Thursday, September 09, 2010   10:43 PM IST
Supplements
Home>> News>> Kerala News
Kerala News
ജമന്തിപ്പൂവിലെ "സായിപ്പ്'
Friday, July 02, 2010
|
|
|
അനൂപ് മോഹന്‍

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ ഹോളിവുഡ് ബന്ധമുള്ള ഒരാള്‍ വന്നു താമസിക്കുന്നു. അന്വേഷണം നസ്രത്തി ലെ രാമേശ്വരം കോളനിയിലെ ചെറിയൊരു ഗെയ്റ്റിനു മുന്നില്‍ ചെന്നു നിന്നു. ഗെയ്റ്റ് കടന്ന്, വലിയ മരവാതില്‍ തുറന്നാല്‍...കൃത്യമായൊ രു ശൈലിയുടെ മേല്‍ക്കൂരയ്ക്കു കീഴില്‍ നിര്‍ത്താനാകാത്ത വീട്. അതാണു ബില്‍ ഫ്ളെച്ചറിന്‍റെ സാമ്രാജ്യം. ഇപ്പോഴെത്തും എന്ന അറിയിപ്പിനു ശേഷം കാത്തിരിപ്പിന്‍റെ മുഷിപ്പുണ്ടായില്ല, വീടിന്‍റെയും പൂന്തോട്ടത്തിന്‍റെയും നീന്തല്‍ക്കുളത്തിന്‍റെയും തുളസിത്തറയുടെയും പെയ്ന്‍റിങ്ങുകളുടെയുമൊക്കെ കാഴ്ച ഒരിക്കലും മടുപ്പിക്കാത്തതായിരുന്നു, ആ വീടിന്‍റെ ഗൃഹനാഥനോട് അസൂയ തോന്നും വിധം. ഹോളിവുഡ് സിനിമകളില്‍ വിഗ്ഗ് മേക്കറായിരുന്നു, ബില്‍ ഫ്ളെച്ചര്‍. എന്നാല്‍ ഇപ്പോള്‍ ആ ഒരു വിശേഷണത്തില്‍ ഒതുക്കാനാവില്ല ബില്ലിനെ.

ഇളം സ്വര്‍ണനിറമുള്ള തലമുടി. പൊയ്മുടിയാണോ എന്നും തോന്നിപ്പിക്കുംവിധം കൗതുകം നിറയുന്ന ഇഴകള്‍. മുന്നറിയിപ്പൊന്നുമില്ലാതെ എപ്പോള്‍ വേണമെങ്കിലും പൊട്ടിച്ചിരി ക്കു വഴിമാറാവുന്ന പുഞ്ചിരിയുണ്ട് ആ ചുണ്ടില്‍. ബില്‍ ഫ്ളെച്ചറിന്‍റെ രേഖാചിത്രം ഏതാണ്ടിങ്ങനെ. നാലഞ്ചു വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ഒരു വിദേശി. അഭിമുഖത്തിനു മുമ്പ് ആളെ കൈയിലെടുക്കാമെന്നു കരുതി ചോദിച്ചു.... so, kerailtes consider u as a brother... എടുത്തടിച്ച പോലെ മറുപടി, അകമ്പടിയായി പൊട്ടിച്ചിരിയും.... no, for them i am a സായിപ്പ്’’. സംസാരിച്ചു തുടങ്ങുമ്പോള്‍ ഹോളിവുഡിന്‍റെ വിഗ്ഗ് മേക്കര്‍ എന്നതിനപ്പുറത്തേക്കു വളരുകയായിരുന്നു ബില്‍. പെയ്ന്‍റര്‍, സ്ക്രിപ്റ്റ് റൈറ്റര്‍... മനോഹരമായ ആ വീട് ഡിസൈന്‍ ചെയ്ത തും ഈ ഗൃഹനാഥന്‍ തന്നെ.

