കൊച്ചി
നവസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ഗ്രാമാന്തരങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഫെഡറല്‍ ബാങ്ക് കേരളത്തില്‍ 31 പുതിയ ശാഖകള്‍ കൂടി തുറന്നു. ഇതോടെ ബാങ്കിന്‍റെ ആകെ ശാഖകളുടെ എണ്ണം 707 ആയി.
ബാങ്കിന്‍റെ സ്ഥാപക ചെയര്‍മാന്‍ കെ.പി. ഹോര്‍മിസിന്‍റെ ജന്മനാടായ എറണാകുളം ജില്ലയിലെ മൂക്കന്നൂരിലെ ഹോര്‍മിസ് നഗറില്‍ ബാങ്കിന്‍റെ 700ാം ശാഖയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ് നിര്‍വഹിച്ചു.
സ്വകാര്യ ബാങ്കുകള്‍ പൊതുവേ കാര്‍ഷിക വായ്പകള്‍ അനുവദിക്കാന്‍ വിമുഖത കാട്ടുമ്പോള്‍ കേരളത്തിന്‍റെ സ്വന്തം ബാങ്കായ ഫെഡറല്‍ ബാങ്കിന്‍റെ വായ്പാ നിക്ഷേപ അനുപാതം 66 ശതമാനത്തിലേറെയാണെന്നതു സന്തോഷകരമായ വസ്തുതയാണെന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ ഗ്രാമങ്ങളില്‍ വേരൂന്നി വളര്‍ന്നതാണു ഫെഡറല്‍ ബാങ്കെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ എം. വേണുഗോപാലന്‍ പറഞ്ഞു. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും എടിഎം ശൃംഖലകള്‍ വ്യാപകമാക്കിയ ആദ്യ സംസ്ഥാനം കേരളമായിരുന്നു. ഈ നേട്ടം സാധ്യമാക്കുന്നതിലെ പ്രധാന പങ്ക് ഫെഡറല്‍ ബാങ്കിനായിരുന്നു. വൈകാതെ 75ഓളം ശാഖകള്‍ കൂടി സമാനപ്രദേശങ്ങളില്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്- അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ബാങ്കിങ് സംവിധാനത്തിന്‍റെ ഉദ്ഘാടനം മന്ത്രി ജോസ് തെറ്റയില്‍ നിര്‍വഹിച്ചു. സാങ്കേതിക രംഗത്തെ സാധ്യതകള്‍ സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന വിധം നടപ്പിലാക്കുന്ന ഫെഡറല്‍ ബാങ്ക് മറ്റു ബാങ്കുകള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് ബാങ്ക് അവതരിപ്പിക്കുന്ന പുതിയ ഡെബിറ്റ് കാര്‍ഡ് എം. വേണുഗോപാലന്‍ ഫിസാറ്റ് പ്രിന്‍സിപ്പല്‍ ശ്രീജിത്തിനു നല്‍കി പുറത്തിറക്കി. ബാങ്ക് ജനറല്‍ മാനെജര്‍ സി. തോമസ് ജോസഫ് സ്വാഗതം പറഞ്ഞു.
ഫിസാറ്റ് ചെയര്‍മാന്‍ പി.വി. മാത്യു, മുക്കന്നൂര്‍ പഞ്ചായത്തു പ്രസിഡന്‍റ് ഏലിക്കുട്ടി ആന്‍റണി, പഞ്ചായത്തംഗങ്ങളായ ഏലിയാസ് കെ. തര്യന്‍, പി.വി. മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോര്‍മിസ് നഗര്‍ ശാഖാ മാനെജര്‍ പി.ബി. സോമസുന്ദരന്‍ നന്ദി പറഞ്ഞു.
Close...
Maximum Character Allowed -
4000