സ്പെസിഫിക് ട്രെയ്ഡിനു സാധ്യത
കൊച്ചി
അന്താരാഷ്ട്ര വിപണിയില്‍നിന്ന് നല്ല വാര്‍ത്തകള്‍ ഒന്നുമില്ല. ആര്‍ബിഐയുടെ നിരക്കുവര്‍ധനയും റിലയന്‍സ് പവര്‍- ആര്‍എന്‍ആര്‍എല്‍ ലയനവുമാണ് ആഭ്യന്തര മേഖലയിലെ പ്രധാന ഘടകങ്ങള്‍. ഇതു മുന്‍നിര്‍ത്തി ഈ വാരത്തുടക്കത്തില്‍ ചില പ്രത്യേക സ്റ്റോക്കുകളില്‍ കൂടുതല്‍ താത്പര്യം കാണിക്കാനാണ് ഓഹരി നിക്ഷേപകര്‍ ശ്രമിക്കുകയെന്നു നിഗമനം. അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍ക്കു ഡിമാന്‍ഡ് ഉണ്ടായേക്കും. റിലയന്‍സ് പവര്‍, ആര്‍എന്‍ആര്‍എല്‍ കൗണ്ടറുകള്‍ പ്രത്യേക ശ്രദ്ധ നേടും. സൂചികകളില്‍ വലിയ മുന്നേറ്റങ്ങള്‍ക്കോ ഇടിവുകള്‍ക്കോ സാധ്യതയില്ല.
ആര്‍ബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചതു വെള്ളിയാഴ്ച. വായ്പാ അവലോകനത്തില്‍ വീണ്ടും വായ്പാ പലിശ കൂട്ടിയേക്കും. ഇതു സംബന്ധിച്ച ആശങ്കകള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം ഉണ്ടാക്കാം. ബാങ്കിങ്, ഓട്ടോ, റിയല്‍റ്റി തുടങ്ങിയ റേറ്റ് സെന്‍സിറ്റീവ് സെക്റ്ററുകളില്‍ ഇതിന്‍റെ സ്വാധീനം കൂടും. എനര്‍ജി സ്റ്റോക്കുകള്‍ താത്പര്യം നിലനിര്‍ത്തിയേക്കും. ചില പ്രത്യേക ഓഹരികളിലെ ട്രെയ്ഡിങ്ങാണ് കഴിഞ്ഞദിവസങ്ങളില്‍ മാര്‍ക്കറ്റ് ദിശ നിര്‍ണയിച്ചത്.
നെഗറ്റീവ് ടോണിലാണ് കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. വാരം മുഴുവന്‍ ചാഞ്ചാട്ടത്തിലായിരുന്നു സൂചികകള്‍. സെന്‍സെക്സിന്‍റെ വാരനഷ്ടം 114 പോയിന്‍റ് അഥവാ 0.7%. 17,460.95 ലാണു സൂചിക. തിങ്കളാഴ്ച കുതിച്ചു കയറിയ സെന്‍സെക്സ് 17,774 ല്‍ വ്യാപാരം അവസാനിപ്പിച്ചിരുന്നു. അതിനുശേഷം മൊത്തം നഷ്ടമായത് 313.31 പോയിന്‍റ്. നിഫ്റ്റിയുടെ നഷ്ടം 0.6%. 5,237ലാണു സൂചിക.
