പാദഫലങ്ങള്‍ നോക്കി നിക്ഷേപകര്‍
കൊച്ചി
ഓഹരി വിപണിയുടെ ഭാവി നിശ്ചയിക്കുന്നതു കമ്പനികളുടെ ഈ വാരം പുറത്തുവിടുന്ന ഒന്നാം പാദ ഫലങ്ങളാ വും. സമ്മിശ്ര ട്രെന്‍ഡ് അനുഭവപ്പെടുന്ന വിപണിയില്‍ സ്ഥിരതയാര്‍ന്ന നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ മികച്ച പാദഫലം സഹായിക്കുമെന്നു വിദഗ്ധര്‍. നാളെ ഇന്‍ഫോസിസിന്‍റെ പാദഫലം പ്രഖ്യാപിക്കുന്നതോടെ വിപണിയില്‍ മാറ്റം കണ്ടു തുടങ്ങും. ആഗോള വിപണിയുടെ പിന്‍ബലത്തില്‍ നിക്ഷേപക വിശ്വാസം സൂചികകളെ പോസിറ്റീവ് സോണില്‍ നിലനിര്‍ത്തും.
നാളത്തെ ഇന്‍ഫോസിസ് പാദഫലം ഉറ്റുനോക്കുകയാണു വിപണി. സെക്റ്ററിന്‍റെ ട്രെന്‍ഡ് മാത്രമാവില്ല, വിപണിയുടെ നീക്കം വരെ ഇന്‍ഫോസിസിന്‍റെ പാദഫലത്തെ ആശ്രയിച്ചാവുമെന്നു വിദഗ്ധര്‍. മാര്‍ച്ച് പാദത്തിലെ കോര്‍പ്പറേറ്റ് വരുമാനത്തിലെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലും തുടരുമെന്നാണു പ്രതീക്ഷ. ജൂണ്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ സെന്‍സെക്സ് കമ്പനികള്‍ക്കു 22.5% വളര്‍ച്ചയുണ്ടായേക്കുമെന്നും വിലയിരുത്തല്‍.
മികച്ച കാലവര്‍ഷവും ഭക്ഷ്യവില കുറഞ്ഞതും വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. ആഗോള വിപണിയില്‍ നിക്ഷേപക വിശ്വാസം തിരിച്ചുവരുന്നതും ശുഭസൂചന. കാലവര്‍ഷം ശക്തിപ്പെട്ടെന്ന വാര്‍ത്തയെത്തുടര്‍ന്നു കഴിഞ്ഞവാരം സെന്‍സെക്സ് പോസിറ്റീവ് സോണിലെത്തിയിരുന്നു. നാണയപ്പെരുപ്പം കുറയുമെന്നും മഴ സമ്പദ്വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നുമുള്ള പ്രതീക്ഷകളാണ് ഇപ്പോഴുള്ളത്. മികച്ച കാലവര്‍ഷത്തെത്തുടര്‍ന്ന് ഉത്പാദനം വര്‍ധിക്കുമെന്നു കൃഷി മന്ത്രി ശരദ് പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 9.5% വളര്‍ച്ച കൈവരിക്കുമെന്ന ഐഎംഎഫിന്‍റെ വിലയിരുത്തല്‍ വിപണിക്ക് ഈ വാരവും ആശ്വാസമായേക്കും. കഴിഞ്ഞവാരം സെന്‍സെക്സ് 2.13% ഉയര്‍ന്നു. 17,833.54ലാണ് സൂചികയിപ്പോള്‍. ജൂണ്‍ 21നാണ് ഇതിനു മുന്‍പ് ഈ പോയിന്‍റില്‍ സൂചിക എത്തിയത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തില്‍. 5,352.10ല്‍ വാരം തീര്‍ത്തു.
ക്യാപ്പിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സെക്റ്ററുകളുടെ മികച്ച പ്രകടനം കഴിഞ്ഞവാരം കണ്ടു. എന്നാല്‍, ടെലികോം, സിമന്‍റ് സെക്റ്ററുകള്‍ക്കു തിരിച്ചടിയാണ്.
സെന്‍സെക്സ് കമ്പനികളുടെ വരുമാനം കൂടുമെന്ന വിലയിരുത്തലാണു പൊതുവേ. റിലയന്‍സിനു 30% വരുമാനം കൂടുമെന്നു പ്രതീക്ഷ. എസ്ബിഐക്ക് 6%, എന്‍ടിപിസിക്ക് 3% അറ്റാദായ വളര്‍ച്ചയുണ്ടാകുമെന്നു സൂചന. ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ വിശ്വാസമര്‍പ്പിച്ചു വിദേശനിക്ഷേപകര്‍ വിപണിയിലേക്കു കൂടുതല്‍ പണമൊഴുക്കുമെന്നു വിദഗ്ധര്‍. ജൂലൈയില്‍ 1,690 കോടിയാണു വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണിയില്‍ മുടക്കിയത്. ഈ വര്‍ഷം 32,760 കോടിയാണു വിദേശനിക്ഷേപം.
