Wednesday, February 08, 2012   7:05 PM IST
Supplements
Home>> Astrology>> Vaasthu
Vaasthu
വാസ്തു മഹിമ
Monday, June 28, 2010
|
|
|
ദീപ്തി ശൈലജ

ആവാസയോഗ്യമായ ഭൂമി കണ്ടെത്തി, സ്ഥാനനിര്‍ണയം നടത്തി, ഭൂസ്ഥിതിയും ഭൂഘടനയും വൃക്ഷ-ജലാദികളുടെ സ്ഥാനവും കണക്കാക്കി വിവിധ മാനങ്ങളുടെ അടിസ്ഥാനത്തില്‍ ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ വാസ്തുവിദ്യ എത്രത്തോളം മഹനീയമാണെന്നു മനസിലാക്കാന്‍ കഴിയും. നൂറ്റാണ്ടുകളോളം പഴക്കമുള്ള വാസ്തുശാസ്ത്രം എന്ന ശാസ്ത്രശാഖയെ ആഴത്തില്‍ അറിയുമ്പോള്‍ മാത്രമേ അതിന്‍റെ സമകാലിക പ്രസക്തി എത്രയെന്നു ബോധ്യമാകൂ. അമൂല്യമായ ഈ ശാസ്ത്ര ശാഖയെപ്പറ്റി നിരവധി പ്രമാണങ്ങളുണ്ട്. ത്രികാലജ്ഞാനികളായ ഋഷീശ്വരന്മാരുടെ മനോമണ്ഡലങ്ങളില്‍ വിഷയീഭവിച്ച ജ്ഞാന വിജ്ഞാനങ്ങളെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സ്ഫുടം ചെയ്ത് അനുഭവങ്ങളുടെ അന്തര്‍ധാരയിലൂടെ മനസുകളില്‍ പ്രതിബിംബിച്ച തത്വങ്ങളത്രേ വാസ്തു ശാസ്ത്രം എന്നത് അവയിലൊന്ന്.

ഏത് ആധുനിക നിര്‍മാണ രീതിക്കും ഇണങ്ങുന്ന പൗരാണിക ശാസ്ത്രമാണിത് എന്നു മുന്‍ അധ്യായങ്ങളില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. മാറിക്കൊണ്ടിരിക്കുന്ന വിവിധ തരം നിര്‍മിതികള്‍ക്കും നിര്‍മാണ വസ്തുക്കള്‍ക്കും അനുസരിച്ച് പ്രകൃതിക്കിണങ്ങുന്ന, പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കു സ്വീകാര്യമായ രീതിയാണു വാസ്തുശാസ്ത്രം ഉള്‍ക്കൊള്ളുന്നത്.

(പ്രകൃതിക്കിണങ്ങുന്ന, പ്രകൃതിദത്തമായ വസ്തുക്കള്‍ എന്നിവ എടുത്ത പറയേണ്ടതുണ്ട്. കാരണം ഇന്നിപ്പോള്‍ ഗ്രീന്‍ ഹോം, ഇക്കോ ഫ്രണ്ട്ലി എന്നീ പദങ്ങള്‍ ഉപയോഗിച്ച് ഏവരും മുറവിളി കൂട്ടുന്ന കാലമാണ്. എന്നാല്‍ പൗരാണിക ശാസ്ത്രമായ വാസ്തുവില്‍ എത്രയോ മുമ്പു തന്നെ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു എന്നോര്‍ക്കുക. )

വിവിധ ഉപയോഗങ്ങള്‍ക്കായുള്ള മുറികളുടെ സ്ഥാനം, വലുപ്പം എന്നിവ ക്രമീകരിക്കാന്‍ സാധിക്കണം. മേല്‍ക്കൂരയുടെ പ്രത്യേകത, ദേശകാലഘടന ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉടമസ്ഥന്‍റെ ധനശേഷി അനുസരിച്ചുള്ള (ചെറിയ വീടോ, മാളികയോ ആവാം) ഗൃഹനിര്‍മാണ ശൈലിയാണു വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. അതുപോലെ തന്നെ വീടിനെ കൂട്ടിയോജിപ്പിച്ചു വലുതാക്കാനും ഈ ശാസ്ത്രത്തില്‍ അനുവാദം ഉണ്ട്. (വീടിനെ എക്സ്റ്റന്‍ഷനിലൂടെ വലുതാക്കാമെന്നു സാരം.)

