കൊറിയകള്‍ വീണ്ടും ഏറ്റുമുട്ടുമോ?
ജോയി തോമസ്
രണ്ടാം ലോകയുദ്ധത്തിന്‍റെ ബാക്കിപത്രമായി യൂറോപ്പില്‍ ജന്മംകൊണ്ട ജര്‍മനികള്‍ ഏകീകരിക്കപ്പെട്ടിട്ടു രണ്ടുപതിറ്റാണ്ടു കഴിഞ്ഞു. എന്നാല്‍, യുഎസ് - സോവ്യറ്റ് ചേരികള്‍ നിര്‍ബ ന്ധിത ശസ്ത്രക്രിയിലൂടെ ജ ന്മംനല്‍കിയ ഏഷ്യയിലെ ഇരട്ടസന്തതികള്‍ (കൊറിയകള്‍) വീണ്ടും യുദ്ധത്തിലേക്കോ?
1950 മുതല്‍ 53 വരെ നടന്ന യുദ്ധത്തിനൊടുവില്‍ ഇരുകൊറിയകളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് 2009- മേയ് 27-നു വടക്കന്‍ കൊറിയ ഏകപക്ഷീയമായി പിന്മാറിയപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാങ്കേതികമായി യുദ്ധത്തിലായി. നിയമപരമായി നിലനില്‍ക്കുന്ന യു ദ്ധം യഥാര്‍ഥ യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണിപ്പോള്‍.
1905 മുതല്‍ കൊറിയ ഭരിച്ചിരുന്ന ജപ്പാന്‍ 1945-ല്‍ രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കു മുമ്പില്‍ കീഴടങ്ങിയപ്പോള്‍, യുഎസ് നേതൃത്വത്തിലുള്ള സൈനിക ഭരണാധികാരികള്‍ കൊറിയയെ രണ്ടായി വിഭജിച്ചു. 38-ാം പാരലലിനു തെക്കുള്ള ഭാഗത്ത് (തെക്കന്‍ കൊറിയ) യുഎസ് സൈന്യം തമ്പടിച്ചു. വടക്കുഭാഗം സോവ്യറ്റ് സൈന്യത്തിന്‍റെ ആധിപത്യത്തിലുമായി.
1948-ല്‍ കൊറിയയില്‍ യുഎന്‍ നേതൃത്വത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, ഇരുഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. അതിനുശേഷവും ഇരുഭാഗങ്ങളും തമ്മില്‍ ഏകീകരണചര്‍ച്ച തുടര്‍ന്നെങ്കിലും, വടക്കന്‍ കൊറിയയില്‍ കിം ഇല്‍ സുങ്ങിന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കപ്പെട്ടു. തെക്കന്‍ കൊറിയ ജനാധിപത്യ ഭരണക്രമം സ്വീകരിക്കുകയും ചെയ്തു.
ഇക്കാലയളവില്‍ ഇരുകൊറിയകളും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവും നാള്‍ക്കുനാള്‍ വര്‍ധിച്ചു. കൊറിയന്‍ ഖണ്ഡങ്ങളെ താത്കാലികമായി വേര്‍തിരിച്ച 38-ാം പാരലല്‍, ഫലത്തില്‍ രണ്ടുരാജ്യങ്ങളുടെ അതിര്‍ത്തിയായി. അതിര്‍ത്തിയില്‍ നിരന്തരം തുടരുന്ന സംഘര്‍ഷം 1950 ജൂണ്‍ 25-ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി പരിണമിച്ചു. വടക്കന്‍ കൊറിയന്‍ സൈന്യം തെക്കന്‍ കൊറിയയിലേക്ക് അതിക്രമിച്ചു കടന്നതായിരുന്നു പ്രകോപനം.
