വി.വി.അരുണ്‍
അക്ഷരങ്ങളും അവര്‍ കൊണ്ടു വന്ന ലോകവുമായിരുന്നു രമ്യയുടെ സ്വത്ത്. പോളിയോ ബാധിച്ചു തളര്‍ന്നുപോയെങ്കിലും കവിതകളുമായി കൂട്ടുകൂടിയപ്പോള്‍ അവള്‍ ദുഃഖങ്ങള്‍ക്ക് അവധി നല്‍കി. എന്നാല്‍ ക്യാന്‍സറിന്‍റെ രൂപത്തില്‍ വിധി വീണ്ടും ക്രൂരത കാട്ടിയപ്പോള്‍ അവള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. രമ്യ ആന്‍റണിയെന്ന ഇരുപത്തിനാലുകാരി ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്നു പകച്ചുപോയ നിമിഷങ്ങള്‍. ചെലവേറിയ ചികിത്സ രമ്യയുടെ കുടുംബത്തിന് താങ്ങാനാവുമായിരുന്നില്ല. അവള്‍ക്ക് കനിവിന്‍റെ കൈകളുമായി എത്തിയത് കൂട്ടത്തിലെ കൂട്ടുകാരായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും അവര്‍ രമ്യയെ സഹായിച്ചു. അവളുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുത്തു. കൂട്ടത്തിലെ അംഗം കവി കുരീപ്പുഴ ശ്രീകുമാറിന്‍റെ സഹായത്താല്‍ ശലഭായനം എന്ന പേരില്‍ രമ്യയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചു. താന്‍ ഒരിക്കലും നേരില്‍ക്കണ്ടിട്ടില്ലാത്ത ആയിരക്കണക്കിനു കൂട്ടുകാരാണ് രമ്യയ്ക്കു വേണ്ടി പ്രാര്‍ഥിച്ചത്. അവളെ ശുശ്രൂഷിക്കാന്‍ മാസങ്ങളോളം ലീവെടുത്ത ജോഷി എന്ന ചെറുപ്പക്കാരന്‍ ഒടുവില്‍ ജോലി തന്നെ വേണ്ടന്നുവച്ചു. സൗഹൃദത്തിന്‍റെ ആഴം തിരിച്ചറിയുകയായിരുന്നു രമ്യ.
സൗഹൃദവും കൂട്ടായ്മകളും നഷ്ടമാകുന്ന ലോകത്തില്‍ ഒരു കൂട്ടം മലയാളികളുടെ ഇന്‍റര്‍നെറ്റ് കൂട്ടുകെട്ടാണ് കൂട്ടം ഡോട്ട് കോം. ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെ കൂട്ടത്തിലേക്ക് മലയാളത്തിന്‍റെ എന്‍ട്രി. ഇന്നലെ കൂട്ടത്തിന്‍റെ പത്താം സംഗമത്തിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വേദിയായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ചെറുപ്പം മുതല്‍ സുഹൃത്തുക്കളായ ജയമോഹനും എന്‍.എസ്. ജ്യോതികുമാറും. ഗള്‍ഫില്‍ ബിസിനസുകാരനായ ജ്യോതികുമാറും അമേരിക്കയില്‍ ഐടി കണ്‍സള്‍ട്ടന്‍റായ ജയമോഹനും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരു കൂട്ടായ്മയുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത് കൂട്ടം ഡോട്ട് കോമായി മാറിയപ്പോള്‍ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചതേയില്ല.
അറുപത്തഞ്ചു പേരായിരുന്നു ആദ്യ അംഗങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗസംഖ്യ രണ്ടു ലക്ഷമായി. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അടുത്തറിയാന്‍, സംവദിക്കാന്‍, തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം. മറ്റ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഇംഗ്ലിഷില്‍ സംവദിക്കുന്നുവെങ്കില്‍, ഇവിടെ അതു മലയാളം മാത്രമാണ്. കൂട്ടത്തിലെ അംഗങ്ങള്‍ കുടുംബാംഗങ്ങളെപ്പോലെ. ഒരാളുടെ വേദന മറ്റുള്ളവരുടേതു കൂടിയാവുന്നു, സന്തോഷവും. രമ്യയെപ്പോലെ കൂട്ടത്തിന്‍റെ കാരുണ്യ സ്പര്‍ശം അറിഞ്ഞവര്‍ നിരവധി. വിജേഷ്, പ്രീത, റിക്സണ്‍, വിജയകൃഷ്ണന്‍... പേരുകള്‍ നീളുന്നു.
