ദീപ്തി ശൈലജ
അത്യാകര്‍ഷണീയമായ ആകാരസൗഷ്ഠവം കൊണ്ടും, പ്രൗഢി കൊണ്ടും സമ്പന്നമാണു നാലു കെട്ടുകള്‍. തലയെടുപ്പോടെ നില്‍ക്കുന്ന വിശാലമായ കെട്ടുകള്‍, പടിപ്പുര, വെയിലും മഴയും വിരുന്നിനെത്തുന്ന നടുമുറ്റം, ഇടുങ്ങിയ തടി ഗോവണികള്‍, ഇരുട്ടിന്‍റെ സുഖകരമായ ഗന്ധം പേറുന്ന ഇടനാഴികള്‍. കഥകളിലൂടെയും ചിത്രങ്ങളിലൂടെയും ഇവയെല്ലാം പുതുതലമുറയ്ക്കു പോലും ഹൃദിസ്ഥം. മുന്‍തലമുറകള്‍ക്കു ഗൃഹാതുരതയുടെ സ്പര്‍ശമേകുന്ന സ്മരണ.
പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണശൈലി പിന്തുടരുന്ന നാലുകെട്ടുകള്‍ ( ചതുശാലകള്‍ ) ഇന്നു സര്‍വസാധാരണം ആയിക്കൊണ്ടിരിക്കുകയാണ്. നാലുകെട്ടുകള്‍ എന്നതു കൊണ്ട് വീട്ടിനുള്ളിലേക്ക് നേരിട്ട് വെള്ളം എത്തുന്ന ഒരു സമ്പ്രദായം ( നടുമുറ്റം വഴി മഴയെത്തുന്നത്) എന്നു മാത്രം അര്‍ഥമാക്കുന്ന കാഴ്ചയാണു കണ്ടു വരുന്നത്. എന്നാല്‍ നിര്‍മാണത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ടും ഘടനാവിശേഷം കൊണ്ടും ഒമ്പതു തരത്തില്‍ നാലുകെട്ടുകളെ തിരിക്കാമെന്നു കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നുവല്ലോ.. അവ ഇവയാണ്.
1. സമ്മിശ്രഭിന്നശാല, 2. മിശ്രകചതുശാല, 3. സംശ്ലിഷ്ടഭിന്നശാല, 4. ശ്ലിഷ്ടഭിന്നശാല, 5. മിശ്രഭിന്നചതുശാല, 6. മധ്യപ്രാരുഢശാല, 7. വിശുദ്ധഭിന്നശാല, 8. ശ്ലിഷ്ടഭിന്നാഷ്ടശാല, 9. ക്ഷത്രിയചതുശാല.
ഭിന്നശാലകളെക്കുറിച്ചു പ്രതിപാദിക്കുന്നതിനു മുമ്പായി അവയുടെ ഘടനാവിശേഷങ്ങളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കണം. ഇതിനു വീടിന്‍റെ യോനിയെക്കുറിച്ചും, ചുറ്റളവിനെക്കുറിച്ചും കൃത്യമായ ധാരണ വേണം. വീടിന്‍റെ പ്രാണനാണു യോനി. അതായതു ജീവകല്‍പ്പന എന്നു ചുരുക്കത്തില്‍ പറയാം. ബ്രഹ്മനാഭിയെ അടിസ്ഥാനമാക്കി വാസ്തുവിന്‍റെ കിടപ്പു കൊണ്ടു ഇതിനെ നിര്‍വചിക്കാവുന്നതാണ്.
മുകളില്‍ കാണിച്ചിരിക്കുന്ന ബോക്സിനെ ഒരു പറമ്പായി സങ്കല്‍പ്പിക്കുക. ബ്രഹ്മനാഭി എന്ന ഭൂമധ്യത്തെ അടിസ്ഥാനമാക്കി കിഴക്കു മുതല്‍ വലത്തോട്ടു പ്രദക്ഷിണ വഴിയിലായി എട്ടു യോനികളാണ് ഉള്ളത്. 1,2,3 എന്നിങ്ങനെ നമ്പര്‍ ഇട്ടിരിക്കുന്ന ക്രമത്തില്‍ തന്നെ ഇവയുടെ പേരുകള്‍ പറയാം. ( സീരിയല്‍ നമ്പര്‍ മാത്രമല്ല, അവ. ശിഷ്ടക്രമമാണ്. അതിനെക്കുറിച്ചു പിന്നീടു വിശദീകരിക്കാം. ) ഇവയുടെ നാമങ്ങള്‍ താഴെ പറയുന്നു.
1, ധ്വജം 2. ധൂമം 3. സിംഹം 4. കുക്കുരം 5. വൃഷഭം 6. ഖരം 7. ഗജം 8. വായസം.
വീടിന്‍റെ ചുറ്റളവ് കോലില്‍ രേഖപ്പെടുത്തുന്നു എന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. കോലില്‍ ഉള്ള ചുറ്റളവിനെ മൂന്നു കൊണ്ടു ഗുണിച്ച്, എട്ടു കൊണ്ടു ഹരിച്ചാല്‍, ശിഷ്ടം വരുന്ന സംഖ്യയാണു യോനി.
