Wednesday, February 08, 2012   7:00 PM IST
Supplements
Home>> News>> Business
Business
ഗ്രീക്ക് പ്രതിസന്ധി തലയ്ക്കു മേലേ
Monday, May 03, 2010
|
|
|
കൊച്ചി

ഓഹരി സൂചികകള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന വാരമാണിത്. ഗ്രീക്ക് പ്രതിസന്ധി ലോകത്തിനു മുകളില്‍ വീണ്ടുമൊരു ആഗോള മാന്ദ്യ ത്തിന്‍റെ കരിനിഴല്‍ വീഴ്ത്തുന്നു. പോസിറ്റീവ് വാര്‍ത്തകള്‍ ഇല്ലാത്തതിന്‍റെ ക്ഷീണം വിപണിയിലുണ്ടാകുമെന്നാണു കരുതുന്നത്. ശക്തമായ ആഭ്യന്തര പിന്തുണ ലഭിച്ചില്ലെങ്കില്‍ ഓഹരി വിപണി താഴേക്കുപോകുമെന്നാണു വിദഗ്ധാഭിപ്രായം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം പാദഫലം പുറത്തുവിട്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വാര്‍ത്തകള്‍ക്കാണു നിക്ഷേപകര്‍ കാത്തിരിക്കുന്നത്.

ഗ്രീസിന്‍റെ ഭീമമായ പൊതുകടം തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഗ്രീസിന്‍റെ തകര്‍ച്ച യൂറോപ്പിനെ ആകെ ബാധിച്ചാല്‍ ആഗോള സാമ്പത്തിക രംഗത്തു വലിയ പ്രത്യാഘാതമുണ്ടാക്കും. വിശാല യൂറോസോണ്‍ സാമ്പത്തിക മേഖലയെന്ന ആശയത്തിനുമേലും ഗ്രീക്ക് പ്രതിസന്ധി കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഈ വാര്‍ത്തകള്‍ ആഗോള സൂചികകള്‍ക്കു കനത്ത നഷ്ടമാണുണ്ടാക്കിയത്. യുഎസ്, ഏഷ്യന്‍ സൂചികകള്‍ക്കായിരുന്നു വലിയ ആഘാതം. രണ്ടു ശതമാനത്തിലേറെ നഷ്ടമാണു സൂചികകള്‍ക്ക്.

മുംബൈ സൂചിക സെന്‍സെക്സിനും നാഷണല്‍ ഇന്‍ഡെക്സ് നിഫ്റ്റിക്കും ഈ വാര്‍ത്ത നഷ്ടമുണ്ടാക്കി. നിക്ഷേപകര്‍ ലാഭമെടുപ്പിനിറങ്ങിയതോടെ ബുധനാഴ്ച സെന്‍സെക്സിന് 17,500 പോയിന്‍റ് നഷ്ടപ്പെട്ടു. വാരാവസാന വ്യാപാരത്തിലാണു സൂചിക ഈ പോയിന്‍റ് തിരിച്ചുപിടിച്ചത്. ദേശീയസൂചിക നിഫ്റ്റിക്ക് 5,300 പോയിന്‍റ് നഷ്ടപ്പെട്ടു. ആഭ്യന്തര പിന്തുണ ഇല്ലെങ്കില്‍ ഈ വാരവും ആഗോള സൂചികകളുടെ നീക്കത്തിനനുസരിച്ചായിരിക്കും ഇന്ത്യന്‍ സൂചികകള്‍ ചലിക്കുക. ആദ്യ ദിവസങ്ങളില്‍ കറക്ഷന്‍ കണ്ടേക്കാമെങ്കിലും വാരാവസാനം നേട്ടത്തിലെത്തുമെന്നു ജിയോജിത് ബിഎന്‍പി പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി അലക്സ് മാത്യൂസ് അഭിപ്രായപ്പെടുന്നു.

ഗ്രീക്ക് പ്രതിസന്ധിയെത്തുടര്‍ന്നു സെന്‍സെക്സിന് ബുധനാഴ്ച 300 പോയിന്‍റിലേറെ നഷ്ടമുണ്ടായി. 17,344 വരെ ഇറങ്ങിയ സൂചിക വാരാവസാനം വ്യാപാരം അവസാനിപ്പിച്ചത് 17,558.71ല്‍. കഴിഞ്ഞവാരം സൂചികയ്ക്കു നഷ്ടം 136 പോയിന്‍റ് (0.77%). 17,826വരെ സൂചിക ഉയര്‍ന്നു. നിഫ്റ്റിക്കു നഷ്ടം 26 പോയിന്‍റ് (0.49%). 5,278ലാണു ക്ലോസിങ്.

