ദ് ടെര്‍മിനേറ്ററില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ഓടിച്ച ഹാര്‍ലി ഡേവിഡ്സണ്‍ കണ്ടു കൊതിക്കാത്തവരുണ്ടോ. ഓടിക്കാന്‍ പറ്റിയില്ലെങ്കിലും, ഒരിക്കലെങ്കിലും മോട്ടോര്‍ സൈക്കിളുകളിലെ രാജാവിനെയൊന്നു തൊടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും പലരും. ആഗ്രഹം വേണമെങ്കില്‍ സഫലമാക്കാം. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യന്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിലുണ്ട് ഈ മോട്ടോര്‍ സൈക്കിള്‍. ടെര്‍മിനേറ്ററിലെ വിസ്മയമായ അതേ വാഹനം തന്നെ. പ്രദര്‍ശനത്തില്‍ മോട്ടോര്‍ സൈക്കിള്‍ താരങ്ങള്‍ ഇനിയുമേറെ.
പൊടിപിടിച്ച വഴികളിലൂടെ ചീറിപ്പാഞ്ഞുപോയ മോട്ടോര്‍ സൈക്കിള്‍. വെള്ളിത്തിരയിലും ചരിത്രത്തിന്‍റെ നടവഴികളിലും ഓടിയ ബൈക്കുകള്‍. ലോസ് ഏഞ്ജലസിലെ സിമി താഴ്വരയില്‍ ആരംഭിച്ച മോട്ടോര്‍സൈക്കിള്‍ എക്സിബിഷനില്‍ അണിനിരക്കുന്ന ഓരോ വാഹനത്തിനും ഒരോ കഥകള്‍ പറയാനുണ്ടാകും. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ബ്രൈറി ആന്‍ഡ് മ്യൂസിയം സംഘടിപ്പിച്ച പ്രദര്‍ശനം കാണിച്ചുതരുന്നു, മോട്ടോര്‍ സൈക്കിള്‍ അപൂര്‍വ കാഴ്ചകള്‍. മോട്ടോര്‍ സൈക്കിള്‍ ഫാന്‍ ആണെങ്കിലും അല്ലെങ്കിലും വാഹനങ്ങളിലെ വ്യത്യസ്തത ആസ്വദിക്കാം. പ്രദര്‍ശനത്തിനിട്ടിരിക്കുന്ന പേരിലും പ്രത്യേകതയുണ്ട്, ബോണ്‍ റ്റു ബി വൈല്‍ഡ് : വിന്‍റെജ് ആന്‍ഡ് സെലിബ്രിറ്റി മോട്ടോര്‍ സൈക്കിള്‍സ്.
ലോകമെങ്ങുമുള്ള മോട്ടോര്‍ സൈക്കിള്‍ സംസ്കാരത്തിന്‍റെ നിരവധി ഉദാഹരണങ്ങള്‍. അപൂര്‍വമായ കലാവൈദഗ്ധ്യവും കഴിവും ഒത്തുചേരുന്ന നിര്‍മിതികള്‍. താരസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ വാഹനങ്ങള്‍...പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന വാഹനങ്ങളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാകില്ല. മൂന്നു സെക്ഷനുകളായാണു പ്രദര്‍ശനം, ക്ലാസിക് റ്റു മോഡേണ്‍ ഹാര്‍ലി, 1899ലെ വിന്‍റെജ് മോട്ടോര്‍ സൈക്കിളുകള്‍, സിനിമകളിലും സെലിബ്രിറ്റികളും ഉപയോഗിച്ച മോട്ടോര്‍ സൈക്കിളുകള്‍. മോട്ടോര്‍ സൈക്കിളുകളുടെ ഒരു നൂറ്റാണ്ട് വാഹനങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ അതു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായിരിക്കുമെന്നു ലൈബ്രറി ഡയറക്റ്റര്‍ ഡ്യൂക് ബ്ലാക്വുഡ്.