വിദ്യാര്‍ഥികള്‍ പൊലീസ് കേഡറ്റുകളാകുന്നു
ആര്‍.റിന്‍സ്
ചെറുപ്പക്കാരെ പിടിക്കാന്‍ ഒരു പൊലീസ്പദ്ധതി. വിദ്യാഭ്യാസ-ആഭ്യന്തര വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയെ അങ്ങനെയും വിശേഷിപ്പിക്കാം. ലക്ഷ്യം, എന്‍സിസിയുടെ അച്ചടക്കവും എന്‍എസ്എസിന്‍റെ സേവനമനോഭാവവും ഒത്തുചേര്‍ന്ന ഒരു പുതിയ പ്രസ്ഥാനം വളര്‍ത്തിയെടുക്കുക. അതുവഴി ജാഗരൂകവും സമാധാനപരവും വികസനോന്‍മുഖവുമായ ഒരു സമൂഹ സൃഷ്ടിക്കായി യത്നിക്കുക. ഫലത്തില്‍ അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി കര്‍മസേനയായിരിക്കും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്. ഇക്കാര്യത്തിലും കേരളം മാതൃകയാകുകയാണ്.
പദ്ധതിയുടെ ഉദ്ഘാടനം 24നു കോഴിക്കോട്ടു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കും. ഡിജിപിയുടെ നിര്‍ദേശപ്രകാരം, എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായിരുന്ന പി.വിജയനും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലെ എന്‍എസ് എസ് സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ഇ.ഫാസിലും ചേര്‍ന്നാണു രണ്ടുവര്‍ഷ മുന്‍പേ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴ, എറണാകുളം റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ 21സ്കൂളുകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. 2010-11ല്‍ തെരഞ്ഞെടുത്ത 100 സ്കൂളുകളില്‍ നടപ്പാക്കും. ഈ സ്കൂളുകളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ രണ്ടു ബാച്ചുകള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നൂറു യൂണിറ്റുകള്‍ തുടങ്ങും. ഇതിനുശേഷം സംസ്ഥാനത്തെ മറ്റു സ്കൂളുകളിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ജൂലൈ മുതലായിരിക്കും സ്റ്റുഡന്‍റ് പൊലീസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
സ്റ്റുഡന്‍റ് കേഡറ്റ് പദ്ധതി സംബന്ധിച്ചു സര്‍ക്കാര്‍ തയാറാക്കിയ രൂപരേഖയില്‍ ഒരു കാര്യം അടിവരയിട്ടു പറയുന്നു, “”തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചു ബോധമുള്ളതും സാമൂഹികതിന്‍മകള്‍ക്കെതിരേ പ്രതികരിക്കാന്‍ ശേഷിയുള്ളതും നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ ബോധമുള്ളതുമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണു ലക്ഷ്യം. വിദ്യാര്‍ഥികളില്‍ പൗരബോധം, സമത്വ ബോധം, മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണപാടവം, നേതൃത്വ ശേഷി, സാഹസിക മനോഭാവം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്താനും വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവി സ്നേഹവും പോഷിപ്പിക്കാനും കേരളത്തിലും തലയുയര്‍ത്തിയ തീവ്രവാദം, വിഘടനവാദം, വര്‍ഗീയത, ജാതീയത, ലഹരിഭ്രമം, തുടങ്ങിയവര്‍ക്കെതിരേ പ്രതികരിക്കാനും ലക്ഷ്യമുണ്ട്. കൂടാതെ ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹികസേവനം തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് സേനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക. എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ സന്നദ്ധ സംഘടനകളെ പോലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിനെ ഒരു സ്വതന്ത്ര സാമൂഹികസേവന വിഭാഗമായി വളര്‍ത്തുക എന്നിവയെല്ലാം ലക്ഷ്യങ്ങള്‍ തന്നെ.