ഐക്യരാഷ്ട്രസഭ യുഎസിന്‍റെ നേതൃത്വത്തില്‍ നല്‍കിയ പിന്തുണയോടെ തെക്കന്‍ കൊറിയ തിരിച്ചടിച്ചു. വടക്കന്‍ കൊറിയയ്ക്കു പിന്തുണ ചൈനയും സോവ്യറ്റ് യൂണിയമായിരുന്നു. മൂന്നുവര്‍ഷം നീണ്ട യുദ്ധം അണ്വായുധ യുദ്ധത്തിലേക്കു നീങ്ങാവുന്ന സാഹചര്യത്തില്‍ എത്തിയപ്പോള്‍, വെടിനിര്‍ത്തല്‍ കരാറുണ്ടാക്കുകയായിരുന്നു.
യുഎസ്-സോവ്യറ്റ് ചേരികള്‍ തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തിന്‍റെ ഭാഗമായി വിദേശശക്തികള്‍ നടത്തിയ പരോക്ഷ യുദ്ധമാണു കൊറിയയില്‍ അരങ്ങേറിയത്.
പിന്നീടു തെക്കന്‍ കൊറിയ സാമ്പത്തികമായി പുരോഗമിച്ചു. എന്നാല്‍ സമാന നേട്ടമുണ്ടാക്കാ ന്‍ കിം ഇല്‍ സുങ്ങിന്‍റെ കൊറിയയ്ക്കു സാധിച്ചില്ല. സുങ്ങിനു ശേഷം അധികാരം മകന്‍ കിം ഇല്‍ ജോങ് ഏറ്റെടുത്തിട്ടും സൈനിക രംഗത്തൊഴികെ സമസ്ത മേഖലയിലും വടക്കന്‍ കൊറിയയുടെ സ്ഥാനം പിന്‍നിരയില്‍ത്തന്നെ. എന്നാല്‍, സൈനികരുടെ എണ്ണത്തില്‍ വടക്കന്‍ കൊറിയ ലോകത്തു നാലാം സ്ഥാനത്തെത്തി. ചൈന, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് അവരെക്കാള്‍ സൈനികരുള്ളതെന്നാണു കണക്ക്. അധികാരം മൂന്നാം തലമുറയ്ക്ക് (ജോങ്ങിന്‍റെ മകന്‍ കിം ജോങ് നാം) കൈമാറാനുള്ള സാമൂഹ്യ സാഹചര്യം രാജ്യത്തു സൃഷ്ടിക്കുകയാണ് ഇപ്പോഴത്തെ യുദ്ധകാഹളത്തിന്‍റെ യഥാര്‍ഥ ലക്ഷ്യമെന്നു സംശയിക്കുന്നവരുണ്ട്.
യുദ്ധഭീഷണി മുഴക്കുക വടക്ക ന്‍ കൊറിയയുടെ പതിവു പരിപാടിയാണ്. ആണവശക്തി നേടിയ അവര്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തില്‍ വിജയിച്ചതോടെ, ഭീഷണിയുടെ സ്വരം കടുത്തതാകുകയും ചെയ്തു. വേണ്ടിവന്നാല്‍, ശത്രുക്കള്‍ക്കെതിരേ ആണവവെടിക്കെട്ടു നടത്തുമെന്നുവരെ അവര്‍ പലതവണ ഭീഷണി മുഴക്കി. എന്നാല്‍, അവരുടെ ഭീഷണികള്‍ക്കു കാര്യമായ വില ആരും കല്‍പ്പിച്ചിരുന്നുമില്ല.
എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം അതില്‍നിന്നു വ്യത്യസ്തവും കൂടുതല്‍ ഗുരുതരവുമാണെന്ന ആശങ്ക ശക്തമാണിപ്പോള്‍.
