Tuesday, September 07, 2010   6:46 AM IST
Supplements
Home>> News>> Kerala News
Kerala News
RSPയോടു വിശദീകരണം തേടും
Thursday, July 15, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

എന്‍സിപിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പരസ്യമായി രംഗത്തുവന്ന ആര്‍എസ്പിയോടു വിശദീകരണം ചോദിക്കാന്‍ സിപിഎം തീരുമാനിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ഈ വിഷയം ഉന്നയിക്കും.

മുന്നണി എന്‍സിപിയെ സ്വീകരിക്കാന്‍ തീരുമാനിച്ചതു ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. ഈ ചര്‍ച്ചകളില്‍ ആര്‍എസ്പിയും പങ്കെടുത്തു. പെട്ടെന്നൊരു ദിവസംകൊണ്ടല്ല തീരുമാനമുണ്ടായത്. ഘടകകക്ഷികളോട് നേരത്തേ തന്നെ ഈ വിവരം വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ചില ഘടകകക്ഷികള്‍ സ്വന്തം പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്യണമെന്ന് അറിയിച്ചിരുന്നു. അതു പരിഗണിച്ചു ചര്‍ച്ചകള്‍ നടത്തി തീരുമാനം എല്ലാ ഘടകകക്ഷികളും അറിയിച്ചു. പ്രധാന ഘടകക്ഷികളെല്ലാം തന്നെ എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നതിനോടു യോജിച്ചു. മുന്നണി യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്പി നേതാക്കളും ഇതംഗീകരിച്ചു. തുടര്‍ന്നാണ് ഔദ്യോഗിക തീരുമാനം എടുത്തത്.

തീരുമാനമെടുത്തപ്പോള്‍ ഒപ്പം നിന്ന ആര്‍എസ്പി പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള മാധ്യങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണു തീരുമാനത്തെ തള്ളിപ്പറഞ്ഞത്. മുന്നണിയില്‍ ഐക്യമില്ലെന്ന ധാരണ പരത്താന്‍ ഇതിടയാക്കി. ഘടകകക്ഷികളുടെ ഇത്തരം പരസ്യപ്രകടനങ്ങള്‍ മുന്നണിക്ക് ആശാസ്യമല്ലെന്നു സിപിഎം കരുതുന്നു. ചൊവ്വാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയാണ് വിശദീകരണം തേടാനുള്ള തീരുമാനമെടുത്തത്. ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഇതാവശ്യപ്പെട്ടിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എന്‍സിപിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന ചര്‍ച്ചയില്‍ അനുകൂല അഭിപ്രായപ്രകടനം നടത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി എതിര്‍ നിലപാടു സ്വീകരിച്ചതും പാര്‍ട്ടി തീരുമാനത്തെ ചോദ്യം ചെയ്തതുമാണ് ആര്‍എസ്പിക്കും പരസ്യ വിമര്‍ശനത്തിനുള്ള ധൈര്യം നല്‍കിയതെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം തേടണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ആ ഘടകമാണു വിശദീകരണം തേടേണ്ടത്. സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ചാല്‍ വി.എസിന് വിശദീകരിക്കേണ്ടി വരും. സിപിഎം മുഖവാരികയായ ചിന്തയുടെ പത്രാധിപ സ്ഥാനത്തുനിന്നു സി.പി. നാരായണനെ ഒഴിവാക്കാനും പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായതു കൊണ്ടാണു സി.പി. നാരായണനെ ഒഴിവാക്കുന്നത്. പകരം മുഖ്യപത്രാധിപരായി വൈക്കം വിശ്വനെയും പത്രാധിപരായി പി. ജയരാജനെയും നിയോഗിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code