വാസ്തുവിദ്യ പഴമയുടെ പ്രതീകം ആണെന്ന ധാരണ വേണ്ട. ശാസ്ത്രീയമായിട്ടുള്ള നിരവധി തത്വങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വിശാലമായ പറമ്പില്‍മാത്രമേ വാസ്തു പ്രകാരമുള്ള കാര്യങ്ങള്‍ സാധിക്കൂ എന്നര്‍ഥമില്ല. ചെറിയ ഇടങ്ങളില്‍ അല്‍പക്ഷേത്രവിധിപ്രകാരം വീടു വയ്ക്കാമെന്നുള്ള വിധിയുണ്ട്. കേരളീയ ശൈലിയില്‍ ഓടിട്ട വീടാണു വാസ്തുവിന്‍റെ അടിസ്ഥാനരീതി എന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. ആ ചിന്ത വാസ്തവമല്ല എന്നു നിര്‍ണയിക്കാന്‍ ഉദാഹരണസഹിതം വ്യക്തമാക്കാം.

പണ്ടു പണ്ട് വീടുകള്‍ മേഞ്ഞിരുന്നത് ഇലകള്‍ കൊണ്ടായിരുന്നല്ലോ, അല്ലേ ? പിന്നീട് ഓല മെടഞ്ഞു മേല്‍ക്കൂരയാക്കി. പിന്നെ അതിനു പിറകെ ചെമ്പു തകിടു വന്നു. ശേഷം പാത്തിഓട്, കൂരയോട് എന്നിങ്ങനെ മേല്‍ക്കൂരയില്‍ വൈവിധ്യങ്ങള്‍ കാലത്തിനൊപ്പം മാറിക്കൊണ്ടിരുന്നു. ഇപ്പോള്‍ നമ്മള്‍ കാണുന്ന മേച്ചിലോട് അഥവാ മംഗലാപുരം ഓട് വന്നിട്ട് 153 വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അപ്പോള്‍ ഇത്തരം റൂഫിങ് ടൈല്‍സ് മാത്രമാണ് വാസ്തുവിനെ ന്യായീകരിക്കുക എന്നതു മിഥ്യയല്ലേ ? മാറിവന്ന ഇത്തരം നിര്‍മാണ വസ്തുക്കള്‍ ആവാമെങ്കില്‍ എന്തുകൊണ്ട് കോണ്‍ക്രീറ്റ് ആയിക്കൂടാ ? മാറിക്കൊണ്ടിരിക്കുന്ന നിര്‍മാണരീതികള്‍ക്കും വസ്തുക്കള്‍ക്കുമനുസരിച്ച് വാസ്തുശാസ്ത്രത്തെ ആശ്രയിക്കാം.

