കൊച്ചിയില്‍ കരാട്ടെ അക്കാഡമി
എന്‍റര്‍ ദ ഡ്രാഗണ്‍ എന്ന സിനിമ ഇറങ്ങിയ കാലം. അന്നു നാട്ടിലെ ചെറുപ്പക്കാരെല്ലാം ബ്രൂസ് ലീ ആയിരുന്നു! മുടി നീട്ടി വളര്‍ത്തി, മീശ വടിച്ചുകളഞ്ഞ്, നെഞ്ച് അല്പം മുന്നോട്ടു തള്ളിപ്പിടിച്ചുള്ള നടപ്പ്. വഴിയിലെവിടെ ഇഷ്ടിക കണ്ടാലും അതെടുത്തുവച്ച് അടിച്ചു പൊട്ടിച്ച് നോവു സഹിച്ച് വീരത്തം തെളിയിച്ചവര്‍ ഏറെ. പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചാണെങ്കില്‍ പറയുകയും വേണ്ട. കരാട്ടെ എന്നാല്‍ അക്കാലത്തു ഹരമായിരുന്നു. ഗ്രാമങ്ങളില്‍പ്പോലും കരാട്ടെ സ്കൂളുകള്‍. ബ്ലാക് ബെല്‍റ്റ്, ബ്രൗണ്‍ ബെല്‍റ്റ് എന്നൊക്കെയുള്ള വാക്കുകള്‍ക്കു പുറമെ, മനുഷ്യനു മനസിലാകാത്ത ചൈനീസ്, ജാപ്പനീസ് വാക്കുകളും ചെറുപ്പക്കാരുടെ നാവിന്‍തുമ്പില്‍ തത്തിക്കളിച്ചു. കരാട്ടെ മാസ്റ്റര്‍മാരുടെ ചിത്രമുള്ള പരസ്യങ്ങള്‍ വഴിവക്കിലൊക്കെ. അല്പം കരാട്ടെയും കുങ്ഫുവും അറിഞ്ഞില്ലെങ്കില്‍ ആണാവില്ലെന്ന ധാരണയായിരുന്നു പരക്കെ. ഷാവലിന്‍ ടെമ്പിള്‍ സിനിമകള്‍ക്ക് തിയെറ്ററുകളില്‍ വലിയ ക്യൂ. അതെല്ലാം വീട്ടില്‍ വന്നു പരീക്ഷിച്ച് കാലും കൈയും ഉളുക്കിക്കിടന്നവരും ഏറെ.
അതൊക്കെ ഒരു കാലം. അത്രയ്ക്കില്ലെങ്കിലും ഇന്നും കരാട്ടെയുടെ ഹരം നിലനില്‍ക്കുന്നു. എന്നാലും സിനിമയില്‍ കണ്ട് അനുകരിച്ച് പ്രശ്നമുണ്ടാക്കണ്ട. ഇതാ വരുന്നൂ, കൊച്ചിയില്‍ ഒരു അക്കാഡമി. ആ അക്കാഡമിയില്‍ സിലബസ് കരാട്ടെ. കേരളത്തില്‍ ഇതാദ്യമായി കരാട്ടെ പഠിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമൊക്കെ ഒരു അക്കാഡമി. നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഇന്‍റര്‍നാഷണല്‍ ഒകിനാവന്‍ ഷോറിന്‍- റ്യൂ സെയ്ബുകാന്‍ കരാട്ടെയുമായി ബുഡോ അക്കാഡമി ഇന്നു പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് ആറിനു കാക്കനാട് ഫോര്‍ട്ട്വാലി ബുഡോ അക്കാഡമിയിലെ ഉദ്ഘാടനചടങ്ങിനു നേതൃത്വം നല്‍കുന്നതു ജപ്പാനിലെ ഒക്കിനാവയില്‍ നിന്നുള്ള ഹാന്‍ഷി സെന്‍പോ ഷിമാബുക്കുറോ. ഏറ്റവും വലിയ മാര്‍ഷ്യല്‍ ആര്‍ട്സ് റാങ്കിങ്ങായ പത്താം ഡാന്‍ റെഡ് ബെല്‍റ്റ് നേടിയയാളാണ് ഇദ്ദേഹം.
കരാട്ടെയില്‍ എട്ടാം ഡാനും കോബുഡോയിലും ഐക്കിഡോയിലും ഏഴാം ഡാനും നേടിയ ജര്‍മന്‍കാരന്‍ സെന്‍സയ് ജെ. മിയസാര, റഷ്യയില്‍ നിന്നുള്ള സെന്‍സയ് അനത്തോളി എന്നിവരും പങ്കെടുക്കും. ജര്‍മനിയില്‍ നിന്നും കരാട്ടേ വിദഗ്ധരുടെ സംഘത്തിനൊപ്പമാണു സെന്‍സയ് ജെ. മിയസാര എത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് തൃക്കാക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മൂന്നു കായിക കലകളും സമന്വയിപ്പിക്കുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ ഒകിനാവന്‍ ഷോറിന്‍- റ്യൂ സെയ്ബുകാന്‍ കരാട്ടെ ദോയുടെ നേതൃത്വത്തിലാണു ബുഡോ അക്കാഡമിയില്‍ പരിശീലനം.
യഥാര്‍ഥ ഒകിനാവന്‍ കരാട്ടെ ശൈലി ലോകമെങ്ങും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1979 ല്‍ യുഎഇ ആസ്ഥാനമായാണ് ഇന്‍റര്‍നാഷണല്‍ ഒകിനാവന്‍ ഷോറിന്‍- റ്യൂ സെയ്ബുകാന്‍ കരാട്ടെ ആരംഭിച്ചത്. ഇതിനു പ്രചാരം നല്‍കിയ സെന്‍സയ് വി.എ. മുഹമ്മദ് ഇക്ബാല്‍, വി.എ. നജീം, സെന്‍സയ് വി.എ.എം. ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണു കൊച്ചിയിലെ ബുഡോ അക്കാഡമി പ്രവര്‍ത്തനം തുടങ്ങുന്നത്. യുഎഇയില്‍ ലഭിച്ച വന്‍ അംഗീകാരമാണു കേരളത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നു സെന്‍സയ് വി. എ. മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. ബുഡെ അക്കാഡമി സ്വപ്നസാഫല്യമാണ്. കരാട്ടെയില്‍ അവസാനവാക്കായ സുപ്രീം സെന്‍സയ് ഷിമാബുക്കുറോ, സെന്‍സയ് മിയസര എന്നിവരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കരാട്ടെ വിദഗ്ധരും ഇത്തരത്തില്‍ സമ്മേളിക്കുന്നത് ഇതാദ്യമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തരനിലവാരത്തില്‍ സജ്ജമാക്കിയിരിക്കുന്ന ബുഡോ അക്കാഡമിയില്‍ റബറൈസ്ഡ് ഫ്ളോറിങ്ങാണുള്ളത്. ഭിത്തിയിലെ കണ്ണാടികള്‍ മുതല്‍ പഞ്ചിങ് ബാഗുകള്‍ വരെയുള്ളവയില്‍ അതിസൂക്ഷ്മത പുലര്‍ത്തിയിരിക്കുന്നു.
Close...
Maximum Character Allowed -
4000