Thursday, February 09, 2012   12:34 PM IST
Supplements
Home>> News>> Kerala News
Kerala News
ശാന്തതയുടെ രാഗങ്ങള്‍
Saturday, July 03, 2010
|
|
|
ചൈത്ര. ജെ. ലക്ഷ്മി

ടേപ്പ് റെക്കോര്‍ഡറിലൂടെ ഒഴുകിയെത്തിയ നാദമാധുരിയില്‍ അലിഞ്ഞ സദസില്‍ മൗനത്തിന്‍റെ താളം നിറഞ്ഞു. ശാന്തതയുടെ നിമിഷങ്ങളിലെ മനസ് പതുക്കെ ചേക്കേറുന്നത് ഓരോരുത്തരും അനുഭവിച്ചറിയുകയായിരുന്നു. രാഗമേതെന്നു തിരിച്ചറിയാനായില്ലെങ്കിലും രാഗചികിത്സ നല്‍കുന്ന ശാന്തത അവരറിഞ്ഞു. എറണാകുളം മഹാരാജാസ് കോളെജിലെ സംഗീത വിഭാഗവും പൂര്‍വവിദ്യാര്‍ഥി സംഘടനയും ചേര്‍ന്നു രാഗചികിത്സയെ ആസ്പദമാക്കി സംഘടിപ്പിച്ച വര്‍ക് ഷോപ്പില്‍ സംഗീതം ഏകാഗ്രതയുടെ പാഠപുസ്തകമായി.

മ്യൂസിക് തെറാപ്പിസ്റ്റും എഴുത്തുകാരിയുമായ ഡോ. സുവര്‍ണ നാലപ്പാട്ടാണു വര്‍ക്ഷോപ്പിനു നേതൃത്വം നല്‍കിയത്. കഥകളിലൂടെയും കളികളിലൂടെയുമാണു രാഗചികിത്സയുടെ മാഹാത്മ്യത്തെക്കുറിച്ചു സുവര്‍ണ വിവരിച്ചത്. സംഗീതത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏകാഗ്രതയും ഓര്‍മശക്തിയും വ്യക്തിത്വവികാസവും നേടാന്‍ സഹായിക്കുന്നതിനാണു വര്‍ക്ഷോപ്പ് ഒരുക്കിയത്. ഏതു നാദവും ശാന്തിയേകുന്നതാണെന്നു ഡോ. സുവര്‍ണ. അതുകൊണ്ടു തന്നെ ഈശ്വരതുല്യമാണു സംഗീതം. ഒരു വ്യക്തിയെന്ന നിലയിലല്ല സമൂഹത്തിന്‍റെ മുഴുവന്‍ ശാന്തിയിലാണു സംഗീതത്തിലൂടെ ശ്രദ്ധ ചെലുത്തേണ്ടത്. സംഗീതത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണു രോഗവിമുക്തി. രോഗങ്ങള്‍ സൃഷ്ടിക്കുന്ന വേദനയകറ്റുന്നതിനും പ്രതിരോധശക്തി നേടുന്നതിനുമാണു രാഗചികിത്സ പ്രയോജനപ്പെടുക. ഇതോടൊപ്പം ഏകാഗ്രതയും വ്യക്തിത്വ വികാസവും ഓര്‍മശക്തിയും സംഗീതത്തിലൂടെ സാധ്യമാകും.

പാടുന്നവരുടെ മനസിലെ നന്മയാണു ലോകത്തിനു നന്മ പ്രദാനം ചെയ്യുക. അല്‍പ്പം കാരുണ്യവും വാത്സല്യവും മനസില്‍ സൂക്ഷിക്കുന്നവര്‍ പാടുമ്പോള്‍ സമൂഹത്തിനു മുഴുവന്‍ നന്മ ലഭിക്കും. സൗഹൃദവും സാഹോദര്യവും മനസിലേറ്റുന്നവരുടെ സംഗീതം ലോകത്തിനു ശാന്തിയേകുമെന്നതില്‍ സംശയമില്ലെന്നു സുവര്‍ണ ഓര്‍മിപ്പിക്കുന്നു. സംഗീതം പുസ്തകം നോക്കി പഠിക്കുക സാധ്യമല്ല. സംഗീതത്തിന്‍റെ വഴികളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ സംഗീതമെന്തെന്ന് അറിയാനാകൂ. മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സംഗീതത്തിലൂടെ സാധിക്കും. പ്രതിരോധശക്തിക്കൊപ്പം മാനസികമായ ശാന്തത നല്‍കാനും സംഗീതത്തിനു സാധിക്കും.

