Thursday, February 09, 2012   7:30 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
ചതുശാലാവിന്യാസം
Tuesday, August 03, 2010
|
|
|
വാസ്തു വിശേഷം 12



ദീപ്തി ശൈലജ

ഭാരതത്തിന് വാസ്തുശാസ്ത്രം ഒരു സാങ്കേതിക വിഷയം മാത്രമല്ല ഒരു ദര്‍ശനം കൂടിയായിരുന്നു. സ്ഥാവരങ്ങളും ജംഗമങ്ങളുമായി ഈ ലോകത്തില്‍ എവിടെയൊക്കെ, എന്തൊക്കെ ഉണ്ടോ അവയെല്ലാം വസ്തുവാണ്. ഇത്തരം വസ്തുക്കളില്‍ ശില്‍പി തന്‍റെ ഭാവാത്മകതയും താളാത്മകതയും ചേര്‍ത്ത് ഒരുക്കുമ്പോള്‍ അതു വാസ്തു ആയി മാറുന്നു.

(ഉദാ. മണ്ണില്‍ നില്‍ക്കുമ്പോള്‍ തേക്ക് വൃക്ഷം ആണ് - അപ്പോള്‍ തേക്ക് വസ്തു.

തേക്കിനെ മുറിച്ച്, അതു കൊണ്ടു മേശ പണിയുമ്പോള്‍, ആ മേശയാണു വാസ്തു.)

വസ്തുവിനെ വാസ്തുവായി മാറ്റുമ്പോള്‍ രൂപാന്തരീകരണം നല്‍കുന്നവനത്രേ ശില്‍പി. ശില (ഉപേക്ഷിക്കപ്പെട്ടത്) എന്ന ധാതുവില്‍ നിന്നാണ് ശില്‍പി എന്ന വാക്ക് രൂപപ്പെടുന്നത് . കല്ല്, മരം എന്നിവയൊക്കെ ശിലയാണ്. എന്നാല്‍ ഇന്ന് കല്ലിനെ മാത്രമാണ് ശില എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം വസ്തുക്കളെ (അതായത് കല്ല്, മരം തുടങ്ങിയവ) സ്വന്തം ഭാവനയോടെ പരിപാലിച്ചു മറ്റുള്ളവര്‍ക്കു പാലനം ചെയ്യാന്‍ പാകപ്പെടുത്തി എടുക്കുന്നവനാണു ശില്‍പി. അതു കൊണ്ടാണു വാസ്തുശാസ്ത്രം എന്നതിനെ ശില്‍പിശാസ്ത്രം എന്നും വിളിക്കുന്നത്.

ശാലാവിന്യാസത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ശിഷ്ട ക്രമങ്ങള്‍ അനുസരിച്ചു വരുന്ന യോനികളെക്കുറിച്ചു പറഞ്ഞുവല്ലോ. ശിഷ്ടക്രമം ഒന്നു വന്നാല്‍ ധ്വജയോനി എന്നു കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. ഒരു ഗൃഹത്തിന്‍റെ ദര്‍ശനം ദിക്കുകളിലേക്കു മാത്രമേ പാടുള്ളൂ എന്ന് ആചാര്യന്മാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. (അതായത് കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയാണ് ദിക്കുകള്‍) വിദിക്കുകളിലേക്ക് ദര്‍ശനം പാടില്ല. (തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് മുതലായവ). അങ്ങനെ വന്നാല്‍ അനര്‍ഥങ്ങളുണ്ടാകുമെന്നും ആചാര്യമതം. ധൂമം, കുക്കുരം, ഖരം, വായസം എന്നിവയാണ് വിദിക്കുകളിലേക്കുള്ളവ. ഇവയിലേക്കു ദര്‍ശനം വന്നാലുള്ള ഫലം താഴെ പറയുന്നു. ഗൃഹത്തിലുള്ളവര്‍ക്കു അനുഭവമാകുന്ന ഫലമാണിവ.

ധൂമം = ഭയം; കുക്കുരം = കലഹം; ഖരം = ചാപല്യം; വായസം = വംശനാശം.



ഇങ്ങനെ കണക്കാക്കുമ്പോള്‍ പിന്നെ ഗൃഹത്തിനു ധ്വജം, സിംഹം, വൃഷഭം, ഗജം എന്നീ യോനികള്‍ മാത്രമാകും. ഓരോന്നിന്‍റെയും കണക്കുകളും ഫലങ്ങളും അറിയേണ്ടതുണ്ട്.



ധ്വജം

ഏറ്റവും പ്രാധാന്യമേറിയ ഒന്നാണു ധ്വജം. ശിഷ്ടക്രമം ഒന്നു വരുന്നതിനാല്‍ ഇതിന് ഏകയോനി എന്നും പേരുണ്ട്. എല്ലാ അഭീഷ്ടത്തെയും സാധിച്ചു കൊടുക്കുന്ന സത്വഗുണപ്രധാനിയാണു ധ്വജം. കിഴക്കിനി അഥവാ പടിഞ്ഞാറോട്ടു ദര്‍ശനമുള്ള വീടിന് എടുക്കേണ്ട കണക്ക് ധ്വജം തന്നെ. എന്നാല്‍ നാലു ദിക്കുകളിലേക്കും ദര്‍ശനമുള്ള വീടുകള്‍ക്കും ധ്വജത്തിന്‍റെ കണക്ക് ഉപയോഗിക്കാം. അതു തന്നെയാണ് ധ്വജത്തിന്‍റെ പ്രത്യേകതയും. പല്ലക്ക്, തോണി, വണ്ടി, ബോട്ട്, വിമാനം, കപ്പല്‍ തുടങ്ങി എല്ലാത്തരം വാഹനങ്ങളും പെട്ടി, കൂട്, കിണര്‍, കുളം, പാത്രങ്ങള്‍ മുതലായവ നിര്‍മിക്കുവാനും ആല്‍ത്തറ തുടങ്ങി എല്ലാത്തരം തറകള്‍ക്കും ധ്വജം മാത്രമേ എടുക്കാവൂ എന്നും വിധിയുണ്ട്.



