ ശുഭമുഹൂര്‍ത്തങ്ങള്‍ മാത്രം. മലയാളത്തിന് അന്നും ഇന്നും അമ്മയെന്നു പറഞ്ഞാല്‍ പൊന്നമ്മയല്ലാതെ മറ്റാര്.
അഭ്രപാളിയില്‍ അമ്മയുടെ സഹ ജമായ കരുതലറിയിച്ച പൊന്നമ്മയു ടെ മനസില്‍ അഞ്ചു വയസ് മുതലു ള്ള ഓര്‍മകളുണ്ട്. തൊടിയിലെ പച്ചപ്പിനെ സ്നേഹിച്ച ബാല്യം മുതല്‍ സിനിമാജീവിതത്തിന്‍റെ അന്‍പതാം വാര്‍ഷികം വരെയുള്ള മനോഹരമാ യ ഓര്‍മകള്‍...
പ്രകൃതിയെ സ്നേഹിച്ച ബാല്യം
തിരുവല്ല കവിയൂര്‍ തെക്കേതില്‍ വീട്ടില്‍ ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മൂത്തമകള്‍ പൊന്നമ്മയ് ക്കു പ്രകൃതിയായിരുന്നു എന്നും കൂട്ട്. ബഹളക്കാരിയായ കുട്ടിയായിരുന്നി ല്ല പൊന്നമ്മ. പറമ്പിലെ പാവലിനും പടവലത്തിനുമൊപ്പം കളിപറഞ്ഞ്, അതിന്‍റെ ഗന്ധം നുകര്‍ന്ന്, കിളികളോടും മൃഗങ്ങളോടും കഥ പറഞ്ഞു നടന്ന കുഞ്ഞു പൊന്നമ്മ. ഏഴു വയസുള്ളപ്പോള്‍ പൊന്നമ്മയ്ക്ക് ഒരാഗ്രഹം. ഭൂമിയുണ്ടാക്കിയ ആളെ കാണണം. അച്ഛനോടു കാര്യം പറഞ്ഞു. മകളുടെ ചോദ്യം കേട്ട അച്ഛന്‍ ആദ്യം അമ്പരന്നു. ദൈവമാ ണു ഭൂമി സൃഷ്ടിച്ചതെന്ന അച്ഛന്‍റെ മറുപടിയില്‍ പൊന്നമ്മയ്ക്കു തൃപ്തി വന്നില്ല. ദൈവത്തെ ഉടന്‍ കാണണമെന്നായി. അരൂപിയാണെന്ന മറുപ ടിയിലും പൊന്നമ്മയ്ക്കു സന്തോഷമായില്ല. അകലെയെവിടെയോ, ഒരു കൊട്ടാരത്തില്‍ കിരീടം ധരിച്ചു രാജാവിനെപ്പോലെ ദൈവം! പൊന്നമ്മ മനസില്‍ വരച്ചു ദൈവത്തെ.
ആ ദൈവമായിരിക്കണം പൊന്നമ്മയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്. എല്ലാ ജീവികളോടും സ്നേഹമാണ്. ഉറുമ്പിനെപ്പോലും നോവിക്കാറില്ല. തിരിച്ചും അതേ വിശ്വാസം, ഒരു ജീവി യും തന്നെയും ഉപദ്രവിക്കില്ല. വെറുതെയിരുന്നാല്‍ ചിന്തിച്ചു കാടുകയറും, കരച്ചില്‍ വരും. അതുകൊണ്ട് കഴിയുന്നതും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ശ്രമിക്കും. മനസില്‍ ഉറഞ്ഞുകൂടിക്കിടക്കുന്ന വികാരം ദുഃഖമാണ്. താരാട്ട് കേട്ടാല്‍, കുഞ്ഞ് കരയുന്നത് കണ്ടാല്‍, ആട്ടിന്‍കുഞ്ഞിന്‍റെ വിളികേട്ടാലൊക്കെ കണ്ണുകള്‍ നിറയും. പൊന്നമ്മയ്ക്ക് അതൊന്നും തടയാനാവില്ല.
സിനിമയിലേക്ക്...
ചെറുപ്പം മുതല്‍ സംഗീതത്തോടായിരുന്നു പൊന്നമ്മയ്ക്കു പ്രണയം. പതിനൊന്നാം വയസില്‍ അരങ്ങേറ്റം. നാടകത്തില്‍ പാട്ടുപാടാനാണ് ആദ്യം അവസരം കിട്ടിയത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തില്‍ പാടാനെത്തിയ പൊന്നമ്മയ്ക്കു വിധി കാത്തുവച്ചത് നാടകത്തിലെ നായികാവേഷം. അങ്ങനെ, സ്റ്റേജില്‍ പാടി അഭിനയി ച്ചു. പിന്നീട്, തിരക്കൊഴിയാത്ത നാടക വേദികള്‍. അന്നും സിനിമ ഒരു മോഹമായി മനസിലുണ്ടായിരുന്നി ല്ല. ഇതിനിടെ, മെരിലാന്‍ഡ് സുബ്രഹ്മണ്യം നിര്‍മിച്ച ശ്രീരാമപട്ടാഭിഷേകത്തിലെ മണ്ഡോദരിയുടെ വേഷത്തിലേക്ക് പൊന്നമ്മയെ വിളിച്ചു.
ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയതു കരഞ്ഞുകൊണ്ടാണ്. പിന്നെ, തോരാത്ത കണ്ണീരിന്‍റെ പ്രതിരൂപമായ കഥാപാത്രങ്ങളാണു പൊന്നമ്മയെ കാത്തിരുന്നത്. ശശികുമാര്‍ സംവിധാനം ചെയ്ത കുടുംബിനിയാ ണ് പൊന്നമ്മ പ്രധാനവേഷത്തിലെത്തിയ ചിത്രം. രണ്ടു കുട്ടികളുടെ അമ്മയായി അഭിനയിച്ച പൊന്നമ്മയോ ടു സംവിധായകന്‍റെ കമന്‍റ്, നായികാവേഷത്തേക്കാള്‍ യോജിക്കുന്നത് അമ്മവേഷങ്ങളാണ്. ആ നാവു പൊന്നായി. തിങ്കളാഴ്ച നല്ല ദിവസം, തനിയാവര്‍ത്തനം, കിരീടം, വാത്സല്യം, കുടുംബവിശേഷം, ഭരതം, നന്ദനം... അമ്മയുടെ സ്നേഹവും സങ്കടവും സന്തോഷവുമൊക്കെ അറിയിച്ച എത്രയോ കഥാപാത്രങ്ങള്‍... ആദ്യകാലത്തു വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നല്ല അമ്മയായി പ്രേക്ഷകര്‍ അംഗീകരിച്ചെന്നു മനസിലായതോടെ, ആ ആഗ്രഹം ഉപേക്ഷിച്ചു. സത്യനും മധുവും മക്കളായി അഭിനയിച്ച തൊമ്മന്‍റെ മക്കളിലാണ് ആദ്യമായി പൊന്നമ്മയുടെ മുടി നരപ്പിച്ചത്. നന്ദനത്തിലെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെ ടുന്നുവെന്ന് പൊന്നമ്മ. ഇന്നു സിനിമയിലെ ഇളം തലമുറക്കാരുടെ അമ്മയായും അമ്മൂമ്മയായും നിറഞ്ഞു നില്‍ക്കുമ്പോള്‍ പൊന്നമ്മ പറയുന്നു, സിനിമയും ജീവിതവും രണ്ടായി കാണാന്‍ കഴിഞ്ഞിട്ടില്ല.
അഭ്രപാളിയിലെ അമ്മമാര്‍
കവിയൂര്‍ പൊന്നമ്മ, സുകുമാരി, കെപിഎസി ലളിത... അഭ്രപാളിയില്‍ അമ്മയുടെ സൂക്ഷ്മഭാവങ്ങള്‍ വിരിയിച്ചവര്‍. മലയാളികളുടെ മാതൃസങ്കല്‍പ്പങ്ങളോടൊപ്പം നിന്നവരാണു മൂന്നുപേരും. മൂവരും തമ്മില്‍ ഇണപിരിയാത്ത സൗഹൃദം. ഒരു കുടുംബത്തിലുള്ളവരെപ്പോലെ. മൂവരുടെയും ജീവിതത്തില്‍ രഹസ്യങ്ങളുടെ മറയില്ല. ഇത്തരമൊരു സൗഹൃദം സിനിമയില്‍ ചുരുക്കം. പരസ്പരം മത്സരങ്ങളില്ല, ഒരാളുടെ സന്തോഷം എല്ലാവരും പങ്കിട്ടെടുക്കുന്നു. ഏതു പാതിരാത്രിയിലും എന്തു കാര്യവും പറയാന്‍ സ്വാതന്ത്ര്യമുള്ളവരാണെന്നു കവിയൂര്‍ പൊന്നമ്മ പറയുമ്പോള്‍, വാക്കുകളില്‍ കൂടപ്പിറപ്പുകളോടുള്ള സ്നേഹം.
