UDF നിലപാട് വ്യക്തമാക്കണം
തിരുവനന്തപുരം
അട്ടപ്പാടിയിലെ ഭൂമി പ്രശ്നത്തില്‍ 1999ലെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമത്തെപ്പറ്റിയുള്ള യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അട്ടപ്പാടിയില്‍ കാറ്റില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായി സാര്‍ജന്‍ റിയല്‍റ്റേഴ്സ് എന്ന സ്ഥാപനം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള വിവാദങ്ങള്‍. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി കമ്പനി വാങ്ങിക്കൂട്ടിയെന്നാണു പരാതി. ഇതുമായി ബന്ധപ്പെട്ടു 17-5-2010ല്‍ അട്ടപ്പാടി ഐടിഡിപി ഓഫിസര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരുന്നു. കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന കലക്റ്ററുടെ ശുപാര്‍ശയെത്തുടര്‍ന്നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിനു മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കലക്റ്ററുടെ പ്രാഥമികാന്വേഷണത്തില്‍ കാറ്റാടി നിലയത്തിനു വേണ്ടി കമ്പനി വാങ്ങിയ സ്ഥലങ്ങളില്‍ മിക്കതും 1986 നു മുമ്പു കൈമാറ്റം ചെയ്യപ്പെട്ടവയാണെന്നു പറയുന്നു. 1999ലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമം അനുസരിച്ച് 1986 നവംബറിനു മുന്‍പ് ആദിവാസികളില്‍ നിന്നു കൈമാറ്റം ചെയ്യപ്പെട്ട അഞ്ചേക്കറില്‍ താഴെയുള്ള ഭൂമിക്കു നിയമപരിരക്ഷ നല്‍കിയിട്ടുണ്ട്. ഈ നിയമം നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയതാണ്. അഞ്ചേക്കറിനു മുകളിലുള്ള കൈമാറ്റങ്ങളില്‍ അഞ്ചേക്കര്‍ ഒഴികെയുള്ളതു തിരിച്ചെടുത്ത് ആദിവാസികള്‍ക്കു കൊടുക്കാനും, ആദിവാസികള്‍ക്കു നഷ്ടമായതിനു തുല്യമായ ഭൂമി നല്‍കാനുമാണു നിയമത്തില്‍ അനുശാസിക്കുന്നതക്.
1975ലെ ആദിവാസി ഭൂകൈമാറ്റ നിയന്ത്രണവും തിരിച്ചെടുക്കലും നിയമത്തിനു പകരമായാണ് 1999ലെ നിയമം കൊണ്ടുവന്നത്. 1975ലെ നിയമപ്രകാരം 1960 ജനുവരി ഒന്നിനു ശേഷം ആദിവാസികള്‍ നടത്തിയ എല്ലാ കൈമാറ്റവും അസാധുവാക്കി, തിരികെ അവര്‍ക്കു തന്നെ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. 1975ലെ ഈ നിയമം 1982 ജനുവരി ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. 1960നു ശേഷം ആദിവാസി മേഖലയില്‍ ഉത്തമ വിശ്വാസത്തോടെ നടന്ന കൈമാറ്റങ്ങളും ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന സ്ഥിതിയുണ്ടാവുകയും ആദിവാസി ഭൂമി വാങ്ങിയ കര്‍ഷകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സാമൂഹ്യ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യവും ഉത്തമ വിശ്വാസത്തോടുകൂടി ഭൂമി വാങ്ങി കൈവശം വച്ചുവരുന്ന കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കുക എന്ന ഉദ്ദേശ്യവും 1999ലെ നിയമത്തിനു പിന്നിലുണ്ടായിരുന്നു.
എന്നാല്‍, 1986നു മുന്‍പ് ആദിവാസികളില്‍ നിന്നു കൈമാറ്റം ചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനു വേണ്ടി കമ്പനി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണു പ്രതിപക്ഷം ആവശ്യപ്പെട്ടത്.
1982ലെ കൈവശ സ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫിസര്‍ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്‍മേല്‍ നടപടി സ്വീകരിക്കണമെന്നാണു ജനതാദള്‍ നേതാവ് കൃഷ്ണന്‍കുട്ടി ഇന്നലെ ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങളെല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പരിശോധിക്കും.
1999ലെ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെട്ടാല്‍ 1975ലെ നിയമം തിരിച്ചു കൊണ്ടുവരികയായിരിക്കും ഫലം. ഇതു കര്‍ഷകര്‍ക്കു നല്‍കിയ പരിരക്ഷയ്ക്കു വിരുദ്ധമാണ്. ഇത്തരം ഒരു ആവശ്യമാണോ രാഷ്ട്രീയമായി കോണ്‍ഗ്രസും ജനതാദളും യുഡിഎഫും ഉന്നയിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. 1975ലെ നിയമത്തെത്തുടര്‍ന്നു കര്‍ഷകരും ആദിവാസികളും തമ്മിലുണ്ടായിരുന്ന സാമൂഹ്യസംഘര്‍ഷം തിരിച്ചുകൊണ്ടുവരണമെന്നു യുഡിഎഫ് ആഗ്രഹിക്കുന്നുണ്ടോയെന്ന് അവര്‍ വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000