അജന്‍ഡ നിശ്ചയിച്ചതു പ്രണബ്
ന്യൂഡല്‍ഹി
വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ പാക് സന്ദര്‍ശനത്തിന് അജന്‍ഡ നിശ്ചയിച്ചത് ധനമന്ത്രി പ്രണബ് മുഖര്‍ജി; അതും പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ വാദങ്ങളെ മറികടന്ന്. ഒരു ദേശീയ ചാനലാണ് വിദേശകാര്യമന്ത്രിതല ചര്‍ച്ചയെച്ചൊല്ലി സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയില്‍ രൂക്ഷമായ ഭിന്നതയുണ്ടായിയെന്നു റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 13നാണു മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നത്. പാക്കിസ്ഥാനോടു സമഗ്ര ചര്‍ച്ചയാകാമെന്ന നിലപാടായിരുന്നു ആന്‍റണിക്ക്. സമാധാനശ്രമങ്ങള്‍ക്ക് ഘടനാപൂര്‍ണമായ ചര്‍ച്ച വേണമെന്നും ആന്‍റണി വാദിച്ചു.
എന്നാല്‍, ഭീകരതയെ നേരിടുന്നതില്‍ പരിമിത ശേഷി മാത്രമുള്ള പാക്കിസ്ഥാനോടു സമഗ്ര ചര്‍ച്ച നടത്തിയിട്ടു കാര്യമില്ലെന്ന് പ്രണബ് അഭിപ്രായപ്പെട്ടു. മാന്യമായ അകലത്തില്‍ നിന്നു മാത്രം മതി സംസാരമെന്നായി പ്രണബ്. പാക്കിസ്ഥാനില്‍ നിന്നു നല്ലതൊന്നും പ്രതീക്ഷിക്കേണ്ട. ഭീകരര്‍ക്കെതിരേ അവര്‍ക്കൊന്നും ചെയ്യാനാവില്ല, ചെയ്യുകയുമില്ല. 26/11ന്‍റെ തുടര്‍നടപടികളെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതി- പ്രണബ് നിര്‍ദേശിച്ചു. സര്‍ക്രീക്ക്, സിയാച്ചിന്‍, കശ്മീര്‍ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ സമയമായില്ലെന്നും ഓര്‍മിപ്പിച്ചു പ്രണബ്. ഇതോടെ, ആന്‍റണിയുടെ നിര്‍ദേശങ്ങള്‍ തള്ളപ്പെട്ടു. അജന്‍ഡ കൃത്യമായി നിശ്ചയിച്ചു കൃഷ്ണയ്ക്കു കൈമാറുകയാണുണ്ടായതെന്നും റിപ്പോര്‍ട്ട്. ഇന്ത്യ സമഗ്ര ചര്‍ച്ചയ്ക്കൊരുങ്ങിയല്ല വന്നതെന്നു പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.
Close...
Maximum Character Allowed -
4000