Thursday, February 09, 2012   7:10 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
തീറ്റപ്പുല്‍ക്കൃഷിക്കും ടോയ്ലെറ്റുകളിലും ഉപയോഗിക്കും
Friday, July 30, 2010
|
|
|
കോഴിക്കോട്

മെഡിക്കല്‍ കോളെജില്‍ നിന്നുള്ള മലിനജലം ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ ശുദ്ധീകരിച്ചു കാംപസിലെ തീറ്റപുല്‍കൃഷിക്കും ടോയ്ലെറ്റുകളിലും ഉപയോഗിക്കും. ശുദ്ധീകരിച്ച വെള്ളം ഹൗസിങ് കോളനി-ഇരിങ്ങാടന്‍ പള്ളിവഴി കനോലി കനാലിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ടു പരിസരവാസികള്‍ ഉയര്‍ത്തിയ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കലക്റ്ററേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്റ്റര്‍ ഡോ. പി.ബി. സലീം അറിയിച്ചതാണിത്.

ശുദ്ധീകരിച്ച വെള്ളത്തില്‍ രാസഘടകങ്ങളും വിഷാംശങ്ങളും മറ്റും അവശേഷിക്കുമെന്നും വെള്ളം കൊണ്ടുപോവുന്ന പൈപ്പ് ലീക്ക് ചെയ്ത് കിണറും പരിസരവും മലിനമാകാന്‍ സാധ്യതയുണ്ടെന്നും റെസിഡന്‍സ് അസോസിയേഷനുകള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ആറ് ഘട്ടം ട്രീറ്റ്മെന്‍റുകള്‍ക്കു ശേഷം പുറത്തുവരുന്ന വെള്ളം പരമാവധി ശുദ്ധമായിരിക്കുമെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായാണു വെള്ളം കാംപസില്‍തന്നെ ഉപയോഗിക്കുന്നത്.

ശേഷിച്ച വെള്ളം ഒഴുക്കുന്നതുസംബന്ധിച്ച് അന്തിമ തീരുമാനം പുല്‍ക്കൃഷി പദ്ധതി നടപ്പാക്കിതുടങ്ങിയ ശേഷമേ എടുക്കൂവെന്ന് കലക്റ്റര്‍. പുല്‍ക്കൃഷിക്കും ടോയ്ലെറ്റിനും വെള്ളം ഉപയോഗിക്കുന്നതു നിരീക്ഷിക്കാന്‍ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. ടി.പി. അഷ്റഫ് കണ്‍വീനറായി 20 അംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്തെ നാല് കൗണ്‍സിലര്‍മാര്‍, മായനാട് പ്രദേശത്തെ പ്രതിനിധികള്‍, പൈപ്പ് ലൈന്‍ പോകുന്ന പ്രദേശങ്ങളിലെ റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, മെഡിക്കല്‍ കോളെജ് സൂപ്രണ്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ പ്രഥമയോഗം ഓഗസ്റ്റ് 10 നു രാലിലെ 11നു ചെസ്റ്റ് ആശുപത്രി ഹാളില്‍ നടക്കും. ചെസ്റ്റ് ഹോസ്പിറ്റലിനു കീഴക്ക്വശത്തുള്ള ഇരുപതോളം ഏക്കറില്‍ പുല്‍ക്കൃഷി ചെയ്യാമെന്ന നിര്‍ദേശം മില്‍മയാണു മുന്നോട്ടുവച്ചത്. വളര്‍ച്ചയ്ക്കു40 ദിവസം വേണ്ട പുല്ല് കിലോഗ്രാമിന് ഒന്നര രൂപ നിരക്കില്‍ സമീപത്തെ 50 ക്ഷീരസംഘങ്ങള്‍ വഴി കൃഷിക്കാര്‍ക്കു നല്‍കാനാവും.

ഒരാഴ്ചയ്ക്കകം തന്നെ തീറ്റപ്പുല്‍ വിത്തിടാമെന്നാണു പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ കോളെജില്‍ ഒരു ദിവസം ഉപയോഗിക്കുന്ന 40 ലക്ഷം ലിറ്റര്‍ വെള്ളത്തില്‍ 30 ലക്ഷം ലിറ്ററും മലിനജലമായി ട്രീറ്റ്മെന്‍റ് പ്ലാന്‍റിലെത്തും. 6.7 കോടി രൂപ ചെലവിലാണു പ്ലാന്‍റ് നിര്‍മിച്ചത്. ശുദ്ധീകരിച്ച വെള്ളം പൈപ്പ്വഴി കനോലി കനാലിലെത്തിക്കാന്‍ രണ്ടരക്കോടി രൂപ അനുവദിച്ചു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളെജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലും പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളിലും ടോയ്ലെറ്റുകളിലേക്ക് പ്രത്യേകമായി വെള്ളമെത്തിക്കാവുന്ന പ്ലംബിങ് പ്രവൃത്തി നടത്തിയതിനാല്‍ ശുദ്ധീകരിച്ച വെള്ളം വീണ്ടും ഉപയോഗപ്പെടുത്താന്‍ പ്രയാസമുണ്ടാവില്ല.

പഴയ കെട്ടിടത്തിലെ ടോയ്ലെറ്റുകളില്‍ വെള്ളമെത്തിക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് കലക്റ്റര്‍ പറഞ്ഞു. ഇതിനുള്ള ചെലവ് ആശുപത്രി വികസന സമിതിയില്‍ നിന്നു വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. കൃഷിക്കും ടോയ്ലെറ്റുകള്‍ക്കുമായി അഞ്ച് ലക്ഷത്തോളം ലിറ്റര്‍വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

യോഗത്തില്‍ മേയര്‍ എം. ഭാസ്കരന്‍, നഗരസഭാ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കാനങ്ങോട്ട് ഹരിദാസ്, മേലടി നാരായണന്‍, കൗണ്‍സിലര്‍മാരായ സുരേഷ് കുമാര്‍, വാസുണ്ണിക്കുറുപ്പ്, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹര്‍ഷന്‍, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍, സൂപ്രണ്ട് ഡോ. വി. ആര്‍. രാജേന്ദ്രന്‍, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ടി.പി. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code