( ബൃഹദ്സംഹിതയില്‍ മറ്റൊരു വിധിയുണ്ട്. വിസ്താരത്തെ ദീര്‍ഘം കൊണ്ടു പെരുക്കി, 8 കൊണ്ടു ഹരിച്ചാല്‍ , ശിഷ്ടം വരുന്ന സംഖ്യയെ യോനിയായി കണക്കാക്കാമെന്നാണു വിധി )
ഇനിയും വിശദമാക്കാം
a. (length + breadth) x 2 = ചുറ്റളവ്
(l + b) x 2 = ചുറ്റളവ്
b. [(length + breadth)x2] x 3= യോനി 8
ശിഷ്ടം 1 ആണു വരുന്നതെങ്കില്‍ ധ്വജം ആയി
ഒരു മുറിയില്‍ ഭിത്തിയോടു ചേര്‍ത്തു കസേരകള്‍ ഇടാറുണ്ടല്ലോ. സാധാരണയായി മധ്യഭാഗം ഒഴിവാക്കി, അവിടെ റ്റീപ്പോയ്യോ അതിനു മുകളില്‍ ഫ്ളവര്‍ വേസോ വയ്ക്കുന്നതാണല്ലോ പതിവ്. എന്നതു പോലെ ഒരു പറമ്പിന്‍റെ മധ്യഭാഗം ഒഴിവാക്കി വശങ്ങളില്‍ മാത്രമേ വീടു വയ്ക്കാറുള്ളൂ. ബ്രഹ്മനാഭിയുടെ കിഴക്കുഭാഗത്തു വീടുവച്ചാല്‍ പടിഞ്ഞാറോട്ട് ദര്‍ശനമുള്ള വീടായി. പടിഞ്ഞാറു വീടു വച്ചാല്‍ കിഴക്കോട്ടു ദര്‍ശനമായി ( രേഖാചിത്രം നോക്കിയാല്‍ വ്യക്തമാകും ) പടിഞ്ഞാറോട്ടു ദര്‍ശനമുള്ള വീടിനു ധ്വജം എന്ന കണക്കാണു വേണ്ടത്.
ഉദാഹരണസഹിതം വ്യക്തമാക്കാം
breadth (വിസ്താരം ) = 3 കോല്‍ 14 അംഗുലം
length ( ദീര്‍ഘം ) = 11 കോല്‍ 6 അംഗുലം എന്നു സങ്കല്‍പ്പിക്കുക.
ദീര്‍ഘം + വിസ്താരം = 14 കോല്‍ 20 അംഗുലം എന്നു കിട്ടും
ഇതിനെ രണ്ടു കൊണ്ടു ഗുണിച്ചാല്‍ 28 കോല്‍ 40 അം ഗുലം എന്നുത്തരം ലഭിക്കും.
( ഒരു കോല്‍ 24 അംഗുലം ആണ് )
എന്നാല്‍ 40 അംഗുലത്തെ ഒന്നു കൂടി വിഭജിക്കുമ്പോള്‍ ചുറ്റളവ് 29 കോല്‍ 16 അംഗുലം എന്ന് ഉത്തരം ലഭിക്കും.
29 കോല്‍ 16 അംഗുലം എന്ന ചുറ്റളവിനെ 3 കൊണ്ടു ഗുണിച്ചാല്‍ ( മൊത്തം സംഖ്യയെയും അംഗുലമാക്കി ഗുണിക്കുക ) 81 എന്ന് ഉത്തരം.
81 നെ 8 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1
( 81 ഹരണം 8 = 1 ) ശിഷ്ടം ഒന്നു വന്നാല്‍ അതു ധ്വജം ആയി.
ബാക്കി വിശദാംശങ്ങളും, ചതുശാലകളുടെ പ്രത്യേകതകളും വരും ആഴ്ചകളില്‍....
TIPS
സ്ഥാനമില്ല സ്ഥലമൊത്തുപഗൃഹം
മാനമായി അളവറിഞ്ഞു വേണ്ട പോല്‍
ശാസ്ത്രരീതി ഗൗനിച്ചു കെട്ടിയാല്‍
ദീര്‍ഘകാലമതില്‍ ജീവിതം തരും
സ്ഥലത്തിന്‍റെ കിടപ്പനുസരിച്ചു ശാസ്ത്രീയമായ വിധം ഉള്ളും പുറവും കണക്കുകള്‍ വരുത്തി, മുറികള്‍ തിരിച്ച്, പരിഷ്കൃത രീതിയില്‍ കെട്ടിടം കെട്ടിയാല്‍ അതിലുള്ള
എല്ലാ പ്രവര്‍ത്തനങ്ങളും, ജീവിതവും ദീര്‍ഘകാലം
നിലനില്‍ക്കുമെന്നു തീര്‍ത്തു പറയാം
കടപ്പാട്
ബ്രഹ്മശ്രീ
മധു. എന്‍. പോറ്റി
കണ്‍സള്‍ട്ടന്‍റ്
ആര്‍ക്കിറ്റെക്റ്റ്
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ഫോണ്‍ 94471 46439
Close...
Maximum Character Allowed -
4000