തെക്കന്‍ കൊറിയയുടെ നാവികസേനാ കപ്പല്‍ ചിയോനാന്‍ തകര്‍ത്തതാണ് ഇപ്പോള്‍ സംഘര്‍ഷം വര്‍ധിക്കാനുള്ള പ്രത്യക്ഷകാരണം. മാര്‍ച്ച് 26-നു കപ്പല്‍ തകര്‍ന്നപ്പോള്‍ തെക്കന്‍ കൊറിയ തന്ത്രപരമായ മൗനം പാലിക്കുകയായിരുന്നു. 46 നാവികരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കാരണം അന്വേഷിച്ചതു വിദേശപ്രതിനിധികള്‍ അടങ്ങുന്ന സംഘം. കപ്പല്‍ തകര്‍ന്നതു വടക്കന്‍ കൊറിയയുടെ ടോര്‍പ്പിഡോ ഏറ്റാണെന്നായിരുന്നു സംഘത്തിന്‍റെ നിഗമനം. അതു പുറത്തുവന്നശേഷമാണു കപ്പല്‍ തകര്‍ത്തതു വടക്കന്‍ കൊറിയയാണെന്ന് അവര്‍ ആരോപിച്ചത്. സംഭവത്തില്‍ വിവേകപൂര്‍ണമായ തിരിച്ചടിയുണ്ടാകുമെന്നു തെക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യൂങ് ബാക്ക് വ്യക്തമാക്കുകയും ചെയ്തു.
കപ്പല്‍ തകര്‍ന്നതില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു വടക്കന്‍ കൊറിയ. കൊറിയന്‍ ഉപദ്വീപിനെ വീണ്ടും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാന്‍ തെക്കന്‍ കൊറിയ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.എന്നാല്‍ അവരുടെ വാദത്തിന് അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യത കമ്മി.
കപ്പല്‍ തര്‍ന്നതിനു വടക്കന്‍ കൊറിയ സമാധാനം പറയണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയത് ഇക്കാര്യത്തില്‍ അവരുടെ നിലപാടു വ്യക്തമാക്കുന്നതാണ്. തെക്കന്‍ കൊറിയയ്ക്കു എല്ലാ സഹായവും ചെയ്യുമെന്നും യുഎസ് വ്യക്തമാക്കി.
കൊറിയന്‍ സംഘര്‍ഷം നയതന്ത്രപരമായി ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതു ചൈനയ്ക്കാണ്. വടക്കന്‍ കൊറിയയ്ക്ക് ഏറ്റവുമധികം സഹായം നല്‍കുന്നതും ചൈന തന്നെ. മാത്രമല്ല, ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിരവധി സാമ്പത്തിക ഇടപാടുകളുമുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും വടക്കന്‍ കൊറിയന്‍ ജൂന്തയെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കപ്പല്‍ തകര്‍ത്ത സംഭവത്തില്‍ അഭിപ്രായം പറയാന്‍ വയ്യാത്ത അവസ്ഥയാണ്.
അന്താരാഷ്ട്ര സംഘത്തിന്‍റെ നിഗമനം തള്ളപ്പറയാന്‍ ചൈനയ്ക്കാവില്ല. പക്ഷപാതപരമായി പെരുമാറിയാല്‍, അതു ലോകശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തിനു തിരിച്ചടിയാകും.
എന്നാല്‍, വടക്കന്‍ കൊറിയയെ തള്ളിപ്പറയാനുമാകില്ല. മറ്റൊരു അന്വേഷണ സംഘത്തെ നിയമിക്കുമെന്നു പ്രഖ്യാപിച്ചു മുഖം രക്ഷിക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനിടെയാണു, കൊറിയന്‍ പ്രശ്നത്തില്‍ ചൈനയുടെ ഇടപെടലുണ്ടാകണമെന്ന് യുഎസ് സൂചിപ്പിച്ചത്.
1950-53-ലെ യുദ്ധം പോലെ, വന്‍ശക്തികള്‍ നടത്തുന്ന പരോക്ഷ യുദ്ധം വീണ്ടും അരങ്ങേറുമോ? 1953-നുശേഷം ഇരുകൊറിയകളും തമ്മില്‍ പലതവണ ചെറിയ തോതിലുള്ള സംഘര്‍ഷവും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴത്ത സ്ഥിതി അതിലും കൂടുതല്‍ ആശങ്കാജനകമാണ്.
Close...
Maximum Character Allowed -
4000