കുഴപ്പിക്കുന്ന അമേരിക്കന്‍ ആക്സന്‍റ് സൃഷ്ടിച്ചേക്കാവുന്ന അകല്‍ച്ചയെ ഇല്ലാതാക്കി, സൗഹൃദത്തോടെ ബില്‍ ആദ്യം പറഞ്ഞത് സ്വന്തം പ്രൊഫൈല്‍. അമേരിക്കയിലെ ഷെല്‍ട്ടണ്‍ സ്വദേശി. തുടക്കം അരങ്ങില്‍ നിന്ന്. ആള്‍ക്കൂട്ടത്തിന്‍റെ ആരവം ആവേ ശം പകര്‍ന്ന തിയെറ്ററുകളില്‍ ഒരുപാടു നാള്‍. ന്യൂയോര്‍ക്കിലെ ഷേക്സ്പീരിയന്‍ നാടകത്തിലെ കഥാപാത്രമായി. എന്നാല്‍ ജീവിതത്തില്‍ ഒന്നുമില്ലാതാകുന്ന ഒരവസ്ഥയില്‍ ഒതുങ്ങാന്‍ ബില്‍ തയാറായിരുന്നില്ല. മാറ്റങ്ങള്‍ക്കായി ആ മനസു കൊതിച്ചു. നാടകവേദിയോടു വിട പറയുമ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്ത് വഴി വിഗ്ഗ് മേക്കര്‍ എന്ന പുതിയ തൊഴില്‍മേഖലയിലെത്തി. അതും നാടകത്തില്‍ത്തന്നെ.

തുടക്കത്തില്‍ തിയെറ്ററുകള്‍ക്കു വേണ്ടിയായിരുന്നു പൊയ്മുടി ഒരുക്കിയിരുന്നത്. പിന്നീടു ഹോളിവുഡ് സിനിമകളിലെ താരങ്ങളുടെ തലമുടിയൊരുക്കി. പതിനാറു വര്‍ഷം, ആരാധകര്‍ അനുകരിച്ച ഹെയര്‍ സ്റ്റൈലുകള്‍, ബില്ലിന്‍റെ സൃഷ്ടിയായിരുന്നു. ബ്രൂസ് വില്ലിസ്, മൈക്കിള്‍ ജാക്സ ന്‍, സില്‍വസ്റ്റര്‍ സ്റ്റാലന്‍, ജോണി ഡെപ്പ്....എഴുതിത്തീര്‍ക്കാന്‍ കഴിയാത്തത്രയും താരങ്ങള്‍ക്ക് വിഗ്ഗൊരുക്കിയിട്ടുണ്ട് ബില്‍. വിഗ്ഗ് മേക്കറായി അറുനൂറിലധികം സിനിമകളില്‍. സ്ഥിരം ജോലിയുടെ വിരസമായ നാളുകള്‍ കടന്നുപോയി. സ്ഥിരതയില്‍ നിന്നു കുതറി മാറാനുള്ള അടങ്ങാത്ത മോഹം വീണ്ടും. പണ്ട് അരങ്ങില്‍ കഥാപാത്രമായി നില്‍ക്കുമ്പോള്‍ അതില്‍ നിന്നു മാറി കഥാപാത്രങ്ങള്‍ക്ക് വിഗ്ഗൊരുക്കാന്‍ ഇറങ്ങിത്തിരിച്ച അതേ മനസ്. ഡെഡ്ലൈനുകളില്ലാത്ത ഒരു ജീവിതം കൊതിച്ചു ബില്‍. മനസില്‍ തെളിഞ്ഞ പോംവഴി, യാത്ര. വളരെ അകലേക്ക്. ഗ്വാട്ടിമാല, തായ്ലന്‍ഡ്, ആഫ്രിക്ക...കടന്നു പോയ ഡെസ്റ്റിനേഷനുകളുടെ നിരയില്‍ ഇന്ത്യയുമുണ്ടായിരുന്നു. ശൈത്യകാലത്തെ കശ്മീര്‍, കടലിരമ്പുന്ന ഗോവ. വന്നു പോകാനാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഈ സായിപ്പിനെ കുറച്ചു കാലം തളച്ചിടാനായിരുന്നു ദൈവത്തിന്‍റെ തീരുമാനം. ഒരു സ്ഥിരം താവളമൊരുക്കി ഫോര്‍ട്ട് കൊച്ചിയില്‍. ലോകത്തില്‍ എവിടേക്കു യാത്ര പോയാലും തിരിച്ചുവരാനൊരു വീട്. കെട്ടുപാടുകളില്ലാത്ത ജീവിതം കൊതിച്ച് ഇറങ്ങിത്തിരിച്ച ബില്‍ ആദ്യമായി സൃഷ്ടിച്ച സ്ഥിരം താവളത്തിന്‍റെ പേര് മാരിഗോള്‍ഡ്. വീട്ടുപേരിനോട് അപരിചിതത്വം വേണ്ട. നമ്മുടെ ജമന്തിപ്പൂവിന്‍റെ ആംഗലേയമാണ് മാരിഗോള്‍ഡ്.

