ജയിലില്‍ നെല്‍ക്കൃഷിക്കു തുടക്കം
തിരുവനന്തപുരം
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ നെല്‍ക്കൃഷിക്കിറങ്ങി. ഇന്നലെ രാവിലെ 12.18നുള്ള നല്ലനേരം നോക്കിയാണു ജയിലില്‍ കഠിന തടവിനു ശിക്ഷിക്കപെട്ട അന്തേവാസികള്‍ നെല്‍ക്കൃഷിക്കിറങ്ങിയത്.
ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് ആദ്യ ഞാര്‍നട്ടു പരിപാടി ഉദ്ഘാടനംചെയ്തു. തുടര്‍ന്നു അന്തേവാസികളായ 25 ഓളം പേര്‍ ഗ്രൂപ്പ് ലീഡറായ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ജയില്‍ വളപ്പിലെ മൂന്നേക്കര്‍ വയലിലിറങ്ങി. വെള്ളായണി കാര്‍ഷിക കോളെജില്‍ നിന്ന് എത്തിച്ച അത്യുല്‍പ്പാദന ശേഷിയുള്ള ഉമ ഇനം നെല്‍വിത്തുകളാണു കൃഷിക്ക് ഉപയോഗിച്ചത്. കുറഞ്ഞ കാലയളവില്‍ വിളവെടുക്കാനാവുമെന്നതാണ് ഉമ ഇനം വിത്തുകളുടെ പ്രത്യേകതയെന്നു ജയില്‍ അധികൃതര്‍.
ജയില്‍ വളപ്പില്‍നിന്നു ലഭിക്കുന്ന പച്ചിലയും ഇവിടെ വളര്‍ത്തുന്ന പശുക്കളുടെ ചാണകവും മറ്റും അടങ്ങിയ പ്രകൃതിദത്ത വളമാണു അടിയസ്ഥാന വളമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ ധാന്യ വിലവര്‍ധന വന്നതോടെ ഒരു അന്തേവാസികള്‍ക്കു പ്രതിദിനം 100 രൂപയിലധികം ഭക്ഷണത്തിനു വേണ്ടിവരുന്നുണ്ട്. ഭീമമായ തുക ഈയിനത്തില്‍ ചെലവഴിക്കേണ്ടി വന്നതാണു ജയിലില്‍ തന്നെ ആവശ്യമായ ഭക്ഷ്യ ധാന്യം ഉത്പ്പാദിപ്പിക്കാനുള്ള സംരംഭത്തിനു തുടക്കം കുറിക്കാന്‍ ഇടയാക്കിയതെന്നു ജയില്‍ ഡിജിപി. മുന്‍പു നടത്തിയ നെല്‍കൃഷി വന്‍വിജയമായിരുന്നെന്ന് അദ്ദേഹം.
ഒരുതവണത്തെ വിളവെടുപ്പിനു 3000 മുതല്‍ 6000 കിലോ നെല്ല് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും നൂറുമേനി കൊയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണു കൃഷിക്കാരായ അന്തേവാസികള്‍. വയലില്‍ മൂന്നുതവണ വിളവിറക്കാനാവുമെന്ന് അധികൃതര്‍. ഞാറുനടലിനു ജയില്‍ സൂപ്രണ്ട് ബി പ്രദീപ്, വെല്‍ഫെയര്‍ ഒഫിസര്‍ ചന്ദ്രബാബു, ഡെപ്യൂട്ടി ജയിലര്‍ ഹമീദ്, ഹെഡ് വാര്‍ഡന്‍ രാജസേനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Close...
Maximum Character Allowed -
4000