Thursday, September 09, 2010   10:34 PM IST
Supplements
Home>> News>> Sports
Sports
ഇതോ അര്‍ജന്‍റീന!
Sunday, June 13, 2010
|
|
|
ജൊഹാന്നസ്ബര്‍ഗ്

ഇതോ അര്‍ജന്‍റീന? ഫുട്ബോളില്‍ ചെറുബാല്യം വിടാത്ത നൈജീരിയക്കാരുടെ കളിക്കു തൊടുക്കാന്‍ കൂടെ നില്‍ക്കേണ്ടവരോ മറഡോണയും മെസിയും? ശേഷിക്കുന്ന മുന്നേറ്റങ്ങള്‍ക്ക് ഇനി എന്തുണ്ടു കൈയില്‍? പ്രതിരോധത്തില്‍ തുടങ്ങി ഗോള്‍മുഖം വരെ കുതിച്ചെത്തുന്ന ആ പഴയ ലാറ്റിനമേരിക്കന്‍ ശൈലിയോ? അതോ, നൃത്തച്ചുവടുകളില്‍ താളംതല്ലിയെത്തുന്ന ആക്രമണത്തിന്‍റെ തിരമാലകളോ? അര്‍ജന്‍റീ നയെ തോല്‍പ്പിക്കാനായില്ല നൈജീരിയയ്ക്ക്. പക്ഷേ, ഇതാ ഞങ്ങളുടെ അര്‍ജന്‍റീനയെന്നു പറയിക്കാന്‍ ആരാധകരെ അനുവദിച്ചതുമില്ല ആഫ്രിക്കന്‍ സൂപ്പര്‍ ഈഗിള്‍സ്. 1-0 എന്ന് അര്‍ജന്‍റീനയ്ക്കനുകൂലമായ സ്കോര്‍ നില ആഹ്ലാദിപ്പിക്കില്ല ഒരു അര്‍ജന്‍റൈന്‍ ആരാധകനെയും.

മൂന്നാം മിനിറ്റ് മുതല്‍ പതിനേഴാം മിനിറ്റ് വരെ, കളി തുടങ്ങി അത്രയും നേരം മാത്രം ഗ്രൗണ്ടില്‍ നിറഞ്ഞാടി അര്‍ജന്‍റൈന്‍ വിശ്വരൂപം. പക്ഷേ, മധ്യവരയ്ക്കിപ്പുറം നിന്നേ പന്തു കയറ്റിക്കൊണ്ടു പോയി ഗോളടിക്കാന്‍ മറഡോണയൊന്നുമല്ലല്ലോ മെസി, ശൂന്യതയില്‍നിന്നു ഗോളുകള്‍ സൃഷ്ടിക്കുന്ന ബാറ്റിസ്റ്റ്യുട്ടയല്ലല്ലോ ടെവസ്.

മറഡോണയോടുള്ള എല്ലാ ആരാധനയും നിലനിര്‍ത്തിക്കൊണ്ടു തന്നെ അര്‍ജന്‍റീനക്കാര്‍ പറഞ്ഞിരുന്നു, യുവാന്‍ റോമന്‍ റിക്വല്‍മിയെ മറക്കരുത്. മെസിക്കും ടെവസിനും ഹിഗ്വെയ്നും പന്തെത്തിക്കാന്‍ ആളു വേണം. മറഡോണ കേട്ടില്ല, പകരം യുവാന്‍ സെബാസ്റ്റന്‍ വെറോണിന്‍റെ പ്രായം ബാധിച്ച കാലുകളെയും, ഹാവിയര്‍ മഷെരാനോയുടെ യൂറോപ്യന്‍ വീരഗാഥകളെയും വിശ്വസിച്ചു. പക്ഷേ, ഇന്നലെ മഷനാരോയുടെ കാലില്‍ ഏറെയൊന്നും പന്തു തൊട്ടില്ല. ആറാം മിനിറ്റില്‍ ഗബ്രിയെല്‍ ഹെയ്ന്‍സിയെക്കൊണ്ടു ഗോളടിപ്പിച്ച കോര്‍ണര്‍ കിക്ക് ഒഴിച്ചു നിര്‍ത്തിയാല്‍ വെറോണും പഴയ പ്രതാപത്തിന്‍റെ മങ്ങിയ നിഴല്‍.

