അവിടേം സുഖം, ഇവിടേം സുഖം പിന്നെ എനിക്കാണോ അസുഖം എന്നു പറഞ്ഞ് കത്തു വലിച്ചുകീറിക്കളഞ്ഞു എന്നൊരു കഥ പ്രചരിച്ചിരുന്നു പണ്ട്. കഥകള്‍ എന്തൊക്കെയായാലും ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റാണെന്നും പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ കപില്‍ദേവ്, ഇംഗ്ലണ്ട് എന്നുമാത്രമെഴുതി ഇന്ത്യയില്‍ നിന്നൊരു കത്തയച്ചു. കത്ത് കൃത്യമായി കപില്‍ദേവിന്‍റെ കൈയില്‍ കിട്ടി.
എന്തായാലും ഇന്നു കത്തുകളെക്കുറിച്ച് ഇത്തരത്തിലൊന്നും, കഥകളായാലും കെട്ടുകഥകളായാലും ഇപ്പോള്‍ ഒന്നും പ്രചരിക്കുന്നില്ല. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് കാലം. ഇപ്പോള്‍ എല്ലാം ടെക്സ്റ്റ് മെസെജുകളാണ്, അല്ലെങ്കില്‍ ഇ മെയ്ലുകളാണ്. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെയായി വന്നിരുന്ന കത്തുകള്‍...കത്തയക്കുക, കത്തുകള്‍ക്കു വേണ്ടി കാത്തിരിക്കുക തുടങ്ങിയ അനുഭവങ്ങളെയൊക്കെ കാല്‍പ്പനികമെന്നോ, ഗൃഹാതുരമെന്നോ വിളിക്കേണ്ടി വരും. നാട്ടില്‍ നിന്ന് വന്ന അമ്മയുടെ എഴുത്ത് നഗരത്തിലിരുന്നു പൊട്ടിക്കുമ്പോള്‍ അക്ഷരങ്ങളില്‍ നിന്ന് കാച്ചിയ എണ്ണയുടെ സുഗന്ധം അനുഭവിച്ചവര്‍ എത്രയോ പേര്‍...
പക്ഷെ എത്രയും പ്രിയപ്പെട്ട സുഹൃത്തേ ഇങ്ങനെ കത്തുകളെ ഒരു പുരാതന സംഭവമാക്കി വകയിരുത്തരുതേ എന്നാരോ പറയുന്നുണ്ട്, അങ്ങ് ചെന്നൈയില്‍ നിന്ന്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍. മൊബൈലും ഇ മെയ്ലും കത്തെഴുത്തിനെ ഇല്ലാതാക്കിയെന്നു ചെന്നൈ വാസികളോടു പറയരുത്. കത്തെഴുതുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ചെന്നൈ പോസ്റ്റല്‍ ഡിവിഷന്‍ മറുപടി നല്‍കും, വ്യക്തമായ കണക്കുകളോടെ. ഇരുപത്തഞ്ചു ലക്ഷം കത്തുകള്‍ ഒരു ദിവസം ചെന്നൈ പോസ്റ്റല്‍ ഡിവിഷനിലൂടെ കടന്നുപോകുന്നു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കത്തുകള്‍ ഇല്ലാതായെന്നു വിലപിക്കുമ്പോള്‍ ചെന്നൈ തപാല്‍ വിഭാഗത്തില്‍ ഇരുപതു ശതമാനം വര്‍ധന. ചെന്നൈ നഗര പരിധിയില്‍ മാത്രം ഒരു ദിവസവും പത്തുലക്ഷം കത്തുകള്‍ കടന്നുപോകുന്നു.
പോസ്റ്റ് കാര്‍ഡുകള്‍, ഇന്‍ലന്‍ഡ് ലെറ്ററുകള്‍, കവറുകള്‍, ഗ്രീറ്റിങ് കാര്‍ഡുകള്‍ എന്നിവയുടെ കണക്കുകള്‍ വിശദീകരിച്ചുകൊണ്ട് ഇതു പറയുന്നത് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാന്തി നായര്‍. ഇതിനു പിന്നില്‍ പോസ്റ്റല്‍ ജീവനക്കാരുടെ ശ്രമവുമുണ്ടെന്നു പറയുന്നു ശാന്തി നായര്‍. കത്തെഴുത്തു മത്സരങ്ങള്‍ നടത്തിയും കൃത്യനിഷ്ഠയോടെ സര്‍വീസ് നടത്തിയും ഇനിയും കത്തിടപാടുകളില്‍ ഇരുപതു ശതമാനം വര്‍ധനയുണ്ടാക്കാനാണ് അടുത്ത പദ്ധതി.