മാറ്റമില്ലാത്ത വിധിനിയമങ്ങള്‍ അല്ല, വാസ്തുവില്‍. 18ാം നൂറ്റാണ്ടു മുതല്‍ പ്രവിധികള്‍ ക്രോഡീകരിച്ചു പ്രചരിപ്പിക്കുകയുണ്ടായി. പരിണാമക്രിയകളുടെ നിരന്തരമായ അവസ്ഥ നഷ്ടപ്പെട്ടു. ( ഇടക്കാലത്ത് ആര്‍ക്കും വാസ്തു വേണ്ട എന്ന അവസ്ഥ ഉണ്ടായിരുന്നു.) ആധുനിക എന്‍ജിനീയറിങ്, ആര്‍ക്കിറ്റെക്ചര്‍ എന്നിവ ഇന്ത്യന്‍ വിജ്ഞാനത്തില്‍ അധിഷ്ഠിതമാകുന്നതിനു പകരം പാശ്ചാത്യ വിജ്ഞാനത്തില്‍ അധിഷ്ഠിതമായതാണു വാസ്തുശാസ്ത്രത്തിന്‍റെ മേന്മ കെടുത്തിയത്. പാശ്ചാത്യരീതിയിലുള്ള നിര്‍മാണ വ്യവസ്ഥയും സംവിധാനവും നമ്മുടെ സംസ്കാരവും ആര്‍ജിത സാങ്കേതിക വിദ്യയും അല്ല. സാമൂഹിക, സാംസ്കാരിക വ്യതിയാനങ്ങള്‍ നിര്‍മാണ വ്യവസ്ഥയെയും ബാധിക്കുമല്ലോ. മഞ്ഞുവീഴ്ചയും തണുപ്പുമുള്ള ഒരു രാജ്യത്തെ നിര്‍മാണ രീതി അല്ലല്ലോ ധാരാളം വെയിലും മഴയും ഉള്ള പ്രദേശത്ത് പ്രാവര്‍ത്തികമാക്കേണ്ടത് ?.

ദ്രവ്യങ്ങളുടെ ഗുണങ്ങളും അവ വിവിധ ബലങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുമായ അറിവിനെ എന്‍ജിനീയറിങ് എന്നു വിളിക്കാം. അത് സാര്‍വലൗകികമാണ്. എന്നാല്‍ അതിന്‍റെ പ്രാദേശികമായ ആസൂത്രണമാണ് ആര്‍ക്കിറ്റെക്ചര്‍. അപ്പോള്‍ ഓരോ പ്രദേശത്തിനനുസരിച്ചുള്ള ആസൂത്രണം ആവണമെന്നു വ്യക്തമാവുന്നുണ്ട്. ആസൂത്രണം, അധികല്‍പ്പന, നിലനിര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്നു വാസ്തുശാസ്ത്രത്തില്‍.

1980 വരെ ഇന്ത്യയിലെ തൊണ്ണൂറു ശതമാനം കെട്ടിടങ്ങളും വാസ്തുശാസ്ത്രപ്രകാരമാണു നിര്‍മിച്ചിരുന്നത്. എന്നാല്‍ അതിനു ശേഷമുള്ള ബില്‍ഡിങ് റൂള്‍, ലോണ്‍ ലഭിക്കാനുള്ള വകുപ്പുകളുടെ മാറ്റം, പുതിയ നിയമങ്ങള്‍ മുതലായവ ജനങ്ങളുടെ മനസിലും മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നു പറയാം. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്തു പോലും പബ്ലിക് ബില്‍ഡിങ്ങുകള്‍ മാത്രമാണ് അവരുടെ ഇഷ്ടപ്രകാരമുള്ള ആര്‍ക്കിറ്റെക്ചര്‍ പ്രകാരം പണികഴിപ്പിച്ചത്. സാധാരണക്കാരന്‍റെ ഗൃഹനിര്‍മാണ രീതികളെ തടസപ്പെടുത്താന്‍ അവര്‍ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ഷഭാരതത്തിന്‍റെ അമൂല്യമായ വാസ്തുവിദ്യയും ആധുനിക വിദ്യകളും സമന്വയിപ്പിച്ച് ദേശ, കാല ഭൂപ്രകൃതിക്ക് അനുയോജ്യമായി ഗൃഹങ്ങളെ സുന്ദരമായ നിര്‍മിതികളാക്കി തീര്‍ക്കാന്‍ ഉതകുന്ന ശാസ്ത്രശാഖയാണ് വാസ്തുശാസ്ത്രം. ഈ ശാസ്ത്രത്തിന്‍റെ കാലിക പ്രസക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച.





കടപ്പാട്:



ബ്രഹ്മശ്രീ

മധു എന്‍. പോറ്റി

കണ്‍സള്‍ട്ടന്‍റ്

ആര്‍ക്കിറ്റെക്റ്റ്

തിരുവിതാംകൂര്‍

ദേവസ്വം ബോര്‍ഡ്

ങീയ:9447146439.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code