കഴിഞ്ഞവാരം ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലില്‍ ചില നികുതികള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതാണു വന്‍നഷ്ടത്തില്‍ നിന്നു കരകയറാന്‍ സൂചികകളെ സഹായിച്ചത്. വലിയ ഹോസ്പ്പിറ്റലുകളുടെ നിര്‍മാണത്തിനു നികുതി ഇളവു നല്‍കുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ജീവന്‍ രക്ഷാഔഷധങ്ങള്‍ക്കും നികുതി ഈടാക്കില്ല. ഇതിനൊപ്പം കാപ്പി കര്‍ഷകര്‍ക്ക് കടാശ്വാസവും പ്രഖ്യാപിച്ചു. 300 കോടിയിലേറെ രൂപയുടെ വായ്പ എഴുതിത്തള്ളല്‍ പദ്ധതി നടപ്പാക്കാനാണു തീരുമാനം.

പ്രമുഖ കമ്പനികള്‍ നാലാംപാദം നേട്ടമുണ്ടാക്കിയതിന്‍റെ പ്രതിഫലനം ഈ കമ്പനികളുടെ ഓഹരികളില്‍ ദൃശ്യമായി. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ഫാര്‍മ, ജെപി അസോസിയേറ്റ്സ്, ഡിഎല്‍എഫ് തുടങ്ങിയവ നഷ്ടത്തില്‍.

സ്വര്‍ണം

ആഗോള ഓഹരി സൂചികകളില്‍ ഇടിവു ദൃശ്യമായതോടെ സ്വര്‍ണവില മുന്നേറി. ഔണ്‍സിന് (31.1 ഗ്രാം) 1,150 ഡോളറുണ്ടായിരുന്ന വില 1,176 ലെത്തി. കഴിഞ്ഞവാരം മാത്രം നേട്ടം 25 ഡോളറിലേറെ.

ആഗോള വിലയുടെ ചുവടുപിടിച്ചു കേരളത്തിലും വില ഉയര്‍ന്നു. പവന് 12,800ലാണു വാരം അവസാനിച്ചത്. 200 രൂപയിലേറെ മുന്നേറ്റം. സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച കണ്ടേക്കാം.

വെള്ളി

സ്വര്‍ണവില വര്‍ധിച്ചതോടെ നീണ്ട ഇളവേളയ്ക്കു ശേഷം വെള്ളിവിലയിലും വര്‍ധന. കഴിഞ്ഞവാരം കിലോയ്ക്ക് 150 രൂപയാണു വര്‍ധിച്ചത്. വാരാവസാനം 29,000 രൂപയില്‍.

വെളിച്ചെണ്ണ

വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്. കിലോയ്ക്ക് 4,950 രൂപയായിരുന്നത് 4,925 രൂപയായി. വെളിച്ചെണ്ണ വില വര്‍ധിക്കാന്‍ തക്ക പിന്തുണ ലഭിക്കാത്തതു കര്‍ഷകരെ വലയ്ക്കുന്നു.

കുരുമുളക്

കുരുമുളക് വിലയില്‍ നേട്ടം. കഴിഞ്ഞവാരം മാത്രം ക്വിന്‍റലിന് 800 രൂപയോളമാണ് ഉയര്‍ന്നത്. വില 15,800ല്‍. മുന്‍വാരം 15,000 രൂപയായിരുന്നു. ആഗോള ഡിമാന്‍ഡ് വര്‍ധിക്കുന്നതും ഉത്പാദനം കുറയുന്നതും വില വര്‍ധിക്കാന്‍ കാരണം.

റബര്‍

റബര്‍ വിലയില്‍ വീണ്ടും വന്‍ ഇറക്കം. കേരളത്തില്‍ ഉത്പാദനം മെച്ചപ്പെട്ടതോടെ മുന്‍മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ വിലക്കുറവു പ്രകടം. നാലാം ഗ്രെയ്ഡിന് 16,800ല്‍ നിന്ന് 16,250 രൂപയായി കുറഞ്ഞു. അഞ്ചാം ഗ്രെയ്ഡിനും വില കുറഞ്ഞു; 16,400ല്‍ നിന്ന് 15,800ലേക്ക്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code