സിംഹം

ശിഷ്ടം മൂന്നു വന്നാല്‍ സിംഹം. ഇതിന് ത്രിയോനി എന്നൊരു പേരു കൂടിയുണ്ട്. തമോഗുണപ്രധാനിയും സമ്പത്തുണ്ടാക്കുന്നവനുമത്രെ സിംഹം. തെക്കിനി അഥവാ വടക്കോട്ടു ദര്‍ശനമായ ഗൃഹത്തിന് വേണ്ടതാണ് സിംഹയോനി. എങ്കിലും പടിഞ്ഞാറ്റിനിക്കും വടക്കിനിക്കും കൂടി സിംഹക്കണക്ക് യോഗ്യമാണ്. ആവണപ്പലക, സിംഹാസനം, കസേര, പീഠം, ബെഞ്ച്, ഡസ്ക്, മേശ തുടങ്ങിയ ഇരിപ്പിടങ്ങള്‍ക്കെല്ലാം ഈ കണക്കു മാത്രമേ പാടുള്ളൂ.



വൃഷഭം

ശിഷ്ടം അഞ്ച് എന്ന സംഖ്യ വന്നാല്‍ വൃഷഭം. പഞ്ചയോനി എന്നും പറയും. തമോഗുണ പ്രധാനമായത് തന്നെ വൃഷഭവും. പുര, പത്തായപ്പുര, പത്തായം തുടങ്ങി ധാന്യങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ വൃഷഭത്തില്‍ തന്നെ നിര്‍മിക്കണം. പടിഞ്ഞാറ്റിനി അഥവാ കിഴക്കോട്ടു ദര്‍ശനമുള്ള വീടിനല്ലാതെ ഒരു ദര്‍ശനവശവും ഈ കണക്ക് ഉപയോഗിച്ചു നിര്‍മിച്ചു കൂടാ. പെട്ടി, കൂട്, കുളം, കിണര്‍ തുടങ്ങിയവയ്ക്കു ഈ കണക്ക് സ്വീകരിക്കുന്നതില്‍ തെറ്റില്ല.



ഗജം

ശിഷ്ടം ഏഴ് എന്ന സംഖ്യ വരുമ്പോള്‍ ഗജയോനി അഥവാ സപ്തയോനിയാകും. രജോഗുണ പ്രധാനിയാണ് ഇത്. വടക്കിനി അഥവാ തെക്കോട്ടു ദര്‍ശനമുള്ള ഗൃഹത്തിനു വിധിച്ചിട്ടുള്ള ഗജം പടിഞ്ഞാറ്റിനിയ്ക്കും ആകാം. ശയനോപകരണങ്ങള്‍ - കട്ടില്‍, സപ്രമഞ്ചം, തൂക്കുകട്ടില്‍, ദിവാന്‍ തുടങ്ങിയവയ്ക്ക് ഗജം മാത്രമേ ഉപയോഗിക്കാവൂ.



ചതുശാലകള്‍ അഥവാ നാലുകെട്ടുകളുടെ ഒന്‍പതു വിധങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം. അതാണ് ഗമനം. ഗമനങ്ങളെക്കുറിച്ചു വിശദമാക്കാം.

നടുമുറ്റം അഥവാ അങ്കണത്തിന്‍റെയും ഗൃഹത്തിന്‍റെയും മധ്യസൂത്രങ്ങള്‍ ഒന്നായി വരുവാന്‍ പാടില്ല. എല്ലാ വസ്തുക്കള്‍ക്കും അവയുടേതായ മധ്യസൂത്രം ഉണ്ട്. (സാങ്കല്‍പ്പികരേഖയായ മധ്യസൂത്രത്തെക്കുറിച്ച് ആദ്യ ലക്കങ്ങളില്‍ പറഞ്ഞിട്ടുണ്ട്.) അങ്കണത്തിന്‍റെയും ഗൃഹത്തിന്‍റെയും മധ്യസൂത്രങ്ങള്‍ ഒന്നായി വന്നാല്‍ വേധം എന്ന ദോഷമാകും. വേധ ദോഷമുണ്ടായാല്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ വംശനാശമാണു ഫലം എന്നും വാസ്തു ശാസ്ത്രം അനുശാസിക്കുന്നുണ്ട്.

അങ്കണ മധ്യസൂത്രത്തില്‍ നിന്നും ഗൃഹമധ്യസൂത്രങ്ങള്‍ നീങ്ങി വേണം വരാന്‍. ഇത്തരത്തില്‍ സൂത്രങ്ങളെ നീക്കുന്നതിനാണ് ഗമനം എന്നു പറയുന്നത്.

ഇതിനെക്കുറിച്ച് അടുത്തയാഴ്ച.



കടപ്പാട്



ബ്രഹ്മശ്രീ മധു എന്‍. പോറ്റി

കണ്‍സല്‍ട്ടന്‍റ് ആര്‍ക്കിറ്റെക്റ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഫോണ്‍- 94471 46439

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code