അതിന്‍റെ കഥയും കഴിച്ചു...
വി. റെജികുമാര്‍
ദേശീയപാതയ്ക്കു 30 മീറ്റര്‍ വീതി മതിയെന്നു കേരളം നിശ്ചയിച്ചു: മലയാളത്തിന്‍റെ ദേശീയദിനപത്രത്തിന്‍റെ ഇന്നലത്തെ മുഖ്യവാര്‍ത്തയുടെ ആദ്യവാചകമാണിത്.
അസംബന്ധങ്ങള്‍ എഴുതുമ്പോള്‍ എത്രത്തോളം പോകാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണിത്. അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമശൈലിയുടെ മികച്ച ദൃഷ്ടാന്തം. പച്ചക്കള്ളമാണ് ഈ വാര്‍ത്ത. കേരളത്തിലെ പത്തു നേതാക്കള്‍ വട്ടത്തിലിരുന്നു നിശ്ചയിക്കാവുന്നതാണോ ദേശീയപാതയുടെ വീതി? അല്ല എന്നുറപ്പുണ്ടായിട്ടും പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചു, ഒരുളുപ്പുമില്ലാതെ. അങ്ങനെയൊരു തീരുമാനം സര്‍വകക്ഷിയോഗത്തിലുണ്ടായില്ല, ഉണ്ടാവില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ വായനക്കാരെ മണ്ടന്മാരാക്കി.
എന്തിന്? അവിടെയാണു സ്ഥാപിതതാത്പര്യം മുഖംമൂടിയഴിഞ്ഞു വീഴുന്നത്. ദേശീയപാതയ്ക്കു 30 മീറ്റര്‍ വീതി മതി എന്നു കുറെക്കാലമായി കൊണ്ടുപിടിച്ച ക്യാംപെയ്ന്‍ നടത്തുകയാണു ദേശീയ മുത്തശ്ശിപ്പത്രവും രാഷ്ട്രീയനേതാവായ അതിന്‍റെ ഉടമയും സകലതിനും ഉടക്കുവയ്ക്കുന്ന, സോഷ്യല്‍ ആക്റ്റിവിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനും പിന്നെ ചില തട്ടിപ്പ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. അവരുടെ ആഗ്രഹമാണ് ചൊവ്വാഴ്ചത്തെ സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനമായി പുറത്തുവന്നത്. ദേശീയപാത സ്ഥലമെടുപ്പു നിര്‍ത്തി എന്ന വാര്‍ത്ത എല്ലാ മാധ്യമങ്ങള്‍ക്കും ആഘോഷമായപ്പോള്‍ മുഖ്യഭരണകക്ഷിയായ സിപിഎമ്മിന്‍റെ മുഖപത്രം അതിനെ രണ്ടുകോളത്തിലൊതുക്കി എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എന്താണിവിടെ പുതുതായി ഉണ്ടായിരിക്കുന്ന പ്രശ്നമെന്നു വിലയിരുത്തേണ്ടതുണ്ട്. 60 മീറ്റര്‍ വീതിയില്‍ രാജ്യത്തെമ്പാടും നിര്‍മിക്കുന്ന പാതയ്ക്കു കേരളത്തിലെത്തിയാല്‍ വീതി 45 മീറ്റര്‍. മലയാളിക്ക് അതു മതി എന്നു മുന്‍പേ സമ്മര്‍ദം ചെലുത്തി ധാരണയാക്കിയതാണ്. അതിന്‍റെയടിസ്ഥാനത്തില്‍ സ്ഥലമെടുപ്പും നിര്‍മാണവും മുന്നോട്ടുപോകുന്നു. എല്ലാം അവസാനഘട്ടത്തിലേക്കു കടക്കുമ്പോഴാണു ചിലര്‍ക്കു പെട്ടെന്നൊരു വെളിപാട്. ഇനി വീതി 30 മീറ്റര്‍ മതി! അമ്പലം- കാണിക്ക-പള്ളി-നേര്‍ച്ചക്കുറ്റി ഭാരവാഹികളും ബാര്‍ ഹോട്ടലുകാരും മുതല്‍ പരിസ്ഥിതിവാദികള്‍ വരെയുള്ളവര്‍ തെരുവിലിറങ്ങി. 30 മീറ്ററില്‍ നാലുവരിപ്പാതയുടെ മോഡല്‍ നിര്‍മിച്ചു പ്രദര്‍ശിപ്പിച്ചും, ഈ ഭൂമിയില്‍ അളവെടുക്കാന്‍ അനുവദിക്കില്ലെന്നു ബോര്‍ഡ് സ്ഥാപിച്ചും സമരങ്ങള്‍, പത്രങ്ങളില്‍ ലേഖനങ്ങള്‍, പ്രതികരണങ്ങള്‍...
