Sunday, February 05, 2012   2:44 AM IST
Supplements
Home>> News>> Kerala News
Kerala News
തീരുമാനം മന്ത്രിതലത്തില്‍
Friday, July 30, 2010
|
|
|
തിരുവനന്തപുരം

അരവിന്ദ്

കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെ റേഷന്‍ വിതരണത്തിനു നല്‍കിയ കടല സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളിലൂടെ ഇരട്ടിവിലയ്ക്കു വിറ്റതു ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നു സൂചന. 2009 - 2010ല്‍ കോര്‍പ്പറേഷന് അധിക ലാഭമുണ്ടാക്കുന്നതിനായിരുന്നു കുറുക്കുവഴി.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ലാഭം കൂട്ടണമെന്നു ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിളിച്ചുവരുത്തി നിര്‍ദേശിച്ചിരുന്നു. മാര്‍ഗങ്ങളും മന്ത്രി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്ന ചില സാധനങ്ങള്‍ക്കു വിലകയറ്റാനുള്ള തന്ത്രം അങ്ങനെയാണു രൂപപ്പെട്ടത്.

ഈ വിവരം പിന്നീട് ചോരുകയും വിവാദമുണ്ടാവുകയും ചെയ്തപ്പോള്‍ മന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ കെ.ബി. വല്‍സലകുമാരി നടത്തിയ അന്വേഷണത്തില്‍, വില കൂട്ടാനുള്ള നിര്‍ദേശം മന്ത്രിയുടേതു തന്നെയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ഇതറിഞ്ഞപ്പോള്‍, ഉയര്‍ത്തിയ വില കുറയ്ക്കാന്‍ നിര്‍ദേശം വന്നു. അഞ്ചുമാസം വിലകൂട്ടി വിറ്റ കടലയ്ക്ക് അങ്ങനെ വില കുറഞ്ഞു.

സംഭവം സംബന്ധിച്ചു ചില തൊഴിലാളി യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യവകുപ്പ് സര്‍ക്കാരില്‍നിന്നു വിശദീകരണം തേടുമെന്നാണു സൂചന. ഈ ആഴ്ച തന്നെ കേന്ദ്ര ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തിയേക്കും.

കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാമിനു 14.95 രൂപയ്ക്കു നല്‍കിയ കടലയ്ക്കാണു വന്‍ തോതില്‍ വിലകയറ്റിയത്. 13.05 രൂപ കൂട്ടി 28 രൂപയ്ക്കു 2009 ഡിസംംബര്‍ മുതല്‍ 2010 ഏപ്രില്‍ ആദ്യവാരം വരെ വിറ്റു. പാക്കിങ് ചാര്‍ജും കയറ്റിറക്കുമതി നിരക്കുകളും ഉള്‍പ്പെടെ ഒരു കിലോയ്ക്ക് ഒരു രൂപയ്ക്കു താഴെ അധികം ഈടാക്കിയാല്‍ മതിയാകുമായിരുന്നു.

പൊതുവിപണിയില്‍ 30 രൂപ മുതല്‍ 36 രൂപവരെ കടലയ്ക്കു വിലയുണ്ടായിരുന്ന സമയത്താണ് സൗജന്യനിരക്കില്‍ ലഭിച്ച കടല ഇരട്ടിവിലയ്ക്കു വിറ്റത്. പൊതുവിപണിയിലേതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ വിലയ്ക്കു കടല സപ്ലൈകോ വഴി ലഭിച്ചതുകൊണ്ടു തട്ടിപ്പ് വെളിപ്പെട്ടില്ല.

കൈകാര്യ ചെലവുകള്‍ ചേര്‍ത്തു കിലോയ്ക്കു 19 രൂപയ്ക്കു വിറ്റാലും ലാഭമുണ്ടാകുമെന്നു വല്‍സലകുമാരി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കിലോയ്ക്ക് 20 രൂപയ്ക്കു വില്‍ക്കാന്‍ മന്ത്രി അനുമതി നല്‍കി. ഇതോടെ ഒരു കിലോയ്ക്ക് ഏകദേശം നാലുരൂപയുടെ ലാഭം കോര്‍പ്പറേഷനു ലഭിച്ചു.

പിഡിഎസ് പദ്ധതി പ്രകാരം റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിനാണു പത്തു രൂപ സബ്സിഡിയോടെ കേന്ദ്രസര്‍ക്കാര്‍ കടല നല്‍കിയത്. 3750 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്നു വാങ്ങി. കടല നല്‍കുമ്പോള്‍ റേഷന്‍ കടകള്‍ വഴി നല്‍കുന്നതിനാണെന്നു കേന്ദ്ര ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ഒരു റേഷന്‍ കടയിലും ഈ കടല എത്തിയില്ല.

സൗജന്യനിരക്കില്‍ ലഭിച്ച കടല വിറ്റതു കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നുറപ്പായപ്പോള്‍ തട്ടിപ്പു മറയ്ക്കാന്‍ പൊതുവിപണിയില്‍നിന്നു കടല വാങ്ങി. 26 രൂപ വരെ കിലോയ്ക്കു നല്‍കിയായിരുന്നു പൊതുവിപണിയില്‍നിന്നുള്ള വാങ്ങല്‍.

രേഖകളുണ്ടാക്കാന്‍ വേണ്ടി നടത്തിയ ഈ ഇടപാടിനും മന്ത്രിതലത്തിലായിരുന്നു അനുമതി. ഈ കടലയ്ക്കു ഗുണനിലവാരം തീരെ കുറവായിരുന്നു. മൂന്നാം തരം കടലയാണ് ഇത്തരത്തില്‍ വാങ്ങിയത്. കേന്ദ്രം നല്‍കിയ ഒന്നാം തരത്തില്‍പ്പെട്ട കടലയുമായി ഇടകലര്‍ത്തിയായിരുന്നു ഇതിന്‍റെ വില്‍പ്പന.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code