ഹൈസ്കൂള്‍ വിങ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പേര് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്-ഹൈസ്കൂള്‍ വിങ്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്കു സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നാണു പേരിട്ടിരിക്കുന്നത്. പരിശീലനത്തിന്‍റെ വിജയകരമായ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുള്‍ ഓരോ സ്റ്റാറോടെ സ്ഥാനക്കയറ്റം നല്‍കും.
തെരഞ്ഞെടുക്കപ്പെട്ട ഒരു അധ്യാപകനായിരിക്കും കമ്യൂണിറ്റി പൊലീസ് ഓഫിസര്‍(സിപിഒ). അഡീഷണല്‍ സിപിഒയെയും നിയമിക്കും. അധ്യാപകരില്‍നിന്നു സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള രണ്ടു പേരെ പ്രിന്‍സിപ്പലിനു നിയോഗിക്കാം. സിപിഒയോ അഡീഷനല്‍ സിപിഒയോ അധ്യാപികയായിരിക്കണം. സിപിഒയ്ക്കും അഡീഷനല്‍ സിപിഒയ്ക്കും ഓണററി എസ്ഐ റാങ്ക് നല്‍കും. സ്കൂളും പൊലീസും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ലെയ്സണ്‍ ഓഫിസറായി നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്നു സഹപാഠികള്‍ക്കായി നിയമസാക്ഷരത ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുക, മയക്കുമരുന്നിനും തീവ്രവാദത്തിനും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ കൂട്ടായ്മ, ലഘുനാടകങ്ങള്‍, മോണോ ആക്റ്റുകള്‍, ഉപന്യാസ മത്സരം, ഫിലിം ഷോ എന്നിവ സംഘടിപ്പിക്കുക, ക്ലാസ് മുറിക്കകത്തും പുറത്തുമായി നടക്കുന്ന അച്ചടക്കരാഹിത്യം, അനാരോഗ്യ പ്രവണത എന്നിവ മനസിലാക്കി അതതു ക്ലാസ് ടീച്ചര്‍മാരുടെയും പ്രധാനാധ്യാപകരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുക തുടങ്ങിയവയാണു സ്റ്റുഡന്‍റ് കേഡറ്റിന്‍റെ പ്രധാന ചുമതലകളും പ്രവര്‍ത്തനങ്ങളും. കൂടാതെ കായിക പരിപാടികള്‍, ഡ്രില്‍, പരേഡ്, ക്യാംപുകള്‍, പഠനക്ലാസുകള്‍, യാത്രകള്‍ എന്നിവയില്‍ സജീവമായി പങ്കെടുക്കണം. രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുക, രാജ്യത്തിന്‍റെ വികസനത്തില്‍ പങ്കാളികളാകുക, ദേശീയ ഉത്സവങ്ങള്‍ ആഘോഷിക്കുകയും ദേശീയ പ്രതീകങ്ങളെ ആദരിക്കുകയും ദേശത്തിന്‍റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുകയും ചെയ്യുക, നിയമവിധേയത്വം ജീവിതചര്യയാക്കുകയും അതിനായി സഹപാഠികളെയും കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്യുക, ക്രമസമാധാനപാലനത്തിനും കുറ്റകൃത്യ നിവാരണത്തിലും പൊലീസ് സേനയ്ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കാന്‍ യുവതലമുറയുടെ നെറ്റ്വര്‍ക്ക് രൂപീകരിക്കുക എന്നിവയും ചുമതലകളായുണ്ട്.
വിദ്യാര്‍ഥിയെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിലേക്കു തെരഞ്ഞെടുക്കാന്‍ യോഗ്യതകള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. തൊട്ടുമുന്‍പത്തെ വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയതു സി പ്ലസ് ഗ്രേഡ് (50%മാര്‍ക്ക്) നേടിയിരിക്കണം. നിശ്ചിത ശാരീരിക യോഗ്യതയുണ്ടാകണം. വൈദ്യ പരിശോധനയില്‍ അയോഗ്യത കല്‍പ്പിക്കപ്പെടാതിരിക്കുകയും വേണം. പ്രധാനാധ്യാപകന്‍ നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റും രക്ഷാകര്‍ത്താവിന്‍റെ സമ്മതപത്രവും ആവശ്യം.
