Wednesday, February 08, 2012   6:58 PM IST
Supplements
Home>> News>> Kerala News
Kerala News
കരുതി വയ്ക്കണം നാം, ജലം
Thursday, July 15, 2010
|
|
|
ആര്‍.റിന്‍സ്

മറ്റു പലതിനെക്കാളുമുപരി നാം ഇന്ത്യക്കാര്‍ ഇന്നു ജലത്തെച്ചൊല്ലി ആശങ്കപ്പെടേണ്ടിയിരിക്കുന്നു. രാജ്യത്തെ ഭൂജല ലഭ്യത ഓരോ വര്‍ഷവും കുറയുകയാണ്. ജലത്തിന്‍റെ ഉപയോഗമാകട്ടെ, ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്നു. ദേശീയതലത്തിലെ ഈ സ്ഥിതിയില്‍നിന്നു വ്യത്യസ്തമല്ല കേരളത്തിന്‍റെ സാഹചര്യവും. വെള്ളമില്ലാഞ്ഞാല്‍ മറ്റെന്തുണ്ടായിട്ടും എന്തു കാര്യം.

നദികളും പുഴകളും കായലുകളും ഹിമാലയമഹാഗിരിയും മഹാസാഗരസാമീപ്യവും ഉണ്ടെന്നതുകൊണ്ട് ജലം എന്നും നമുക്കു സമൃദ്ധമായിരിക്കും എന്നു കരുതിയതില്‍ പിഴച്ചു. അതിനു പരിഹാരം ചെയ്യേണ്ടുന്ന സാഹചര്യമാണിപ്പോള്‍ നമ്മുടേത്. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ഈ അപ്രിയ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണു മഴയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കൃത്രിമമായി ഭൂജലപോഷണം സാധ്യമാക്കാന്‍ കേന്ദ്ര ഭൂജല ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു രാജ്യത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം പോയിക്കഴിഞ്ഞു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ പരമാവധി സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭൂപ്രകൃതിക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ ഭൂമിക്കടിയില്‍ മഴവെള്ളം സംഭരിക്കുന്നതിനാണു ഭൂജല ബോര്‍ഡിന്‍റെ ഊന്നല്‍.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ശുദ്ധജല ലഭ്യത കുറവാണെന്നു കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്‍റെ കീഴിലെ കേന്ദ്ര ഭൂജല ബോര്‍ഡിന്‍റെ പഠനങ്ങള്‍ പറയുന്നു. ഇവിടെ ശുദ്ധജലത്തിന്‍റെ ഏറിയ ഭാഗവും കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക,വ്യവസായിക ആവശ്യങ്ങള്‍ക്കും ശുദ്ധജലം ധാരാളമായി എടുക്കുന്നുണ്ട്. ഉപരിതലജലത്തെ അപേക്ഷിച്ച് ഭൂജലം ശുദ്ധവും എല്ലായിടത്തും ലഭ്യവും ആയതിനാല്‍ ഉപയോഗം വര്‍ധിക്കുന്നു. ഗ്രാമീണരില്‍ 80% വും നഗരവാസികളില്‍ 50%വും ഗാര്‍ഹികാവശ്യങ്ങള്‍ക്കു ഭൂജലമാണ് ഉപയോഗിക്കുന്നത്. കൃഷിക്കുള്ള ചെറുകിട ജലസേചനത്തില്‍ 80%വും വ്യാവസായിക ഉപയോഗത്തില്‍ 50%വും ഭൂജലംതന്നെ. ഇതിനനുസരിച്ചു ശുദ്ധജല ലഭ്യത ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നു. 1951ല്‍ ഇന്ത്യയില്‍ ആളോഹരി 5000ത്തോളം ക്യുബിക് മീറ്റര്‍ ജലം ഉണ്ടായിരുന്നതു 2001ല്‍ 1900 ആയി കുറഞ്ഞു. 2050 ആകുമ്പോഴേക്ക് ഇത് 1000ത്തിനടുത്താകും. ആളോഹരി ശുദ്ധജല ലഭ്യതയുടെ ഇടിവ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെത്തന്നെ ബാധിക്കും. ഏതായാലും 2050ആകുമ്പോഴേക്കും രൂക്ഷമായ ശുദ്ധജലക്ഷാമം നിമിത്ത രാജ്യം കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നു കേന്ദ്ര ഭൂജല ബോര്‍ഡ് മുന്നറിയിപ്പു തരുന്നു.