ഒടുവില്‍ കേന്ദ്രത്തിനു നിവേദനം നല്‍കാന്‍ തീരുമാനമെടുത്തു: ഞങ്ങള്‍ക്ക് ടോള്‍ പിരിക്കാത്ത 30 മീറ്റര്‍ പാത മതി. അപ്പോള്‍ അതിനു ദേശീയപാതയെന്ന പദവിയുണ്ടാകില്ല, കേന്ദ്രഫണ്ട് കിട്ടില്ല, സുരക്ഷിതത്വത്തിന് യാതൊരുറപ്പും നല്‍കാനാവില്ല എന്നൊക്കെ വിവരമുള്ളവര്‍ പറഞ്ഞുനോക്കി. പക്ഷേ, അച്യുതാനന്ദനും വീരനുമുണ്ടോ വഴങ്ങുന്നു? അടുത്ത സംസ്ഥാനങ്ങളൊക്കെ നാലുവരിപ്പാതയും കഴിഞ്ഞ് ആറുവരിയിലേക്കു നീങ്ങിക്കഴിഞ്ഞപ്പോഴാണ് ഇവിടെ 30 മീറ്റര്‍ എന്ന കടുംപിടുത്തവുമായി എല്ലാവരും ചേര്‍ന്ന് റോഡ് വികസനം പെരുവഴിയിലാക്കിയത്. ദേശീയപാത നിര്‍മാണം നിലച്ചു എന്ന വലിയൊരു പ്രശ്നം അവിടെ നില്‍ക്കട്ടെ. 45 മീറ്റര്‍ പാതയ്ക്കായി ഇതുവരെ സ്ഥലം വിട്ടുകൊടുത്തവരൊക്കെ മരമണ്ടന്മാരായതു മിച്ചം.
എല്ലാത്തിനും വഴിമുടക്കുന്നവരാണു മലയാളികള്‍ എന്നതു പണ്ടേയുള്ള ആക്ഷേപമാണ്. ലോകത്തെ മികച്ച അടിസ്ഥാനസൗകര്യങ്ങളെപ്പറ്റിയൊക്കെ വാചാലരാകും. പക്ഷേ, അതൊന്നും ഇവിടെ വരാന്‍ സമ്മതിക്കുകയുമില്ല. എക്സ്പ്രസ് ഹൈവേ എന്ന ആശയത്തിനെതിരേ, ആ പേരിനെതിരേ എന്തെല്ലാം ബഹളമായിരുന്നു. അതു കേരളത്തെ രണ്ടായി വെട്ടിമുറിക്കും, ജനങ്ങള്‍ക്ക് അപ്പുറമിപ്പുറം കടക്കാനാവില്ല, വീടും പറമ്പും രണ്ടുവശത്താകും, പശുവിനെയും ആടിനെയും പറമ്പില്‍ കെട്ടണമെങ്കില്‍ ടോള്‍ കൊടുക്കേണ്ടിവരും എന്നൊക്കെയായിരുന്നു അന്നത്തെ ആരോപണങ്ങള്‍. അന്നു നീലകണ്ഠനും സംഘവും ചോദിച്ചതു നിലവിലുള്ള പാതകള്‍ വികസിപ്പിച്ചാല്‍ പോരേ എന്നായിരുന്നു. ഇപ്പോഴിതാ, നിലവിലുള്ള പാത വികസിപ്പിക്കുന്നതിനും അതേ തടസവാദങ്ങള്‍ തന്നെ ഉയര്‍ത്തുന്നു, അതും 80 ശതമാനത്തോളം സ്ഥലമെടുപ്പും പണികളും കഴിഞ്ഞിരിക്കുമ്പോള്‍.