കാക്കി പാന്‍റും കാക്കി ഷര്‍ട്ടുമായിരിക്കും യൂണിഫോം. ബ്ലാക്ക് ഷൂ, കാക്കി സോക്സ്, ബ്ലാക്ക് ബെല്‍റ്റ്, ബ്ലൂ ബാരക് ക്യാപ് എന്നിവയും ഉണ്ടായിരിക്കണം. കായികപരിശീലന സമയത്തു കറുത്ത പാന്‍റും വെളുത്ത ടീഷര്‍ട്ടും ക്യാന്‍വാസ് ഷൂവുമായിരിക്കും വേഷം. കായികപരിശീലനം, പഠനക്ലാസുകള്‍, പ്രായോഗികപരിശീലനം എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് പരിശീലനം. ആഴ്ചയില്‍ ഒരു ദിവസം 45മിനിറ്റ് പരേഡും 45മിനിറ്റ് കായികപരിശീലനവും മാസത്തില്‍ ഒരുതവണ റൂട്ട് മാര്‍ച്ച്, ക്രോസ് കണ്‍ട്രിയും നടപ്പാക്കും. ഓണം, ക്രിസ്മസ് അവധിക്കാലങ്ങളില്‍ ത്രിദിനക്യാമ്പുകള്‍ സംഘടിപ്പിക്കും. അദ്ധ്യയനവര്‍ഷാവസാനം ഏഴുദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പും. ഒരുവിദ്യാര്‍ഥിക്കു ശരാശരി 130മണിക്കൂര്‍ സേവനമാണ് ഒരു വര്‍ഷം വിഭാവനം ചെയ്യുന്നത്. ജില്ലാ സായുധ ക്യാമ്പ്, ബറ്റാലിയന്‍ ആസ്ഥാനങ്ങള്‍, പൊലീസ് ട്രെയ്നിങ് കോളെജ്, പൊലീസ് അക്കാഡമി എന്നിവിടങ്ങില്‍ വെച്ചും ക്യാമ്പുകള്‍ സംഘടിപ്പിക്കും.
സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കാന്‍ സ്കൂള്‍ തെരഞ്ഞെടുക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സേവനപാരമ്പര്യമുള്ള സജീവ അധ്യാപക,രക്ഷാകര്‍തൃ സമിതി ആവശ്യം. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നടത്തിപ്പിന് ഒരു അധ്യാപകനും ഒരു അധ്യാപികയുമെങ്കിലും സന്നദ്ധരായിരിക്കണം.
കായിക പരിശീലനത്തിന് ഗ്രൗണ്ട് വേണം.ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറി സ്കൂളിലുമായി 500ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളാണു തെരഞ്ഞെടുക്കപ്പെടേണ്ടത്. ഇപ്പോള്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കു പരിശീലനം നല്‍കുന്ന എല്ലാ സ്കൂളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
വളരെയധികം കാര്യക്ഷമതയോടും ശ്രദ്ധയോടും കൂടി നടത്തിക്കൊണ്ടു പോകേണ്ട കര്‍മ പദ്ധതിയെന്ന നിലയിലാണ് കേഡറ്റ് പദ്ധതിയെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം, വിലയിരുത്തല്‍, നിര്‍വഹണം എന്നിവയ്ക്കു പ്രവര്‍ത്തക സമിതികളും ഉപദേശക സമിതികളും രൂപവത്കരിക്കും. സ്കൂള്‍തല പ്രവര്‍ത്തനസമിതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍/ സബ് ഇന്‍സ്പെക്റ്റര്‍, പിടിഎ പ്രസിഡന്‍റ്, വിദ്യാഭ്യാസ,വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍വാഹന വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശ സ്ഥാപനത്തിലെ വാര്‍ഡ് മെംബര്‍/ കൗണ്‍സിലര്‍, സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും.
Close...
Maximum Character Allowed -
4000