1989ലെ കണക്കു പ്രകാരം ഭൂജലശേഖരം ഏതാണ്ടു 800 കോടി ഘനമീറ്ററായിരുന്നതു 2004ല്‍ 620 കോടി ഘനമീറ്ററായി കുറഞ്ഞു. ഗുജറാത്ത്,തമിഴ്നാട് സംസ്ഥാനങ്ങള്‍ 1975 മുതല്‍ 100% ഭൂജലം ഉപയോഗിക്കുന്നുണ്ട്. കര്‍ണാടകം, ഉത്തരാഞ്ചല്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭൂജല ഉപയോഗം 50% മുതല്‍ 75% വരെയാണ്. കേരളത്തില്‍ ഇതു 47%. 2004ലെ കണക്കു പ്രകാരം ഇന്ത്യയിലെ 5723 ബ്ലോക്കുകളില്‍ 839ലും അമിത ജലചൂഷണം നടക്കുന്നു. 226 ബ്ലോക്കുകളിലാകട്ടെ, അധിക ഭൂജല ചൂഷണവും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഭൂജലശേഖരം 25%ത്തോളം കുറഞ്ഞപ്പോള്‍ ഭൂജല ചൂഷണം ഇരട്ടിച്ചു. ഇന്ത്യയൊട്ടാകെ 18% ബ്ലോക്കുകളില്‍ അധിക ഭൂജലചൂഷണം കണ്ടെത്തിയപ്പോള്‍ കേരളത്തിലിതു 30%.

2004ലെ കണക്കുപ്രകാരം കേരളത്തിലെ 151 ബ്ലോക്കുകളില്‍ അഞ്ചെണ്ണത്തിലാണ് അമിത ജലചൂഷണം. നാല്‍പ്പത്തഞ്ചില്‍ അധിക ഭൂജല ചൂഷണവും ഉണ്ട്. ഏകദേശം 30% പ്രദേശങ്ങളിലാണ് ഇപ്പോള്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. 1992ലെ കണക്കു പ്രകാരം സംസ്ഥാനത്തെങ്ങും കാര്യമായ ജലദൗര്‍ലഭ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ 1999 ആയപ്പോഴേക്കു നാലു ബ്ലോക്കുകളില്‍ അമിത ജലചൂഷണവും 12 ബ്ലോക്കുകളില്‍ അധിക ഭൂജലചൂഷണവും ഉണ്ടായി. ഇതാണു 2004ല്‍ 50 ബ്ലോക്കുകളായി വര്‍ധിച്ചത്. ഇതില്‍ത്തന്നെ അഞ്ചു ബ്ലോക്കുകളില്‍ അമിത ജലചൂഷണം, 15 എണ്ണത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ഭൂജലചൂഷണം, 30 എണ്ണത്തില്‍ ഗുരുതരാവസ്ഥയിലുള്ള ഭൂജലചൂഷണം എന്നിങ്ങനെയും കണ്ടെത്തി.

കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്കുകളിലും തൃശൂരിലെ കൊടുങ്ങല്ലൂര്‍, തിരുവനന്തപുരത്തെ അതിയന്നൂര്‍ എന്നിവിടങ്ങളിലുമാണ് അമിത ഭൂജലചൂഷണം.

ജലം അതീവ ഗുരുതരമായ വിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ചിറയിന്‍കീഴ്, പാറശാല, കട്ടപ്പന, അങ്കമാലി, പാമ്പാക്കുട, പാറക്കടവ്, വൈറ്റില, കൊല്ലങ്കോട്, ത്രിത്താല, പാലക്കാട്, വണ്ടൂര്‍, ബാലുശേരി, തൂണേരി, തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളാണുള്ളത്. 1989ല്‍ കേരളത്തിലെ ഭൂജല ഉപയോഗം 20%ത്തില്‍ താഴെയായിരുന്നു. 2007ല്‍ 47% ആയി.

