തൃശൂര്‍
നടത്തറ ഡിവിഷനില്‍ കുടിവെള്ള വിതരണം കാര്യക്ഷമമല്ല. ആണികമ്പനി, കൃഷ്ണാപുരം, എസ്എന്‍നഗര്‍ എന്നിവിടങ്ങളിലാണു കുടിവെള്ള പ്രശ്നം രൂക്ഷം. ഒന്നര ദിവസം കൂടുമ്പോള്‍ കോര്‍പ്പറേഷന്‍ ലോറികളിലെത്തിക്കുന്ന വെള്ളമാണു കൃഷ്ണാപുരം നിവാസികളില്‍ പകുതിയോളം പേരുടെ ആശ്രയം. സ്വാശ്രയ കുടിവെള്ള പദ്ധതി പ്രകാരം 100-ഓളം കുടുംബങ്ങള്‍ക്ക് ഇവിടെ കുടിവെള്ളം ലഭിക്കുന്നുണ്ട്.
കോര്‍പ്പറേഷന്‍ 11 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച അമൃതധാര കുടിവെള്ള പദ്ധതി പ്രകാരം 76 ഓളം കുടുംബങ്ങള്‍ക്കു കുടിവെള്ളം ലഭിക്കും. എസ്എന്‍ നഗറില്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പാക്കി. പൊതുടാപ്പുകള്‍ മുഖേനെയാണു വെള്ളമെത്തിക്കുന്നത്. എന്നാല്‍ കുടിവെള്ള വിതരണം പലപ്പോഴും മുടങ്ങുന്നതായി പരാതിയുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാണോയെന്ന പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപം.
17 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച അവിലിശേരി ക്ഷേത്രക്കുളം ഉപയോഗശൂന്യമായി കിടക്കുകയാണ്. അശാസ്ത്രീയ നിര്‍മാണമാണു കുളത്തില്‍ ചണ്ടിയും വേസ്റ്റും നിറയാന്‍ കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു. വേസ്റ്റ് നിറഞ്ഞ കുളത്തില്‍ കുളിക്കാന്‍ പോലും പറ്റാത്ത അവസ്ഥ.
ഇറിഗേഷന്‍ കനാലില്‍ നിന്നു വെള്ളം നേരേ വന്നു കുളത്തിലേക്കു ചാടുന്നതാണ് ഇത്രയും മാലിന്യം നിറയാന്‍ കാരണമെന്നു പ്രതിപക്ഷാംഗങ്ങള്‍. കുളത്തോടനുബന്ധിച്ചുണ്ടായിരുന്ന ചീപ്പ് പൊളിച്ചു കളഞ്ഞതാണു കനാലിലെ വെള്ളത്തിലൂടെ മാലി ന്യം ഇവിടെയെത്താന്‍ കാരണമെന്നും പ്രതിപ ക്ഷം.
മിച്ചഭൂമി കോളനിയില്‍ നവീകരിക്കുന്ന ശങ്കരകുളവും നിര്‍മാണത്തിലെ അപാകത മൂലം ഉപയോഗ ശൂന്യം. ജനപ്രിയ റോഡ്, ശാസ്ത്രി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടൊഴിവാക്കുന്നതിനു ബണ്ടുകള്‍ നിര്‍മിക്കുകയും, കാനകള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ശാശ്വത പരിഹാരമല്ലെന്നു പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്തില്‍ നിന്നു കൂട്ടിച്ചേര്‍ക്കപ്പെട്ട ഡിവിഷനാണു നടത്തറ. ഡിവിഷന്‍റെ മുക്കാല്‍ഭാഗത്തോളം പുറമ്പോക്കു നിവാസികളും പാവപ്പെട്ടവരുമാണു താമസിക്കുന്നത്. 2004-ല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആദ്യമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് ഇവിടം.
Close...
Maximum Character Allowed -
4000