നഷ്ടക്കണക്കില്‍ ഒരു കേളീശൈലി
സി.എസ്. അനില്‍കുമാര്‍
ഇരമ്പിയാര്‍ക്കുന്ന തേനീച്ചക്കൂട്ടങ്ങളെപ്പോലെ എതിര്‍ ഗോള്‍മുഖത്തെ പ്രകമ്പനം കൊള്ളിക്കും. കുറിയ പാസുകളുമായി കളം വാഴും. നീക്കങ്ങളില്‍ നര്‍ത്തകന്‍റെ താളബോധം. കുതിക്കുമ്പോള്‍ എതിര്‍ ഗോള്‍വല മാത്രം മുന്നില്‍. ഗോളിയൊഴികെയുള്ളവരെല്ലാം പന്തിനൊപ്പം... ഇതു പഴയ ക്ലാസിക് ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍. ഏറ്റവും ആരാധകരുള്ള ടീമുകളായി ബ്രസീലിനെയും അര്‍ജ ന്‍റീനയെയും മാറ്റിയത് ഈ അറ്റാക്കിങ് ഗെയിം.
ഫുട്ബോളിലെ ലാറ്റിനമേരിക്കന്‍ നടനചാരുതയ്ക്കു യൂറോപ്യന്‍ പ്രതിരോധത്തിന്‍റെ വിരസത പകരംവയ്ക്കപ്പെടുന്നത് 1994ല്‍. 24 വര്‍ഷത്തെ കിരീടദാരിദ്ര്യത്തിന്‍റെ കണക്കുമായാണ് ബ്രസീല്‍ അന്നു യുഎസില്‍ വിമാനമിറങ്ങുന്നത്. റൊമാരിയോയും ബെബെറ്റോയും ടഫറേലുമടങ്ങിയ ബ്രസീലിയന്‍ ശരാശരിക്കാര്‍ ലോകകിരീടവുമായി മടങ്ങിയപ്പോള്‍ കോച്ച് കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര പറഞ്ഞു- സുന്ദരമായി കളിച്ചിട്ടും ജയിക്കാതെ മടങ്ങുന്നതിലും നല്ലത്, വിരസമായി കളിച്ചു കിരീടം നേടുന്നതാണ്. ബ്രസീലിയന്‍ ഫുട്ബോളിന്‍റെ മൃതസഞ്ജീവനിയായിരുന്നു ആ മന്ത്രം, സൗന്ദര്യാത്മക ഫുട്ബോളിന്‍റെ മരണമണിയും.
ലാറ്റിനമേരിക്കന്‍ ശൈലിക്കാരന്‍ മരിയോ സഗാലോ വന്നപ്പോള്‍ 1998ല്‍ ബ്രസീലിനു രണ്ടാം സ്ഥാനം. 2002ല്‍ പെരേരയുടെ യഥാര്‍ഥ പിന്‍ഗാമി ലൂയി ഫിലിപ്പ് സ്കൊളാരി വന്നപ്പോള്‍ അഞ്ചാമതും ചാംപ്യന്‍മാര്‍. ഇതു ദുംഗയുടെ ഊഴം. ജയിക്കുന്നതിലാണു കാര്യമെന്നു പെരേരയുടെ പ്രിയശിഷ്യനും വിശ്വസിക്കുന്നു. അളന്നുകുറിച്ച മെക്കാനിക്കല്‍ ഫുട്ബോളാകും ദുംഗയുടെ ബ്രസീല്‍ സ്വീകരിക്കുക. എന്നും പ്രതീക്ഷിക്കാത്തതു കാത്തുവയ്ക്കാറുള്ള ഡീഗോ മറഡോണയെന്ന മഹേന്ദ്രജാലക്കാരന്‍ ലാറ്റിനമേരിക്കന്‍ സൗന്ദര്യലഹരിക്കു പുതിയ വ്യാഖ്യാനമെഴുതുമെന്നു സ്വപ്നം കാണുന്നവരുമുണ്ട്.