ആഗോള വ്യാപകമായി ഓഹരി വിപണി ദുര്‍ബലമാണ്. എങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്കു കഴിയുന്നു. മറ്റു വിപണികളെക്കാള്‍ നല്ല നിലയിലാണ് ഇന്ത്യന്‍ ഇന്‍ഡെക്സുകള്‍. ആഭ്യന്തര മേഖലയിലെ വളര്‍ച്ചാ നിരക്കുകളാണ് ഇതിനു കാരണം. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ പണമിറക്കാന്‍ താത്പര്യപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2,331 കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കി. രാജ്യത്തെ ധനക്കമ്മി കുറയുമെന്ന പ്രതീക്ഷ ഇതിനൊരു ഘടകം. യൂറോ ക്രൈസിസിനെത്തുടര്‍ന്ന് പിന്‍വാങ്ങിയവര്‍ വീണ്ടും സജീവമായിട്ടുണ്ട്. ബ്ലൂചിപ്പുകളില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 17,500നു താഴെയിറങ്ങി. എന്നാല്‍, ടോപ് ടെന്‍ ബ്ലൂചിപ്പുകളില്‍ അഞ്ചും നേട്ടമുണ്ടാക്കി. 17,000 കോടി രൂപയുടെ മൂല്യവര്‍ധനയാണ് ഇവയ്ക്ക്. മുന്നില്‍ ഒഎന്‍ജിസി. 8780 കോടി രൂപയുടെ മൂല്യം കൂട്ടി ഇവര്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 1,707.15 കോടിയുടെ മൂല്യനേട്ടം. എന്‍ടിപിസിയാണു ശതമാനക്കണക്കിലെ നേട്ടത്തില്‍ മൂന്നാംസ്ഥാനത്ത്. നാലാം സ്ഥാനത്തേക്ക് ഇന്‍ഫോസിസ് കയറിയപ്പോള്‍ അഞ്ചാമതുള്ള എംഎംടിസിക്കു നഷ്ടം. എസ്ബിഐ, ഭെല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയവയും മൂല്യനഷ്ടത്തില്‍. എന്നാല്‍, എഫ്എംസിജി ഭീമന്‍ ഐടിസിക്ക് 191 കോടിയുടെ മൂല്യവര്‍ധന.
യുഎസില്‍ ഇന്ത്യന്‍ എഡിആറുകള്‍ക്ക് മൂല്യശോഷണം. 700 കോടിയോളം ഡോളറിന്‍റെ മൂല്യമാണു കുറഞ്ഞത്. ഇതില്‍ പകുതിയും ഇന്‍ഫോസിസിന്‍റെയും വിപ്രോയുടെയും നഷ്ടം. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളുടെ എഡിആറുകള്‍ക്കും മൂല്യം ഇടിഞ്ഞു. ടാറ്റാ കമ്യൂണിക്കേഷന്‍സ് മാത്രമാണ് അവിടെ ഗെയ്നര്‍. ടാറ്റ മോട്ടോഴ്സിനു തിരിച്ചടി.
സ്വര്‍ണം
ബുള്ള്യന്‍ വിപണിയില്‍ നഷ്ടത്തിന്‍റെ വാരം. തിങ്കളാഴ്ച നേട്ടത്തിലായിരുന്ന വിപണി പിന്നീടു ചാഞ്ചാടി. ഡിമാന്‍ഡ് കുറവാണു കാരണമെന്ന് മുംബൈ ബുള്ള്യന്‍ വൃത്തങ്ങള്‍. പത്തു ഗ്രാമിന് 18,515 രൂപയിലാണ് മുംബൈയില്‍ വാരാവസാനം. ജൂണ്‍ 28ന് 18,895 രൂപ വന്നതാണ് സ്വര്‍ണത്തിന്. കൊച്ചിയില്‍ തിങ്കളാഴ്ച ഗ്രാമിന് 1,765 രൂപ. വാരാവസാനം 1,730 രൂപ. അന്താരാഷ്ട്ര വിപണിയിലും വില കുറഞ്ഞു. ഔണ്‍സിന് 1202 ഡോളര്‍ എന്നതാണു നില. മുന്‍വാരം ക്ലോസിങ് 1250 ഡോളറില്‍.
തിങ്കളാഴ്ചയും ബുധനാഴ്ചയും ഒഴികെ വെള്ളി വില കുറയുകയായിരുന്നു. തിങ്കളാഴ്ച കിലോഗ്രാമിന് 30,385 രൂപ വരെയെത്തി. വാരാവസാനം 29,335 രൂപ മാത്രം. മുന്‍വാരത്തെ അപേക്ഷിച്ച് മുംബൈയില്‍ കിലോഗ്രാമിന് 910 രൂപയുടെ കുറവുണ്ട് വെള്ളിക്ക്.
Close...
Maximum Character Allowed -
4000