പുതിയ റെസ്ക്യൂ ബോട്ട് കരയ്ക്കുകയറ്റി
വിഴിഞ്ഞം
ഫിഷറീസ് വകുപ്പു വിഴിഞ്ഞം കടലിലെ രക്ഷാപ്രവര്‍ത്തനത്തിനു കഴിഞ്ഞ മേയില്‍ വാങ്ങിയ പുതിയ റെസ്ക്യൂ ബോട്ട് കരയ്ക്കു കയറ്റി. കടല്‍ രക്ഷാപ്രവര്‍ത്തനത്തിനു അനുയോജ്യമല്ലാത്തതിനാലാണു നോയ്ഡയില്‍ നിര്‍മിച്ച റെസ്ക്യൂ ബോട്ട് വിഴിഞ്ഞം കടലില്‍ നിന്നു പിന്‍വലിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള റെസ്ക്യൂ ബോട്ടിന്‍റെ രൂപഘടനാ പ്രശ്നങ്ങളാണു രക്ഷാപ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്നതിനുള്ള തടസം.
ആറു മീറ്ററിലേറെ ഉയരത്തില്‍ തിരയടിക്കുന്ന വിഴിഞ്ഞം കടലിന്‍റെ സ്വഭാവം പഠനവിധേയമാക്കാതെയാണു ബോട്ട് നിര്‍മിച്ചത്. ബോട്ട് മൂന്നു മീറ്റര്‍വരെ തിരയടിക്കുന്ന കടലിലോ കായലിലോ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളുവെന്നു ഫിഷറീസ് അധികൃതര്‍ സമ്മതിക്കുന്നു. പുതിയ റെസ്ക്യൂ ബോട്ടിനെ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലേക്കു മാറ്റി വിവാദത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണു ഫിഷറീസ് വകുപ്പ്. കായല്‍ പ്രദേശത്തോടു ചേര്‍ന്ന വൈപ്പിനില്‍ ഈ ബോട്ട് കാര്യമായ തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുമെന്ന നിഗമനത്തിലാണു അധികൃതര്‍. കമ്പനിക്കു ബോട്ടു മടക്കിനല്‍കി പുതിയതു വിഴിഞ്ഞത്ത് എത്തിക്കുന്നതിനെക്കുറിച്ചും അധികൃതരുടെ ആലോചനയിലുണ്ട്.
സുനാമി പുനരധിവാസ ഫണ്ടില്‍ നിന്നു 62 ലക്ഷം രൂപ ചെലവഴിച്ചാണു വിഴിഞ്ഞത്തിനു ബോട്ട് ലഭ്യമാക്കിയത്. ഈ ശ്രേണിയില്‍പ്പെട്ട മൂന്നു ബോട്ടുകള്‍ കൂടി മറ്റു ഫിഷറീസ് സ്റ്റേഷനുകള്‍ക്കു ലഭിച്ചിരുന്നു. ഇവയ്ക്കു കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്‍റെ രജിസ്ട്രേഷന്‍ ലഭിക്കുന്നതിനു മുന്‍പു നീണ്ടകരയില്‍ ബോട്ട് കമ്മീഷനിങ് നടത്തിയതു ഫിഷറീസ് വകുപ്പിനെ പ്രതിക്കൂട്ടിലാക്കി. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ചേര്‍ന്നാണു ബോട്ട് നീറ്റിലിറക്കിയത്. ബോട്ട് വാങ്ങിയതില്‍ വ്യാപക ക്രമക്കേടു നടന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിഴിഞ്ഞത്തു വാടക ബോട്ടുകളിലാണു ഫിഷറീസ് വകുപ്പ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Close...
Maximum Character Allowed -
4000