ഓര്‍മയുടെ പനിനീര്‍പൂക്കള്‍
ചൈത്ര. ജെ. ലക്ഷ്മി
ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മതില്‍. മതിലിനിപ്പുറം ഇതളടര്‍ന്ന ചുവന്ന പനിനീര്‍പ്പൂവ് വീണു കിടക്കുന്നു. കാഴ്ചയെ മറച്ച മതിലുകള്‍ക്കപ്പുറത്തു നിന്നു നാരായണിയുടെ ശബ്ദം കേട്ടുവോ...? കണ്ണിനു പരിധിയിട്ടെങ്കിലും, മനസില്‍ തളിര്‍ത്ത ഒരു പ്രണയത്തിന്‍റെ തീവ്രമായ ഓര്‍മ. സാഹിത്യത്തില്‍ സാമ്രാജ്യമുയര്‍ത്തിയെങ്കിലും ബേപ്പൂരിന്‍റെ സുല്‍ത്താനായ കഥാകാരന്‍ വീണ്ടുമെത്തുകയാണ്. ചാരുകസേരയും ഗ്രാമഫോണും എരിയുന്ന സിഗററ്റും ജുഗ്ഗൂ ജുഗ്ഗൂ എന്ന ഭാവവുമായി ബഷീര്‍ മണ്ണിലേക്കെത്തിയ പോലെ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പതിനാറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം സൗത്ത് കാരിക്കാമുറി ക്രോസ് റോഡിലെ നാണപ്പ ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം ബഷീറിനെയും ബഷീറിന്‍റെ കഥകളെയും വരച്ചിട്ടിരിക്കുന്നു.
നിറങ്ങളില്‍ നിറയുന്നതു ബഷീറും, കഥകളും. നാല്‍പ്പത്തഞ്ചു കലാകാരന്മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും ഇല്ലസ്ട്രേഷനുകളും. ഒപ്പം ബഷീറിന്‍റെ ഫോട്ടൊകളുമുണ്ട്. നമ്പൂതിരി വരച്ച മുപ്പത്തിരണ്ടു കാരിക്കേച്ചറുകള്‍. ബഷീറിന്‍റെ കഥകള്‍ക്കു വേണ്ടി എം.വി ദേവന്‍ വരച്ച ഇല്ലസ്ട്രേഷനുകളുടെ പ്രിന്‍റുകളും പ്രദര്‍ശനത്തിലുണ്ട്. സി. എന്‍. കരുണാകരന്‍, തോമസ് ആന്‍റണി (മെട്രൊവാര്‍ത്ത എക്സിക്യൂട്ടിവ് ആര്‍ട്ടിസ്റ്റ്), സി. ആര്‍. മന്മഥന്‍, വി. മധു, സുധീര്‍നാഥ്, പി.യു. നൗഷാദ്, സുരേഷ് കൂത്തുപറമ്പ് തുടങ്ങിയവരുടെ സൃഷ്ടികളും പ്രദര്‍ശനത്തിലുണ്ട്. ബഷീറിന്‍റെ മുറി എന്ന സങ്കല്‍പ്പത്തില്‍ ടി. കലാധരന്‍ തയാറാക്കിയ സൂത്രോട്ട 2010 എന്ന ഇന്‍സ്റ്റലേഷനും ശ്രദ്ധയാകര്‍ഷിക്കുന്നു.
കുസൃതിയുടെ കൊമ്പുമായി മലയാളികളുടെ മനസിലേക്ക് ഓടിക്കയറിയ ആടിനെക്കുറിച്ചാണു കൂടുതല്‍ ചിത്രങ്ങളും. പാത്തുമ്മായുടെ ആടെന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍. കടലാസും പേനയും നിരന്ന മേശയ്ക്കരികിലായി ബഷീറിന്‍റെ കണ്ണടയണിഞ്ഞു നില്‍ക്കുന്ന ആട് കൗതുകമുണര്‍ത്തുന്നു. അതെന്‍റെ ഹൃദയമായിരുന്നു എന്ന ചിത്രത്തില്‍ ഒരു പൂവ് നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ഒരു യുവതിയെയും മതിലിനപ്പുറത്ത് ഒഴിഞ്ഞ ചാരുകസേരയും ഗ്രാമഫോണും. വെള്ള സാരിയണിഞ്ഞ് ഊഞ്ഞാലാടുന്ന സ്ത്രീയെയും, വെള്ള ജൂബയണിഞ്ഞ ബഷീറിനെയും കാണാം. ആടിനെ ചേര്‍ത്തു പിടിച്ച പാത്തുമ്മയാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ചിത്രത്തില്‍. ബാല്യകാലസഖി എന്ന പുസ്തകത്തില്‍ മജീദിന്‍റെയും സുഹ്റയുടെയും ബാല്യത്തെക്കുറിച്ചു പറയുന്ന കഥാഭാഗം കൊണ്ടു തീര്‍ത്ത ബഷീറിന്‍റെ ചിത്രം കൗതുകമുണര്‍ത്തുന്നതാണ്. കെ.യു. കൃഷ്ണകുമാറിന്‍റെ മ്യൂറല്‍ പെയ്ന്‍റിങ് വേറിട്ട അനുഭവം.
ചാരുകസേര, കടലാസ്, പേന, ഗ്രാമഫോണ്‍ ഇത്രയും ചേര്‍ന്നാല്‍ മലയാളികളുടെ മനസില്‍ ബഷീര്‍ നിറയും. പ്രദര്‍ശനത്തിലെ കാരിക്കേച്ചറുകളിലും കാര്‍ട്ടൂണുകളിലും ഇല്ലസ്ട്രേഷനുകളിലുമൊക്കെ ഇവയുണ്ട്. ഗ്രാമഫോണിന്‍റെ കോളാമ്പിക്കു പകരം വായില്‍ എരിയുന്ന സിഗററ്റുമായി ബഷീറിന്‍റെ തലയെ വരയാക്കിയ കാരിക്കേച്ചര്‍ രസകരമാണ്.
ഷെറിന്‍ സതീഷ്, വി. കെ. രാജന്‍, അനില്‍ ദയാനന്ദ് എന്നിവരുടെ ശില്‍പ്പങ്ങളും പ്രദര്‍ശനത്തിലുണ്ട്. ആനവാരിയും പൊന്‍കുരിശിലെയും കഥാസന്ദര്‍ഭത്തെ ആസ്പദമാക്കിയാണ് ഒരു ശില്‍പ്പം തീര്‍ത്തിരിക്കുന്നത്. പുനലൂര്‍ രാജന്‍, റസാഖ് കോട്ടക്കല്‍ തുടങ്ങിയവര്‍ എടുത്ത ബഷീറിന്‍റെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സമാപന ദിനമായ 18 ന് ബഷീര്‍ ദ് മാന്‍ എന്ന ജീവചരിത്ര ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴു വരെയാണു പ്രദര്‍ശനം.
Close...
Maximum Character Allowed -
4000