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മോട്ടോര്‍ സൈക്കിളുകള്‍ ഇക്കൂട്ടത്തിലുണ്ട്, ഇറ്റലിയില്‍ നിന്നുള്ള എംവി അഗസ്റ്റ എഫ്4-1000, 1922 നെര്‍-എ-കാര്‍, മോട്ടോര്‍ സൈക്കിളുകളിലെ റോള്‍സ് റോയ്സ് എന്നറിയപ്പെടുന്ന 1930 സുപ്പീരിയര്‍ എസ്എസ് 100. ക്ലാസിക്കുകളില്‍ വാഹനപ്രേമികളെ കൊതിപ്പിക്കുന്ന കലക്ഷനുകള്‍ അണിനിരക്കുന്നു. സെലിബ്രിറ്റി മോട്ടോര്‍ സൈക്കിളുകളില്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റാലന്‍, സ്റ്റീവ് മക്വീന്‍, ജോയ് ജൊനാസ് തുടങ്ങിയവര്‍ ഉപയോഗിച്ച വാഹനങ്ങളുണ്ട്. ദ് ടെര്‍മിനേറ്ററില്‍ ഷ്വാര്‍സ്നെഗര്‍ ഓടിച്ച ഹാര്‍ലി, ദ് വേള്‍ഡ്സ് ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്ന ചിത്രത്തില്‍ ആന്‍റണി ഹോപ്കിന്‍സ് ഉപയോഗിച്ച ഇന്ത്യന്‍ സ്കൗട്ട്, വൈല്‍ഡ് വൈല്‍ഡ് വെസ്റ്റില്‍ കെവിന്‍ ക്ലീനും, വില്‍ സ്മിത്തും വെള്ളിത്തിരയില്‍ ഓടിച്ച മോട്ടോറൈസ്ഡ് ബൈസിക്കിള്‍ തുടങ്ങിയവയാണു മോട്ടോര്‍ സൈക്കിളുകളിലെ താരങ്ങള്‍. ബാറ്റ്മാന്‍ ആന്‍ഡ് റോബിന്‍, സ്റ്റാര്‍ ട്രെക്ക്, ബെഡ് ടൈം സ്റ്റോറീസ്...സിനിമാസാന്നിധ്യമറിയിച്ച വാഹനങ്ങള്‍ ഇനിയുമേറെ.
റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയമാണ് എക്സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്, മോട്ടോര്‍ സൈക്കിള്‍ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമുണ്ട്. 1983ല്‍ ക്ലാസിക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ മാനുഫാക്ചറര്‍ ഹാര്‍ലി ഡേവിഡ്സണ്‍ പാപ്പരത്തത്തിന്‍റെ വക്കിലെത്തി. മോട്ടോര്‍ സൈക്കിള്‍ രംഗത്തു കടുത്ത മത്സരമുണ്ടായ സമയം. അമേരിക്കന്‍ വിപണിയിലേക്കു മോട്ടോര്‍ സൈക്കിളുകള്‍ ഒഴുകിയെത്തി. ഹാര്‍ലി ഡേവിഡ്സണ്‍ പിടിച്ചുനില്‍ക്കാന്‍ പൊരുതുകയായിരുന്നു. അപ്പോഴാണു പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്‍ ഒരു തന്ത്രവുമായെത്തിയത്. ഇറക്കുമതി ചെയ്തിരുന്ന ജാപ്പനീസ് മോട്ടോര്‍സൈക്കിളിനു താല്‍ക്കാലിക ചുങ്കം ചുമത്തി. നല്ല ക്വാളിറ്റിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ ഉത്പാദിപ്പിക്കുന്നതില്‍, ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനിയെ സഹായിക്കുകയും ചെയ്തു. കമ്പനി ലാഭത്തിലായി.
പിന്നീട് ഈ ചുങ്കം ചുമത്തലിനെയും, ഹാര്‍ലി ഡേവിഡ്സണിന്‍റെ തിരിച്ചുവരവിനെയും റീഗന്‍ തന്നെ പരിഹാസം കലര്‍ന്ന കുത്തുവാക്കിലൂടെ വിശേഷിപ്പിച്ചതിങ്ങനെ.. നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അമേരിക്കന്‍സ്.
Close...
Maximum Character Allowed -
4000