കപാല എന്ന സിങിങ് ബൗളും വജ്രത്തില്‍ തീര്‍ത്ത ഉപകരണവും കൊണ്ട് സംഗീതത്തിന്‍റെ തരംഗങ്ങളെ ഡോ. സുവര്‍ണ വിശദീകരിച്ചു. സിംങിങ് ബൗളില്‍ വജ്രം കൊണ്ടു തട്ടിയപ്പോള്‍ ഉയര്‍ന്ന ശബ്ദം നിമിഷങ്ങളോളം മുഴങ്ങി നിന്നു. ഒരു വിദ്യാര്‍ഥിയെക്കൊണ്ടും ഇതേ രീതിയില്‍ നാദം സൃഷ്ടിപ്പിച്ചു. പാത്രം കൈയില്‍ പിടിക്കുന്നയാള്‍ക്ക് ആ ശബ്ദത്തിന്‍റെ തരംഗങ്ങള്‍ തന്‍റെ കൈയിലൂടെ കടന്നു പോകുന്നതായി അനുഭവപ്പെടുന്നതു സംഗീതം പകരുന്ന ഊര്‍ജത്തിനു തെളിവാണെന്നു വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. സംഗീതം ആസ്വദിക്കുമ്പോള്‍ അതിന്‍റെ ശബ്ദവിന്യാസത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. 80- 85 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം മലിനീകരണം സൃഷ്ടിക്കുന്നു. ഇന്‍സ്ട്രമെന്‍റുകളുടെ ശബ്ദം 60 ഡെസിബെല്ലിനു മുകളിലാവാന്‍ പാടില്ല. വീട്ടിനുള്ളില്‍ 30 ഡെസിബെല്ലിനു മുകളില്‍ ശബ്ദം നല്ലതല്ല. താഴ്ന്ന ശബ്ദത്തില്‍ സംഗീതം ആസ്വദിക്കുമ്പോഴേ മൗനത്തിന്‍റെയും ശാന്തിയുടെയും സ്വരം ആസ്വദിക്കാനാവൂ.

വര്‍ക്ഷോപ്പിന്‍റെ ഭാഗമായി സംവാദത്തില്‍ രാഗചികിത്സയെക്കുറിച്ചു സംശയങ്ങളുയര്‍ന്നു. സംഗീതം ഇഷ്ടപ്പെടാത്തവരില്‍ രാഗചികിത്സ ഫലപ്രദമാകുമോയെന്നായിരുന്നു സദസില്‍ നിന്നുയര്‍ന്ന സംശയങ്ങളിലൊന്ന്. നീലാംബരി, ആനന്ദ ഭൈരവി എന്നീ രാഗങ്ങളില്‍ ഏതു പാടിയാലും കുഞ്ഞുങ്ങള്‍ ഉറങ്ങും. രാഗമേതെന്നു തിരിച്ചറിഞ്ഞിട്ടല്ല, പാടുന്നയാളിലെ വാത്സല്യഭാവം പകരുന്ന സുഖമാണു കുഞ്ഞിനെ ഉറക്കുക. അതു പോലെയാണു രാഗചികിത്സയെന്നു ഡോ. സുവര്‍ണ.

ഏതൊരാളിലും സംഗീതം സൗഖ്യം പകരും. പുതിയ തലമുറ ഡപ്പാങ്കൂത്ത് പാട്ടുകളുടെ പിന്നാലെ പോകുന്നതിനെക്കുറിച്ചും ഡോ. സുവര്‍ണയ്ക്ക് ഉത്തരമുണ്ടായിരുന്നു. അത്തരം പാട്ടുകള്‍ മാത്രമാണു പുതിയ തലമുറയുടെ മുന്നിലെത്തുന്നത്.പലപ്പോഴും വര്‍ക്ഷോപ്പുകളുടെ ഭാഗമായും മറ്റും വിദ്യാര്‍ഥികളെ ശുദ്ധസംഗീതം കേള്‍പ്പിക്കുമ്പോള്‍ ഇത്തരം സുഖകരമായ പാട്ടു കേള്‍ക്കുന്നത് ആദ്യമായാണെന്ന് അഭിപ്രായമാണു ലഭിച്ചതെന്നു ഡോ. സുവര്‍ണ.

വളര്‍ന്നു വരുന്ന കുട്ടികള്‍ക്കു ശുദ്ധസംഗീതം കേള്‍ക്കാന്‍ അവസരം നല്‍കേണ്ടതു മുതിര്‍ന്നവരാണ്. സംഗീതം എങ്ങനെ അവതരിപ്പിക്കുന്നുവെന്നതാണു പ്രധാനം. പാടുന്നയാളുടെ മനസിലെ നന്മയുടെ ഭാവമാണു പ്രപഞ്ചത്തിനു ഗുണം ചെയ്യുക. എല്ലാ ചരാചരങ്ങളിലും ഈശ്വരകടാക്ഷമുണ്ട്. അവയെ ബഹുമാനിക്കാന്‍ പഠിക്കണം. ആരെയും നിന്ദിക്കരുത്. എന്നാല്‍ മാത്രമെ ദൈവത്തിന്‍റെ സാന്നിധ്യം തിരിച്ചറിയാനാകുമെന്നു ഡോ. സുവര്‍ണ ഓര്‍മിപ്പിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code