ദീപ്തി ശൈലജ
വലിയ പൊട്ടു തൊട്ട്, സ്റ്റേറ്റ്മെന്‍റ് ഓര്‍ണമെന്‍റ്സ് അണിഞ്ഞ് വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഗായിക. ഏതു തരം പാട്ടുകളും അനായാസേനയുള്ള ആലാപനശൈലിയിലൂടെ അവതരിപ്പിക്കാനുള്ള കഴിവ്. ഫോക് സോങ്ങിനും ഗസലുകള്‍ക്കും നന്നേ ഇണങ്ങുന്ന ശബ്ദം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റിയാലിറ്റി ഷോകളിലും ടിവി പ്രോഗ്രാമുകളിലും സിതാര എന്ന ഗായികയെ വേറിട്ടു നിര്‍ത്തുന്നത് ഇവയാണ്. അടുത്തിടെ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ സിതാര പാടിയ അല്ലിപ്പൂ, മല്ലിപ്പൂ എന്ന പാട്ട് ഹിറ്റായതോടെ പിന്നണിഗാനരംഗത്തും നല്ല ബ്രേക്ക്.
കോഴിക്കോട് സ്വദേശിയായ സിതാരയിലെ ഗായികയെ വളരെ ചെറുപ്പത്തില്‍ത്തന്നെ അമ്മ തിരിച്ചറിഞ്ഞു. അഞ്ചു വയസില്‍ ശാസ്ത്രീയ സംഗീതാഭ്യസനം ആരംഭിച്ചു, സിതാര. ഇന്നും തുടരുന്ന സംഗീതപഠനം. ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. ശാസ്ത്രീയനൃത്തത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്, സിതാര. പാലാ സി.കെ. രാമചന്ദ്രന്‍, രാമനാട്ടുകര സതീഷ്, വിജയസേനന്‍, ഉസ്താദ് ഫയാസ് ഖാന്‍ (ഹിന്ദുസ്ഥാനി), കലാമണ്ഡലം വിനോദിനി തുടങ്ങിയ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് വിജയമെന്ന് സിതാര.
സ്കൂള്‍-കോളെജ് തലം മുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതത്തിനും പുരസ്കാരങ്ങള്‍ക്കുമിടെ ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ലളിതഗാനം, ശാസ്ത്രീയസംഗീതം, ഭരതനാട്യം, കുച്ചു പ്പുടി തുടങ്ങിയ മത്സരഇനങ്ങളിലൂടെ കലാതിലകപ്പട്ടവും സ്വന്തമാക്കി. നിരവധി ആല്‍ബങ്ങളിലും കസെറ്റുകളിലും സിതാരയുടെ ശബ്ദം പതിഞ്ഞു. ഓള്‍ ഇന്ത്യ റേഡിയോയുടെ ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായ സിതാര ഇന്ത്യയിലും വിദേശത്തും നിരവധി വേദികളില്‍ പാടി. ഗസല്‍ കച്ചേരികളും ഈ ഗായികയുടെ കരിയര്‍ഗ്രാഫിലുണ്ട്. മുംബൈ, ബംഗളൂരു, ചെന്നൈ, ദുബായ്, ബഹ്റിന്‍, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റേജ് ഷോകള്‍ സിതാരയെ പ്രശസ്തയാക്കി. ടെലിവിഷന്‍ പ്രോഗ്രാമുകളുടെ അവതാരകയായും സിതാര തിളങ്ങുന്നു. കൈരളി ചാനലിലെ ഫാമിലി മ്യൂസിക് ഷോയില്‍ അവതാരകയും ഗായികയുമാണിപ്പോള്‍.
സിതാരയുടെ ആദ്യ സിനിമാഗാനം അതിശയന്‍ എന്ന ചിത്രത്തില്‍. പുള്ളിമാനിലെ ഗാനത്തോടെ സിതാരയുടെ ശബ്ദം ഹിറ്റായി. ഗുലുമാല്‍, ചിത്രശലഭങ്ങളുടെ വീട്, ബെസ്റ്റ് ഒഫ് ലക്ക്, ഇല പൊഴിയും പോലെ തുടങ്ങിയ ചിത്രങ്ങളിലും സിതാരയുടെ പാട്ടുകളുണ്ട്. ഇവ കൂടാതെ ഒരു കന്നട ചിത്രത്തിലും രണ്ടു പാട്ടുകള്‍ പാടി. ലാല്‍ ജോസിന്‍റെ അടുത്ത ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ രാജാമണിയുടെ സംഗീതസംവിധാനത്തിലും സിതാര പാടുന്നുണ്ട്. വരാനിരിക്കുന്ന പാട്ടുകളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിതാര. സുന്ദരിയായ ഗായികയെ തേടി നിരവധി ആക്ടിങ് ഓഫറുകളുമെത്തി. സംഗീതം വിട്ട് അഭിനയത്തിലേക്കില്ല എന്നു സിതാര. സമയം കൂടുതല്‍ കണ്ടെത്തി, സംഗീതത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാനും കച്ചേരികള്‍ ചെയ്യാനുമാണ് ശ്രദ്ധ. ഒരുപോലെ ചിന്തിക്കുന്ന ചില സുഹൃത്തുക്കളോടൊത്ത് സ്വന്തം ആല്‍ബങ്ങള്‍ ചെയ്യണമെന്നതും വിദൂരസ്വപ്നങ്ങളില്‍ ചിലത്. സംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രോത്സാഹനവും പിന്തുണയുമായി ഭര്‍ത്താവ് ഡോ. സജീഷ്, സിതാരയ്ക്കൊപ്പമുണ്ട്. സംഗീത രംഗത്തു ലഭിച്ച നല്ല വാക്കുകളും അഭിനന്ദനങ്ങളും ഗുരുതുല്യരായവരുടെ അനുഗ്രഹവും സിതാര എപ്പോഴും സ്മരിക്കുന്നു. പാട്ടുകളെ സ്നേഹിക്കുന്നവരുടെ സ്നേഹം പ്രോത്സാഹനവുമാകുന്നുവെന്ന് സിതാര. കൊച്ചിയിലാണ് ഇപ്പോള്‍ സിതാരയുടെ താമസം. ശ്വസിക്കുന്നതു പോലും സംഗീതമെന്നു വിശ്വസിച്ചാണ് സിതാരയുടെ പ്രയാണം. പ്രാര്‍ഥനയോടെ, സംഗീതദേവതയെ ഉപാസിച്ചുകൊണ്ട് ഒരു ഗായികയുടെ പ്രയാണം.
Close...
Maximum Character Allowed -
4000