കുട്ടികളുടെ മേള കൊടിയിറങ്ങി
കോഴിക്കോട്
അവധിക്കാലത്തിന്‍റെ ആലസ്യമില്ല. കളിച്ചുതിമിര്‍ക്കുന്ന സമയം നഷ്ടപ്പെടുമെന്ന ആശങ്കയും അവര്‍ക്കില്ല. ദൃശ്യത്തിന്‍റെ ആങ്ക്ള്‍ അല്‍പ്പമൊന്നു മാറിയാല്‍ ലഭിക്കുന്ന വിഷ്വല്‍ ഇംപാക്റ്റ്, തിരക്കഥയുടെ ഗുണദോഷങ്ങള്‍െ, ശബ്ദവിന്യാസത്തിന്‍റെ സൗന്ദര്യം... അവരുടെ ചര്‍ച്ചയങ്ങനെ നീളുകയാണ്. സാങ്കേതികപദങ്ങള്‍ പൂര്‍ണമായി അറിയില്ലെങ്കിലും സജീവമാവുകയായിരുന്നു കുട്ടികളുടെ ചലച്ചിത്ര മേള.
കോഴിക്കോട് ടഗോര്‍ ഹാളില്‍ രണ്ടു ദിവസമായി നടന്ന മേള ഇന്നലെ സമാപിച്ചു. ഫെസ്റ്റിവെല്‍ ബുക്ക് നോക്കി, കഥയെയും സംവിധായകനെയും ചെറുതായൊന്നു പരിചയപ്പെടുകയായിരുന്നു കുട്ടികളുടെ ആദ്യ ഉദ്യമം. പിന്നീട് ഏതു വേദിയില്‍ കയറണമെന്ന് തീരുമാനമെടുത്തു. രണ്ടു വേദികളായിരുന്നു സംസ്ഥാനത്തെ ആദ്യ കുട്ടികളുടെ ചലച്ചിത്രോത്സവത്തിനു സംഘാടകര്‍ ഒരുക്കിയത്. ഒന്നു ടഗോര്‍ ഹാളും രണ്ടാമ ത്തേതു ടഗോര്‍ ഹാള്‍ മുറ്റത്തു പ്രത്യേകം തയാറാക്കിയ ഗീതാഞ്ജലിയും.
കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കെസിഎല്‍ ചാനല്‍, കാലിക്കറ്റ് പ്രസ്ക്ലബ് എന്നിവയ്ക്കൊപ്പം ചേര്‍ന്നു കോഴിക്കോട് കോര്‍പ്പറേഷനാണു വ്യത്യസ്തമായൊരു മേളയ്ക്കു തുടക്കമിട്ടത്. 35 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഒന്നര മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍. നാട്ടിലും മറുനാട്ടിലുമുള്ള സിനിമാക്കാരുടേത്. കുട്ടികള്‍ അഭിനയിച്ചതോ എടുത്തതോ ആയതായിരുന്നു ഇവയെല്ലാം. കുട്ടിത്തം വിടാത്തവര്‍ എടുത്ത ചിത്രങ്ങളും ഏറെ. സിനിമയെടുക്കുകയെന്ന മോഹത്തില്‍ വലിയ തുക മുടക്കി പടമെടുത്തു വീട്ടിലെ കംപ്യൂട്ടറില്‍ സൂക്ഷിക്കേണ്ടി വന്നവര്‍ക്കും ഒരവസരമായി മാറി ചലച്ചിത്ര മേള.
Close...
Maximum Character Allowed -
4000