മണ്ണ്, മരങ്ങള്‍, മാതൃഭാഷ, മനുഷ്യന്‍ ഇതാണ് കൂട്ടത്തിന്‍റെ ആശയം. വര്‍ഷങ്ങളോളം മലയാളം എഴുതുകയോ വായിക്കുകയോ ചെയ്യാത്ത വിദേശമലയാളികളില്‍ നിരവധിപേര്‍ വീണ്ടും മലയാളം വായിച്ചു. ടൈപ്പ് ചെയ്യാന്‍ പഠിച്ചു. മലയാളത്തില്‍ എഴുതിത്തുടങ്ങി. ഇതിനൊക്കെ കൂട്ടത്തിനു കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ജ്യോതികുമാര്‍. കവിതയെഴുതി പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുത്തു മാസങ്ങളോളം കാത്തിരിക്കുന്നവര്‍ ഇന്ന് അത് ഉപേക്ഷിച്ച് കൂട്ടത്തില്‍ ചേര്‍ന്നു. മുപ്പതിനായിരത്തോളം വരുന്ന ബ്ലോഗുകളാണ് കൂട്ടത്തിലുള്ളത്. ഓരോരുത്തരുടെയും സൃഷ്ടികള്‍ ഇവിടെ അവതരിപ്പിക്കുന്നു. മാധ്യമങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ പ്രതികരണം തനിക്കു കൂട്ടത്തിലൂടെ ലഭിച്ചുവെന്ന് കുരീപ്പുഴ ശ്രീകുമാറിന്‍റെ സാക്ഷ്യം.
എണ്‍പത്തിനാല് വയസുവരെയുള്ള അംഗങ്ങള്‍ ഉണ്ടെങ്കിലും ചെറുപ്പക്കാരാണ് കൂട്ടത്തിലെ കൂട്ടുകാരില്‍ ഭൂരിപക്ഷവും. ഡോ.ടി.എന്‍. സീമ എംപി, കവി സച്ചിദാനന്ദന്‍, കഥാകൃത്ത് സേതു, നിരൂപകന്‍ എം.കെ.ഹരികുമാര്‍ തുടങ്ങിയവരും കൂട്ടത്തിലുണ്ട്... സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണു കൂട്ടത്തിന്‍റെ ഹൈലൈറ്റ്. തത്സമയ ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളിലാണ് ആയിരക്കണക്കിനു പ്രതികരണങ്ങള്‍ വന്നുനിറയുന്നത്. കുറച്ചു കൂടി സീരിയസായി ചിന്തിച്ചാല്‍ അഴിമതി ഇല്ലാത്ത, ആദര്‍ശങ്ങളുടെ അമിതഭാരമില്ലാത്ത യുവാക്കള്‍ നയിക്കുന്നതാകണം ഭാവികേരളമെന്നാണു കൂട്ടത്തിന്‍റെ മറ്റൊരു ലക്ഷ്യമെന്ന് ജ്യോതികുമാര്‍. അത്തരം അഭിപ്രായ രൂപീകരണത്തിനും ഇവിടെ തുടക്കമിടുന്നു. വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമൊന്നും അതിരുവിടാതെ നോക്കും. ഇതു നിയന്ത്രിക്കാന്‍ ജ്യോതികുമാറും ജയമോഹനും സദാ തയാര്‍. കൂട്ടത്തിനു ചേരാത്ത കമന്‍റ് ചെയ്യുന്നവരുടെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യും. പെണ്‍കുട്ടികള്‍ക്കു ധൈര്യമായി കൂട്ടത്തില്‍ ഫോട്ടൊ അപ്ലോഡ് ചെയ്യാം. ഇതുവരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കൂട്ടത്തിലെ അംഗം ദിവ്യാ ജെയിസ്. ദിവ്യ - ജെയിസ്, രാകേന്ദു - സതീഷ് എന്നിവരെപ്പോലെ കൂട്ടത്തിലൂടെ ജീവിതത്തിലെ കൂട്ട് കണ്ടെത്തിയവരും ഏറെ. കഴിഞ്ഞ മേയ് ഒന്നിനു ദുബായിലായിരുന്നു കൂട്ടത്തിന്‍റെ ആദ്യ സംഗമം, ഇനി ഡിസംബറില്‍ അടുത്ത കൂട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കൂട്ടുകാര്‍... ഒത്തിരി ചിരിയും അതിലേറെ സ്നേഹവും കരുതലുമായി...
Close...
Maximum Character Allowed -
4000