നെടുമ്പാശേരി എയര്‍പോര്‍ട്ടിനും സ്മാര്‍ട്ട് സിറ്റിക്കും വല്ലാര്‍പാടം പദ്ധതിക്കുമൊക്കെ കുടിയിറക്കും സ്ഥലമെടുപ്പും നടന്നിട്ടുണ്ടിവിടെ. അന്നും സമരങ്ങള്‍, തടസവാദങ്ങള്‍ ഒക്കെ ഉയര്‍ന്നിരുന്നു. എയര്‍പോര്‍ട്ടും സ്മാര്‍ട്ട് സിറ്റിയുമൊക്കെയാണോ വികസനം എന്നായിരുന്നു അന്നത്തെ ചോദ്യങ്ങള്‍. ഇപ്പോള്‍ റോഡ് വികസനത്തിനെതിരേ സമരം ചെയ്യുന്നവരും ചോദിക്കുന്നത് ഇതൊക്കെത്തന്നെ. ഒന്നോര്‍ക്കുക; ഈ സമരക്കാരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ പണ്ടു മറ്റു ചിലരുടെ വീടുകളും സ്ഥാപനങ്ങളുമായിരുന്നു. നിലവിലുള്ള റോഡ് നിര്‍മിച്ച കാലത്ത് അവരൊക്കെ വഴിമാറിക്കൊടുത്തു. അപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ റോഡരികിലേക്കെത്തി. അവരാണിപ്പോള്‍ തങ്ങളെ ഒഴിപ്പിക്കരുതെന്നു വാദിക്കുന്നത്.
കട്ടിലിനനുസരിച്ചും ചെരുപ്പിനനുസരിച്ചും കാലു മുറിക്കുക എന്ന വിചിത്രവാദമാണ് 30 മീറ്ററിന്‍റെ വക്താക്കള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെമ്പാടും നടക്കുന്ന ത്വരിതവികസനത്തിന്‍റെ ഗുണം കേരളത്തിനു മാത്രം കിട്ടാതിരിക്കാന്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു എന്നതുതന്നെ ദൗര്‍ഭാഗ്യകരമാണ്. സ്ഥലം നഷ്ടമാകുന്നവര്‍ക്കു നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്‍കുക, ടോള്‍ നിരക്ക് ഗണ്യമായി കുറയ്ക്കുക തുടങ്ങിയ പ്രായോഗിക നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ വയ്ക്കുന്നതിനു പകരം, റോഡിന്‍റെ വീതി കുറയ്ക്കുക എന്ന അങ്ങേയറ്റം അപകടകരമായ, ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ച ചേതോവികാരത്തെ നമിക്കണം! വരും തലമുറയോടു ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. ബിഒടി എന്നു കേള്‍ക്കുമ്പൊഴേ കലി തുള്ളുന്നവര്‍, കൊച്ചിയിലെ പൊതു കക്കൂസുകള്‍ പോലും ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന രസകരമായ കാഴ്ച മറുവശത്തുണ്ട്.
വിമാനത്തിലും എസി കാറുകളിലും സഞ്ചരിക്കുന്ന വീരന്മാര്‍ക്കും വേന്ദ്രന്മാര്‍ക്കും ഇതൊന്നുമൊരു പ്രശ്നമാവില്ല. ആരെങ്കിലും വാടക കൊടുക്കുന്ന കാറില്‍ക്കയറി കവലപ്രസംഗത്തിനു പോകുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് ഇതൊക്കെ കോലാഹലത്തിനുള്ള, ഉപജീവനത്തിനുള്ള വിഷയം മാത്രം. അവര്‍ക്ക് എന്നും ഇത്തരം പ്രശ്നങ്ങള്‍ വേണം. ഇന്നേവരെ ഒന്നിനും പ്രായോഗിക ബദല്‍ നിര്‍ദേശിക്കാത്ത ഇക്കൂട്ടര്‍ എല്ലാത്തിനും വഴിമുടക്കികള്‍ മാത്രമാകുന്നു. ഒപ്പം, മുട്ടാപ്പോക്കും തര്‍ക്കുത്തര വും മാത്രം കൈമുതലായ ഇവരുടെ ഒച്ചപ്പാടുകള്‍ക്കു വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ദുര്‍ബല സര്‍ക്കാരുകളും. കഷ്ടം, കേരളത്തിന്‍റെ ശാപം.
മിസ്ഡ് കോള്‍:
ഹൈവേക്ക് 30 മീറ്റര്‍ വീതി മതി എന്നു പറയുന്നവര്‍ ഒരുപക്ഷേ, റണ്‍വേയ്ക്ക് എന്തിനാണിത്ര നീളമെന്നും എന്തിനാണിത്രയും ഭൂമി വെറുതെയിട്ടിരിക്കുന്നതെന്നും ചോദിച്ചേക്കാം. അതു ന്യായമല്ലേ എന്നാലോചിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാം. കേരളത്തിലെ വിമാനത്താവളങ്ങളിലെ റണ്‍വേയുടെ നീളം കുറയ്ക്കണമെന്നും ചുറ്റും വേലികെട്ടി വെറുതെയിട്ടിരിക്കുന്ന ഭൂമി, ഭൂരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും കേന്ദ്രത്തോ ടാവശ്യപ്പെടാം...!
Close...
Maximum Character Allowed -
4000