ബില്‍, ഫോര്‍ട്ട് കൊച്ചിയിലെത്തിയിട്ട് ഏറെ നാളായി. സ്വയമൊരുക്കിയ സങ്കേതത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്ന ഇദ്ദേഹം പെയ്ന്‍റര്‍ കൂടിയാണ്. വാരാണസി മുതല്‍ പൂന്തോട്ടത്തിന്‍റെ പച്ചപ്പു വരെ നിറങ്ങളില്‍ ചാലിച്ച് ചുമരിനെ അലങ്കരിച്ചിരിക്കുന്നു. വീടിന്‍റെ മുറികളിലെല്ലാം ദൈവങ്ങളുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും, വരാന്തയില്‍ വരവേല്‍ക്കുന്നതു ഉയരമുള്ള ഒരു ശ്രീകൃഷ്ണരൂപം. താത്പര്യങ്ങളിലെ ദൈവികസാന്നിധ്യം. ഇപ്പോള്‍ ഒരു തിരക്കഥ എഴുതുകയാണു ബില്‍. തീം എന്താണെന്നു ചോദിച്ചാല്‍, അത് കോപ്പിറൈറ്റ് കിട്ടിയതിനു ശേഷമേ പറയൂ എന്നു മറുപടി. കോമഡി സബ്ജക്റ്റ് ആണെന്നു മാത്രം പറയും.

ബില്ലിന്‍റെ ഇഷ്ടങ്ങള്‍ ഒരു വിദേശിയുടെ സ്ഥിരം താത്പര്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ഐ ഹെയ്റ്റ് സൂപ്പര്‍മാര്‍ക്കറ്റ്സ്....ഇവിടുത്തെ മാര്‍ക്കറ്റുകളെപോലെ, ഫ്രൂട്ട്സ് മേടിക്കാന്‍ ഒരു ഷോപ്പ്, മത്സ്യം മേടിക്കാന്‍ മറ്റൊരിടം....അതാണു ബില്ലിനിഷ്ടം. അനിഷ്ടങ്ങളില്‍ വാഹനഗതാഗതവുമുണ്ട്. ബില്ലിന്‍റെ അഭിപ്രായത്തില്‍, നിങ്ങള്‍ റോഡിലാണ് എന്നു പറയുന്നത്, നിങ്ങള്‍ അപകടത്തിലാണ് എന്നു പറയുന്നതിനു തുല്ല്യം. മലയാളത്തിന്‍റെ മണ്ണില്‍ താവളമുറപ്പിച്ചിട്ട് ഒരുപാടു നാളായെങ്കിലും, ഭാഷ ഇതുവരെ ബില്ലിനു വഴങ്ങിയിട്ടില്ല. സ്പാനിഷ് സംസാരിക്കാനറിയാം, അറബിക് അറിയാം... പക്ഷേ, മലയാളം...അതൊരു സീക്രട്ട് ലാങ്വേജാണ്, ഇതുവരെ അറിയില്ല ബില്‍ പറയുന്നു. ബില്‍ കൂട്ടുകൂടുന്നത് ടീപോട്ടിനോടാണ്. പ്രിയപ്പെട്ട പൂച്ചക്കുട്ടി. ഹോളിവുഡ് കണക്ഷനുള്ള ഒരു അമേരിക്കക്കാരനുമായി കൂട്ടുകൂടുന്നതിന്‍റെ ഗമയില്‍ ബില്ലിന്‍റെ മാറിലേക്ക് ചാഞ്ഞ് ടീപോട്ടും ഒരു ഫോട്ടൊയ്ക്കു റെഡി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code