കാലാവസ്ഥ, ഭൂപ്രകൃതി, മണ്ണിന്‍റെ ഘടന എന്നിവയുടെ പ്രത്യേകത കാരണം, കേരളത്തില്‍ ഭൂജല ലഭ്യത താരതമ്യേന കുറവാണ്. കേരളത്തിലെ മണ്ണിന്‍റെ താഴ്ച മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണെന്നു വ്യക്തമായിട്ടുണ്ട്. ഒരു വര്‍ഷം ഇവിടെ 3000 മില്ലി മീറ്റര്‍ മഴ ലഭിക്കുന്നു. വര്‍ഷത്തില്‍ ആറുമാസമാണു കേരളത്തില്‍ മഴ വീഴുന്നത്. മണ്ണിന്‍റെ താഴ്ചക്കുറവു കാരണം മഴയുടെ ആറുമുതല്‍ പത്തുവരെ ശതമാനമേ ഭൂജലമായി സംഭരിക്കപ്പെടുന്നുള്ളു. ചരിഞ്ഞതും നിരവധി നീര്‍ച്ചാലുകള്‍ ഉള്ളതുമായ ഭൂപ്രകൃതി നിമിത്തം മഴതീര്‍ന്നയുടനേ ജലം താഴ്ന്ന പ്രദേശങ്ങള്‍ വഴി കടലിലേക്ക് ഒഴുകിപ്പോകുകയാണു ചെയ്യുന്നത്. ഇതിനു പുറമേ ജനപെരുപ്പവും ഉയര്‍ന്ന ജീവിത നിലവാരവും ജലചൂഷണം അധികമാക്കുന്നുണ്ട്. ജലോപയോഗം കൂടുന്നതനുസരിച്ചു നമ്മുടെ ഭൂജലസമ്പത്ത് കൂടിയില്ലെന്നു മാത്രമല്ല, വളരെയധികം കുറയുകയും ചെയ്തു. കെട്ടിടനിര്‍മാണം, സിമന്‍റിന്‍റെ ഉപയോഗം എന്നിവ നിമിത്തംഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്ന ജലത്തിന്‍റെ അളവു ഗണ്യമായി കുറഞ്ഞു.

കൃത്രിമഭൂജല പോഷണത്തിന്‍റെ ആവശ്യം ഉയര്‍ന്നിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. ഇതു സംബന്ധിച്ചു കേന്ദ്ര ഭൂജല ബോര്‍ഡ് കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മഴവെള്ളം ഭൂമിയിലേക്കു താഴാനുള്ള മാര്‍ഗങ്ങള്‍ തേടുക വഴി ഭൂജല ലഭ്യത വര്‍ധിപ്പിക്കാമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. മഴവെള്ള സംഭരണത്തിനു നിലവിലുള്ള പ്ലാസ്റ്റിക് ടാങ്കുകളില്‍ ശേഖരിക്കുന്നതിനു പകരം ഭൂമിക്കടിയിലുള്ള ഭൂഗര്‍ഭ അറകളില്‍ കൃത്രിമമാര്‍ഗത്തിലൂടെ ജലം സംഭരിക്കുന്ന രീതി വ്യാപകമായി പ്രയോഗത്തില്‍ വരുത്തണമെന്നു കേന്ദ്ര ഭൂജലബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ക്കു വിതരണം ചെയ്യാന്‍ കേന്ദ്ര ഭൂജല ബോര്‍ഡ് തയാറാക്കിയ കൈപ്പുസ്തകത്തില്‍ ഇതു കൃത്യമായി വിവരിച്ചിട്ടുണ്ട്.

ഉപരിതലത്തില്‍ ജലം ശേഖരിക്കുന്നതിനെക്കാള്‍ ചെലവു കുറവാണു ഭൂജലശേഖരണത്തിന്. മാത്രമല്ല, വെള്ളപ്പൊക്ക സാധ്യതയും വരള്‍ച്ചാകാഠിന്യവും കുറയ്ക്കാനും ഭൂജല നിരപ്പ് ഉയര്‍ത്താനും മണ്ണൊലിപ്പ് തടയാനും കൃത്രിമ ഭൂജലശേഖരണം വഴി സാധിക്കുന്നു. നഗരപ്രദേശങ്ങളില്‍ പോഷണക്കുഴികള്‍, കിടങ്ങുകള്‍, കുഴല്‍ക്കിണറുകള്‍, പോഷണ കിണറുകള്‍ എന്നിവ മുഖേനയും ഗ്രാമപ്രദേശങ്ങളില്‍ ഇടുക്കുചാല്‍, കോണ്ടൂര്‍ ബണ്ട്, കമ്പി തടയണ, ഊര്‍ന്നിറങ്ങല്‍ കുളം, തടയണ, ഗ്രൗണ്ട് വാട്ടര്‍ അണക്കെട്ട്, തടയണ എന്നിവ മുഖേനയും മഴവെള്ളം സംഭരിച്ച് ഭൂജലശേഖരണം ഉറപ്പാക്കാനാകും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code