രണ്ടു വള്ളങ്ങള്‍ തകര്‍ന്നു
ചാവക്കാട്
മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ തിരമാലകളില്‍പ്പെട്ടു തകര്‍ന്നു. അപകടത്തില്‍ നാലു മത്സ്യത്തൊഴിലാളികള്‍ക്കു പരുക്ക്. നാട്ടിക മുറിയാപുരയ്ക്കല്‍ അജീഷിന്‍റെ ഉടമസ്ഥതയിലുള്ള പുഷ്പാഞ്ജലി എന്ന വള്ളവും, തിരുവത്ര അയിനിപ്പുള്ളി മുരളിയുടെ ഉടമസ്ഥതയിലുള്ള കളത്തില്‍ എന്ന വള്ളവുമാണ് ഇന്നലെ മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പ്പെട്ടു തകര്‍ന്നത്. ഇന്നലെ രാവിലെ ഒമ്പതിനു കടപ്പുറം അഞ്ചങ്ങാടിയിലാണു പുഷ്പാഞ്ജലി എന്ന വള്ളം തകര്‍ന്നത്.
ശക്തമായ തിരമാലകളില്‍പ്പെട്ടു നിയന്ത്രണം വിട്ട വള്ളം കടല്‍ഭിത്തിയില്‍ ഇടിച്ചു തകരുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന എന്‍ജിനും, വലയും നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ നാട്ടികയില്‍ നിന്നു മത്സ്യബന്ധനത്തിന് ഇറങ്ങിയതാണു വള്ളം. കടല്‍ ഭിത്തിയില്‍ ഇടിച്ചു തകര്‍ന്ന വള്ളത്തില്‍ നിന്നു വള്ളത്തിലുണ്ടായിരുന്ന ഉടമ അജീഷ്(28), നായരശേരി രാജന്‍ (28), പുരിക്കല്‍ സുഭാഷ് (60) എന്നിവര്‍ തെറിച്ചു വീണതിനെത്തുടര്‍ന്നു പരുക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നിനു തിരുവത്രയില്‍ വച്ചാണു കളത്തില്‍ എന്ന വള്ളം തിരമാലകളില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന നായകന്‍പുരയ്ക്കല്‍ അജയനു പരുക്കേറ്റിട്ടുണ്ട്.
Close...
Maximum Character Allowed -
4000