ടോട്ടല്‍ ഫുട്ബോളിന്‍റെ അവസാനത്തെ വക്താക്കളിലൊരാള്‍ ബ്രസീല്‍ ടീമിലുണ്ടായിരുന്നു അടുത്ത കാലം വരെ. എതിര്‍ ഗോള്‍മുഖങ്ങളില്‍ ഫ്രീകിക്കുകളിലൂടെ വെള്ളിടി തീര്‍ത്ത റോബര്‍ട്ടോ കാര്‍ലോസ്. ടീം ലിസ്റ്റില്‍ വിങ് ബാക്ക്. പന്തു കിട്ടിയാല്‍ സ്ട്രൈക്കറെക്കാള്‍ വേഗത്തില്‍ എതിര്‍ ഗോള്‍ മുഖത്തെത്തും. വിശേഷണം ഫുട്ബോളിലെ അവസാന “ഓള്‍റൗണ്ടര്‍’ എന്ന്.
പന്തുമായി മുന്നേറുമ്പോള്‍ ടാക്ക്ളിങ് മറികടക്കേണ്ടതെങ്ങനെ എന്നു പോലും ആലോചിക്കാറില്ല പഴയ ലാറ്റിനമേരിക്കക്കാര്‍. എതിര്‍ ഡിഫന്‍ഡര്‍മാര്‍ ചവിട്ടേറ്റു വീഴുന്നതു സാധാരണം. കാര്‍ഡ് സമ്പ്രദായം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ താക്കീതുകള്‍ ഏറ്റുവാങ്ങിയ ടീമെന്ന ദുഷ്പേര് അര്‍ജന്‍റീനയ്ക്കു സമ്മാനിച്ചതും ഈ മരണപ്പാച്ചില്‍ തന്നെ.
എന്നാല്‍, ആധുനിക ഫുട്ബോളില്‍ സൗന്ദര്യത്തെ പവര്‍ കൊണ്ടു മറികടക്കേണ്ടതെങ്ങനെയെന്നു പഠിച്ചിരിക്കുന്നു യൂറോപ്യന്‍മാര്‍. ടീം ഒന്നടങ്കം മുന്നേറുമ്പോള്‍ പ്രത്യാക്രമണം ചെറുക്കാന്‍ ഗോളി മാത്രമേ കാണൂ. ഹിഗ്വിറ്റയുടെയും ഷിലാവര്‍ട്ടിന്‍റെയും കാലത്ത് ചിലപ്പോള്‍ അതും കാണില്ല. പ്രത്യാക്രമണത്തിലൂടെ ഗോളടിക്കുന്ന യൂറോപ്യന്‍ തന്ത്രം ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഫലപ്രദമായി.
ലാറ്റിനമേരിക്കന്‍ താരങ്ങള്‍ കൂടുതലായി യൂറോപ്യന്‍ ക്ലബ്ബുകളില്‍ ചേക്കേറുന്നതു ശൈലീഭംഗത്തിന്‍റെ മറ്റൊരു കാരണം. ലാറ്റിനമേരിക്കന്‍ പ്രമാണികളെല്ലാം ഇന്നു യൂറോപ്യന്‍ ക്ലബ്ബുകളുടെ അവിഭാജ്യഘടകം. അവിടത്തെ സാഹചര്യങ്ങളില്‍, അവിടത്തെ കളിക്കാര്‍ക്കൊപ്പം, അവിടത്തെ പരിശീലനമുറകളില്‍ കളിച്ചുവരുന്നവര്‍ ഒരു ലോകകപ്പിനു വേണ്ടി മാത്രമായെങ്ങനെ ശൈലി മാറും. ജയിക്കാന്‍ മാത്രം വേണ്ട ലീഡ്, ഉറച്ച പ്രതിരോധം അതിലപ്പുറമൊന്നും ലക്ഷ്യങ്ങളിലില്ല. ഫലം, ലാഭത്തിന്‍റെ കോളത്തില്‍ കിരീടങ്ങള്‍, നഷ്ടത്തിന്‍റെ കോളത്തില്‍ അഭൗമമായൊരു കേളീശൈലിയും.
Close...
Maximum Character Allowed -
4000