കുടുംബം
കവിയൂര്‍ പൊന്നമ്മയ്ക്ക് ഒരു മകള്‍, ബിന്ദു. മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഭര്‍ത്താവ് വെങ്കിട്ടരാമനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുന്നു. ജന്മംകൊടുത്ത മകള്‍ അകലെയെങ്കിലും, എന്നും അരികിലുണ്ട് കൂടെ ഒരായിരം മക്കള്‍. സിനിമയില്‍ത്തന്നെ ഒരുപാടു മക്കള്‍. മോഹന്‍ലാലിന്‍റെ അമ്മ പൊന്നമ്മയാണെന്നു വിശ്വസിക്കുന്നവരുണ്ട്. ലാലേട്ടന്‍റെയല്ലാതെ മറ്റാരുടെയും അമ്മയായി അഭിനയിക്കരുതെന്നു ചിലര്‍. ചിലര്‍ക്കു മമ്മൂട്ടിയുടെ അമ്മയായി വളരെക്കുറച്ചു മാത്രം അഭിനയിച്ചതിലാണു പരാതി.
സിനിമയിലുള്ളവര്‍ സ്നേഹത്തോടെ പൊന്നുവെന്നു വിളിക്കുമ്പോള്‍, പൊന്നമ്മയ്ക്കു സന്തോഷം. സുരേഷ് ഗോപി മുതല്‍ നവ്യ നായര്‍ വരെയുള്ളവര്‍ക്കു പൊന്നമ്മ, പൊന്നുവാണ്. സ്നേഹം വാരിക്കോരി നല്‍കാന്‍ നിറയെ മക്കളുണ്ട്, അമ്മയ്ക്ക്. ആലുവ ജനസേവ ശിശുഭവനിലെ കുട്ടികളും ഈ അമ്മയുടെ കുഞ്ഞുങ്ങള്‍. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സേവ് ലൈഫ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് ഈ അമ്മ. പ്രകൃതിയുടെ സ്വാഭാവിക പരിണാമങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത അമ്മ. കൗമാരം കഴിയുന്നതിനു മുന്‍പു തന്നെ അമ്മയുടെ പക്വത ഏറ്റെടുത്തു. ജീവിതത്തിലെ ഏറിയ പങ്കും ക്യാമറയ്ക്കു മുന്നില്‍ അമ്മയായി. അമ്മയെന്ന സങ്കല്‍പ്പത്തിന്‍റെ ആള്‍രൂപമായി പൊന്നമ്മ.
വേര്‍പാടുകള്‍
ജനിച്ചാല്‍ ഒരിക്കല്‍ മരണം, അത് അംഗീകരിക്കുന്നു. എങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാട് അതൊരു വേദന തന്നെയാണ്. അച്ഛനമ്മമാര്‍ വിട്ടുപിരിഞ്ഞതാണ് ഏറ്റവും വലിയ നഷ്ടം. അന്‍പതു വര്‍ഷത്തിനിടെ ഒപ്പം നിന്ന, കൈപിടിച്ചു നടത്തിയ, സൗഹൃദം നല്‍കിയ പലരും പിരിഞ്ഞു പോയി. ആദ്യത്തെ ദുരന്തം സത്യന്‍ മാഷുടെ മരണം. ബോധം തന്നെ അസ്തമിച്ചെങ്കില്‍ എന്നു തോന്നിപ്പോയ സമയം. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാതിരുന്നതു ജയന്‍റെ മരണം. പിന്നിടു പലരും വിട്ടുപിരിഞ്ഞു. അവരുടെയൊക്കെ വേര്‍പാട് വിശ്വസിക്കാന്‍ പൊന്നമ്മയ്ക്കു കഴിയില്ല. എവിടെയൊക്കെയോ അവരിപ്പോഴും ഉണ്ട്. ഓര്‍മകള്‍ തികട്ടി വരുമ്പോള്‍ ആലോചന അവസാനിപ്പിക്കും. സന്തോഷിക്കാന്‍ ഒരുപാടു കാര്യങ്ങള്‍ ചുറ്റുമുള്ളപ്പോള്‍ വേദന മറക്കാന്‍ ശ്രമിക്കും.
സുന്ദരിയമ്മ
നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ടും മൂക്കുത്തിയും മാത്രം മതി, പൊന്നമ്മയായി. അന്നും ഇന്നും മാറാതെ തുടരുന്ന ഈ സിഗ്നേച്ചര്‍ പൊന്നമ്മ സ്വീകരിച്ചത് അന്‍പതു കൊല്ലത്തിനു മുന്‍പ്. അച്ഛന്‍റെ കൈപിടിച്ച് കോട്ടയം തിരുനക്കര മൈതാനത്ത്, വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാന്‍ എത്തിയതാണു പൊന്നമ്മ. ആ നാദമാധുരിക്കൊപ്പം പൊന്നമ്മയുടെ മനസില്‍ പതിഞ്ഞതു സുബ്ബലക്ഷ്മിയുടെ രൂപം. വലിയ പൊട്ടും വൈരക്കല്ലുകള്‍ പതിച്ച കമ്മലും മൂക്കുത്തിയും വളയും മോതിരവും മാലയുമൊക്കെ അണിഞ്ഞ്, തിളങ്ങുന്ന പട്ടു ചാര്‍ത്തി, മുടിനിറയെ മുല്ലപ്പൂവും ചൂടി ഒരു ദേവിയെപ്പോലെ സുബ്ബലക്ഷ്മി. അന്നു മുതല്‍ ആഗ്രഹം മനസിലേറി. സുബ്ബലക്ഷ്മിയെപ്പോലെ ഗായികയാവണം, അവരുടെ പൊട്ടും മൂക്കുത്തിയും തനിക്കും വേണം. ആദ്യത്തെ മോഹം വഴിമാറിയെങ്കിലും, ആ സിന്ദൂരപ്പൊട്ടും തിളങ്ങുന്ന മൂക്കുത്തിയും സ്വന്തമാക്കി.