സ്വര്‍ണം
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടം. കേരളത്തില്‍ സ്വര്‍ണം പവന് വാരാവസാ നം 40 രൂപ വര്‍ധിച്ചു 13,800ലെത്തി. വാരാദ്യം പവന് 13, 840. ബോംബെ ബുള്ള്യനില്‍ വന്‍ ചാഞ്ചാട്ടത്തിനൊടുവില്‍ സ്വര്‍ണം 10 ഗ്രാമിനു 125 രൂപ കുറഞ്ഞു. കഴിഞ്ഞയാഴ്ച ആദ്യ രണ്ടു ദിവസം സ്വര്‍ണവില വന്‍തോതില്‍ കുറഞ്ഞ് ആറ് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 18,290ലെത്തി. ആഗോള ആശങ്കള്‍ക്കിടയിലും സ്റ്റോക്കിസ്റ്റുകളില്‍ നിന്നു ഡിമാന്‍ഡ് കൂടാത്തതായിരുന്നു വിലയിടിവിനു കാരണം. വാരാവസാനം സ്വര്‍ണം റീബൗണ്‍സ് നടത്തിയെങ്കിലും വ്യാപാരം അവസാനിപ്പിച്ചതു 125 രൂപ കുറഞ്ഞ് 18,390ല്‍. ജൂലൈ ആറിനു റെക്കോഡ് വില (18,495)യില്‍ എത്തിയിരുന്നു. ജൂലൈ ഒമ്പതിന് ഏറ്റവും കുറഞ്ഞ നിരക്ക് 18,265ല്‍ എത്തി. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,198 ഡോളറായി കുറഞ്ഞു. മുന്‍വാരം 1,202 ഡോളറായിരുന്നു.
വെള്ളി
കഴിഞ്ഞവാരം കേരളത്തില്‍ വെള്ളിവില സ്ഥിരത പാലിച്ചു. വാരാദ്യം 32,000 രൂപയായിരുന്ന വെള്ളിക്ക് വാരാവസാനം വരെ മാറ്റമുണ്ടായില്ല. ബോംബെ ബുള്ള്യനില്‍ വെള്ളിവില കിലോയ്ക്ക് 95 രൂപ കൂടി. വ്യാപാരത്തുടക്കത്തില്‍ വെള്ളി വിലയില്‍ കിലോയ്ക്ക് 150 രൂപ വരെ ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കി (29,165)ലെത്തി. വാരാവസാനം വ്യവസായികളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നു വില കിലോയ്ക്ക് 265 രൂപ വരെ കൂടി. 29,430ല്‍ ക്ലോസ് ചെയ്തു. ആഗോള വിപണിയില്‍ ഔണ്‍സിന് 17.95 ഡോളറായി വര്‍ധിച്ചു. മുന്‍വാരം 17.76 ഡോളര്‍.
കുരുമുളക്
കുരുമുളക് വില ക്വിന്‍റലിന് 400 രൂപ കൂടി. അണ്‍ഗാര്‍ബിള്‍ഡിനു വാരാവസാനം 18,000 രൂപയാണു വില. വാരാദ്യം 17,600. കുരുമുളക് പുതിയത് 17,100ല്‍ നിന്നു 17,500 രൂപയിലെത്തി. ഗാര്‍ബിള്‍ഡിനു 400 രൂപ കൂടി 18,500 രൂപയായി. കയറ്റുമതി കൂടിയതാണു വില വര്‍ധിക്കാന്‍ കാരണം. ആഭ്യന്തര വിപണിയില്‍ സ്റ്റോക്കിസ്റ്റുകളുടെ ഡിമാന്‍ഡ് കൂടിയതും അവധി വ്യാപാര വിപണി സജീവമായതും വില വര്‍ധനയ്ക്കു കാരണം.
റബര്‍
റബര്‍ വില വീണ്ടും സര്‍വകാല റെക്കോഡ് ഭേദിച്ചു പുതിയ ഉയരങ്ങളിലെത്തി. കഴിഞ്ഞ വാരം ആഭ്യന്തര വിപണിയില്‍ റബര്‍ വില സര്‍വകാല റെക്കോഡായ 186 രൂപയിലെത്തിയെങ്കിലും വാരാവസാനം 185 രൂപയായി. നാലാം ഗ്രെയ്ഡ് റബറിനു വാരാവസാനം 18,500 രൂപ. അഞ്ചാം ഗ്രെയ്ഡിനു 18,000 രൂപയും. ബാങ്കോക്ക് വിപണിയില്‍ കിലോയ്ക്ക് 163.36 രൂപയ്ക്കാ ണ് ആര്‍എസ്എസ്-3ന്‍റെ വ്യാപാരം നട ന്നത്.
ടാപ്പിങ് കുറഞ്ഞതു മൂലം വിപണിയില്‍ റബറിനു ക്ഷാമം നേരിട്ടു തുടങ്ങിയതും വാഹന വിപണിയിലെ മുന്നേറ്റത്തിനനുസരിച്ചു ടയര്‍ വിപണി സജീവമായതുമാണു വില വര്‍ധിക്കാന്‍ കാരണം. ക്ഷാമം രൂക്ഷമായതോടെ ടയര്‍ കമ്പനികള്‍ ഇറക്കുമതി നീക്കവും തുടങ്ങിയിട്ടുണ്ട്. വില ഇനിയും ഉയരുമെന്നു പ്രതീക്ഷിച്ചു പലരും സ്റ്റോക്ക് ഹോള്‍ഡ് ചെയ്യുന്നതും റബറിനു ക്ഷാമമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ചു റബര്‍ വിലയില്‍ 22% വര്‍ധനയാണുണ്ടായത്.
Close...
Maximum Character Allowed -
4000