ന്യൂഡല്‍ഹി, ബംഗളൂരു
മനുഷ്യാവകാശ ലംഘനം മുതല്‍ ഭീകരവാദം വരെയുള്ള കാരണങ്ങളാല്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ക്യാനഡ മാപ്പു പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കനേഡിയന്‍ എംബസി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ കനേഡിയന്‍ ഭരണകൂടം ഖേദവും പ്രകടിപ്പിച്ചു.
ഇതുസംബന്ധിച്ച്, പൗരത്വ- ഇമിഗ്രേഷന്‍ ചുമതലയുള്ള കനേഡിയന്‍ മന്ത്രി ജാസണ്‍ കെന്നിയുടെ പ്രസ്താവന ലഭിച്ചതായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ഇന്ത്യയെ ബഹുമാനിക്കുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉണ്ടായ ചില പരാമര്‍ശങ്ങള്‍ ഖേദിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു. കനേഡിയന്‍ വിസ നിയമങ്ങള്‍ക്കനുസരിച്ചുള്ള ചില നടപടിക്രമങ്ങളെപ്പറ്റി വിശദീകരിക്കുക എന്നതിനപ്പുറം ഉണ്ടായ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ അറിവോടെയല്ല, അത് ക്യാനഡയുടെ പോളിസിയുമല്ല- കെന്നിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഖേദപ്രകടനത്തോടെ വിസ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്ന് കൃഷ്ണ. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല. ചില തെറ്റിദ്ധാരണകള്‍ കനേഡിയന്‍ ഗവണ്‍മെന്‍റിനു മനസിലായി, അവര്‍ അതു തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു-കൃഷ്ണ പറഞ്ഞു.
മുംബൈ ആക്രമണത്തിന്‍റെ മുഖ്യആസൂത്രകന്‍ ജമാ അത്ത് ഉദ്ദ് ദവാ തലവന്‍ ഹഫീസ് സയീദിനെ സ്വതന്ത്രനാക്കിയ പാക് സുപ്രീം കോടതി വിധിയില്‍ നിരാശയുണ്ടെന്നും കൃഷ്ണ. ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് പാക് മണ്ണ് നല്‍കില്ലെന്ന പ്രഖ്യാപിത നയത്തിന്‍ നിന്നു പാക്കിസ്ഥാന്‍ പിന്നോട്ട് പോകുകയാണെന്നും മന്ത്രി.
അതിനിടെ, പഞ്ചാബ് പൊലീസ് ഓഫിസറിനു കൂടി ക്യാനഡ വിസ നിഷേധിച്ചതായി പരാതി. പട്യാല എസ്എസ്പി രണ്‍ബീര്‍ സിങ് ഖാത്രയ്ക്കാണ് കനേഡിയന്‍ ഹൈക്കമ്മിഷന്‍ വിസ നിഷേധിച്ചത്. ഇന്നലെയാണ് വിസ നിഷേധിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്. കത്തില്‍ വിസ നിഷേധിക്കുന്നു എന്നല്ലാതെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. 2008,2009 വര്‍ഷങ്ങളിലും രണ്‍ബീറിന് വിസ നിഷേധിച്ചിരുന്നു. ജമ്മു കശ്മീര്‍ മേഖലയില്‍ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തത് മനുഷ്യാവകാശ ലംഘനമാണെന്ന കാരണത്താലാണ് വിസ നിഷേധിക്കുന്നതെന്ന് രണ്‍ബീര്‍ ആരോപിച്ചു.
Close...
Maximum Character Allowed -
4000