കത്തെഴുതുന്നതു കലാപരമായ പ്രവൃത്തിയാണെന്നു യുവത്വത്തെ ബോധവത്കരിക്കാനാണു ചെന്നൈ പോസ്റ്റല്‍ വിഭാഗത്തിന്‍റെ തീരുമാനം. ലെറ്റര്‍ റൈറ്റിങ് കോംപറ്റിഷനുകള്‍ സംഘടിപ്പിക്കും. ഒക്റ്റോബര്‍ ഒമ്പതിനു വേള്‍ഡ് പോസ്റ്റല്‍ ഡേയ്ക്കു മുമ്പായി പുതിയ ലക്ഷ്യം നേടാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ചെന്നൈ പോസ്റ്റല്‍ വിഭാഗം. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യം ഭരിച്ചിരുന്ന കാലത്തു തുടങ്ങിയതാണു ചെന്നൈയിലെ തപാല്‍ സിസ്റ്റം. 12,120 പോസ്റ്റ് ഓഫിസുകളുണ്ട് ചെന്നൈ തപാല്‍ ഡിവിഷനു കീഴില്‍. പോണ്ടിച്ചേരിയും തമിഴ്നാടും ഇതില്‍ ഉള്‍പ്പെടും.
സ്റ്റാംപ് കലക്ഷന്‍ ശീലമാക്കിയ വിദ്യാര്‍ഥികളാണു പോസ്റ്റല്‍ ഡിവിഷന്‍റെ ഇപ്പോഴത്തെ പ്രധാന സോഴ്സ്. ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഇതിനു പിന്തുണയായി. ഇതില്‍ അംഗത്വം എടുത്തവര്‍ക്ക് പോസ്റ്റല്‍ ഡിവിഷന്‍ പുറത്തിറക്കുന്ന പുതിയ സ്റ്റാംപുകളുടെ ഓരോ കോപ്പി വീതം ലഭിക്കും. പുതിയ സ്റ്റാംപുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ആഴ്ചയും സ്റ്റാംപ് എക്സിബിഷനുകള്‍ സംഘടിപ്പിക്കാനാണു ചെന്നൈ പോസ്റ്റല്‍ ഡിവിഷന്‍റെ തീരുമാനം. രാജ്യത്തെ എല്ലാ സ്റ്റാംപുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. ഇരുപത്തിനാലാം തീയതി കോയമ്പത്തൂരില്‍ ആരംഭിക്കുന്ന വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സില്‍ സ്റ്റാംപ് എക്സിബിഷന്‍ സംഘടിപ്പിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തമിഴ്നാട്ടിലെ പ്രശസ്ത വ്യക്തികളുടെയും സംഭവങ്ങളുടെയുമെല്ലാം ചിത്രങ്ങളുള്ള സ്റ്റാംപുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
ബിസിനസ് ലെറ്റേഴ്സുകളുടെ എണ്ണത്തിലാണു വര്‍ധനവുണ്ടായിട്ടുള്ളതെന്നു പറയുന്നു ശാന്തി നായര്‍. ഈ വിഭാഗത്തില്‍ തപാല്‍ വകുപ്പിന്‍റെ വാര്‍ഷിക വരുമാനം 14.5 കോടി രൂപയാണ്. ഇത്തരം കത്തുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ബി 2 ബി (ബിസിനസ് ടു ബിസിനസ്) പോസ്റ്റ് ഓഫിസുകള്‍ ചെന്നൈ നഗരത്തില്‍ ആരംഭിക്കുന്നതിനും ഡിപ്പാര്‍ട്ട്മെന്‍റിനു പദ്ധതിയുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 100 കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഓഫിസുകള്‍ ആരംഭിച്ച് ഇവിടങ്ങളിലെ കത്തിടപാടുകള്‍ വേഗതയിലാക്കും.
ടെലിവിഷന്‍ ചാനലുകളിലെ മത്സര പരിപാടികള്‍ക്കുള്ള അപേക്ഷ കാര്‍ഡുകളും സീസണല്‍ ഗ്രീറ്റിങ് കാര്‍ഡുകളും സര്‍വീസ് പെന്‍ഷന്‍ ലെറ്ററും അല്‍പ്പം സമ്പാദ്യ പദ്ധതികളുമായി മാത്രം ചെന്നൈ പോസ്റ്റല്‍ ഡിവിഷന്‍ ഒതുങ്ങുന്നില്ല എന്നര്‍ഥം.
Close...
Maximum Character Allowed -
4000