ആഗ്രഹങ്ങള്‍
ഒരിക്കലും ഒന്നും ആഗ്രഹിച്ചില്ല. ഇനിയും അങ്ങനെ തന്നെ. സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല, കഥാപാത്രത്തെ അറിയാന്‍ ശ്രമിക്കുകയായിരുന്നു. അമിതാഭിനയത്തിന്‍റെ കാലത്തു പോലും അടക്കി അഭിനയിക്കാനായിരുന്നു ഇഷ്ടം. കേരള സര്‍ക്കാരിന്‍റെ മികച്ച സഹനടിക്കുള്ള പുരസ്കാരം നാലു പ്രാവശ്യം ലഭിച്ചു. അതിലും വലുതാണു പൊന്നമ്മയ്ക്ക് മലയാളം നല്‍കിയ സ്വീകരണം. മുപ്പത്തഞ്ചു വര്‍ഷത്തെ മദ്രാസ് വാസം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോഴാണ് അതു തിരിച്ചറിഞ്ഞത്. ഈ സ്നേഹം ഉപേക്ഷിക്കാന്‍ തയാറുമല്ല.
ഗുരുവായൂരപ്പന്‍റെ ഭക്തയാണു പൊന്നമ്മ. മനസില്‍ പ്രാര്‍ഥിക്കാനാണ് ഇഷ്ടം. കൃഷ്ണന്‍റെ അനുഗ്രഹം തനിക്കു കൂട്ടായി എപ്പോഴുമുണ്ടെന്ന വിശ്വാസത്തിന്‍റെ കരുത്തുണ്ട്. അമേരിക്കയില്‍ നിന്നു മടങ്ങി വരുന്നതിനിടെ ഫ്ളൈറ്റ് മിസായപ്പോള്‍ അപരിചിതനായ ഒരാള്‍ തന്നെ സഹായിക്കാനെത്തിയത് ഓര്‍ക്കുമ്പോള്‍ പൊന്നമ്മ പറയുന്നു, ഈശ്വരാനുഗ്രഹമാണ് മറ്റൊന്നുമല്ല. ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണം. പതിനൊന്നാം തീയതി സുഹൃത്തുക്കള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന അഭിനയത്തിന്‍റെ അന്‍പതാം വാര്‍ഷികാഘോഷവും ഏറെ സന്തോഷം തരുന്നു. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മലയാളസിനിമയിലെ അഭിനേതാക്കള്‍ ഒന്നടങ്കമെത്തും അമ്മയെ സ്നേഹമറിയിക്കാന്‍. ആ സ്നേഹാദരങ്ങളാണു പൊന്നമ്മയുടെ ചിരിയായി വിടരുന്നത്...
മഴ കനക്കുന്നു, അമ്മയുടെ മടിയില്‍ ഇടിമിന്നല്‍ കണ്ട് പേടിച്ചിരിക്കുകയാണു കുഞ്ചു. അമ്മയുടെ ജീവനാണ് ഈ നായ്ക്കുട്ടി. കുഞ്ഞുവാവേ എന്നു നീട്ടിവിളിച്ചാല്‍ ഓടിയെത്തും. അമ്മ പുറത്തുപോകാനൊരുങ്ങിയാല്‍ ആകെ വിഷമമാണു കുഞ്ഞന്. മടിയില്‍ ശാന്തനായിരിക്കുന്ന കുഞ്ഞന്‍റെ പുറത്തു തട്ടി അമ്മ പറയുന്നു, എന്‍റെ എല്ലാമാണ് ഇവന്‍.
മഴ തോരുന്നതിനു കാത്തുനില്‍ക്കാതെ യാത്ര പറഞ്ഞു, തിരികെയിറങ്ങുമ്പോള്‍, ഉമ്മറത്തു വന്ന് നിറചിരിയോടെ കവിയൂര്‍ പൊന്നമ്മ, ഒരു കരുതലിന്‍റെ, സ്നേഹത്തിന്‍റെ തണുപ്പുണ്ടായിരുന്നു ആ ചിരിയില്‍.
Close...
Maximum Character Allowed -
4000