മൂന്നാം മിനിറ്റില്‍ തന്നെ ലയണല്‍ മെസിയുടെ മാന്ത്രികതയ്ക്കു ഗ്യാലറി സാക്ഷ്യം വഹിച്ചു. മധ്യനിരയില്‍നിന്ന് ഒറ്റയ്ക്കു കുതിച്ച് മനോഹരമായ ക്രോസ്, അതു കണക്റ്റ് ചെയ്യാന്‍ കാര്‍ലോസ് ടെവസിനും കഴിഞ്ഞു. പക്ഷേ, ലക്ഷ്യം പിഴച്ചു. അഞ്ചാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം നൈജീരിയന്‍ ഗോളി വിന്‍സെന്‍റ് എനിയേമ പറന്നു കുത്തിയത് ഒരു തുടക്കം മാത്രം. എന്നാല്‍, ആറാം മിനിറ്റില്‍ അക്രൊബാറ്റിക് ഹെഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു ഡിഫന്‍ഡര്‍ ഹെയ്ന്‍സ്. പിന്നീടങ്ങോട്ടു മിക്കവാ റും മെസിയും എനിയേമയും തമ്മിലുള്ള മത്സരം മാത്രമായി കളി. പതിനേഴാം മിനിറ്റില്‍ എനിയേമ മറ്റൊരു തകര്‍പ്പന്‍ സേവുമായി നെഞ്ചു വിരിച്ചു. ഗോണ്‍സാലോ ഹിഗ്വെയ്നെ മാര്‍ക്ക് ചെയ്യുന്നതില്‍ നൈജീരിയന്‍ പ്രതിരോധം സമ്പൂര്‍ണ വിജയവും കണ്ടു.

അര്‍ജന്‍റൈന്‍ വമ്പന്മാരെ കണ്ടു ചിറകു തളര്‍ന്ന നൈജീരിയന്‍ പ്രതിരോധം മനസാന്നിധ്യം വീണ്ടെടുത്തിരുന്നു അപ്പോഴേക്കും. പിന്നെ ഗോള്‍ വഴങ്ങാതിരിക്കുക മാത്രമായി ലക്ഷ്യം. പ്രതിരോധത്തിനു പിഴച്ചപ്പോഴൊക്കെ എനിയേമ അത്ഭുതം പ്രവര്‍ത്തിച്ചു. ഇടയ്ക്ക് യാക്കുബു അയെഗ്ബെനിയുടെയും ഒസാസെ പീറ്റര്‍ ഒസെംവിംഗിയുടെയും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍. പക്ഷേ, പതിവിലേറെ ഉറച്ചതായിരുന്നു അര്‍ജന്‍റൈന്‍ പ്രതിരോധം. പതിവുപോലെ ഭദ്രമായിരുന്നു സെര്‍ജിയോ റൊമേറോയുടെ കൈയില്‍ അവരുടെ ഗോള്‍ വലയം. ഗോള്‍ പോസ്റ്റിനു ചുറ്റും പന്തടിച്ചു പറത്തിക്കൊണ്ടിരുന്ന നൈജീരിയന്‍ സ്ട്രൈക്കര്‍മാര്‍ ഒരിക്കലും റൊമേറോയെ കാര്യമായൊന്നു പരീക്ഷിച്ചതുമില്ല.

രണ്ടാം പകുതിയില്‍ വെറോണിനു പകരം മാക്സി റോഡ്രിഗസിനെയും, ഹിഗ്വെയ്നു പകരം ഡീഗൊ മിലിറ്റോയെയും പരീക്ഷിച്ചു മറഡോണ. പക്ഷേ, എണ്‍പതാം മിനിറ്റില്‍ മെസിയുടെ ലക്ഷ്യം തെറ്റിയ മറ്റൊരു ഒറ്റയാള്‍ പോരാട്ടം കൂടിയേ കാത്തിരിക്കുന്നുണ്ടായിരുന്നുള്ളൂ ലോകമെങ്ങുമുള്ള അര്‍ജന്‍റൈന്‍ ആരാധകരെ.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code